അടുത്തറിയുക, പാഷന്‍ ഫ്രൂട്ടിനെ
അടുത്തറിയുക, പാഷന്‍ ഫ്രൂട്ടിനെ
Thursday, September 13, 2018 3:36 PM IST
സമശീതോഷ്ണ മേഖലയിലും ഉഷ്ണമേഖലയിലും നന്നായി വളരുന്ന പാഷന്‍ ഫ്രൂട്ടിന് പ്രചാരം കിട്ടിയത് ഡെങ്കിപ്പനിയുടെ വരവോടുകൂടിയാണ്. രക്തത്തിലെ കൗണ്ട് വര്‍ധിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ പാഷന്‍ഫ്രൂട്ട് ഉത്തമമെന്ന് വൈദ്യലോകം വിധിയെഴുതി. ഇതോടെ ആര്‍ക്കും വേണ്ടാതെ പഴുത്തുപോയിരുന്ന പാഷന്‍ ഫ്രൂട്ടിന്റെ വില കിലോയ്ക്ക് നൂറിന് മുകളിലേക്ക് ഉയര്‍ന്നു. ഇന്നും മികച്ച ആരോഗ്യ പാനീയ നിര്‍മാണത്തിന് പാഷന്‍ ഫ്രൂട്ടാണ് ഉപയോഗിക്കുന്നത്. വിറ്റാമിനുകളും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുള്ള പാഷന്‍ഫ്രൂട്ട് പോഷകസമൃദ്ധമാണ്. രക്തധമനികളെ ബലപ്പെടുത്താനും രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. കൊളസ്‌ട്രോളും സോഡിയവും കുറവായതിനാല്‍ എല്ലാവര്‍ക്കും ഭക്ഷിക്കാം. കാന്‍സര്‍, നാഡീരോഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ പഴം ഭക്ഷിക്കുന്നതിലൂടെ ക്ഷീണവും തളര്‍ച്ചയും അകറ്റാന്‍ കഴിയും. മനുഷ്യ ശരീരത്തിലുണ്ടാകുന്ന വിരകളെ നിയന്ത്രിക്കാനും പാഷന്‍ഫ്രൂട്ടിന് കഴിയുമെന്ന് ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു.

പൈനാപ്പിള്‍ കര്‍ഷകനായ വാഴക്കുളത്തെ പേടിക്കാട്ടുകുന്നേല്‍ ബേബി ജോണ്‍, ഈ കൃഷിയുടെ വിജയമാതൃക പിന്‍തുടര്‍ന്നാണ് പാഷന്‍ ഫ്രൂട്ട് കൃഷി ആരംഭിച്ചത്. നെടുങ്കണ്ടത്തും തമിഴ്‌നാട്ടിലെ കമ്പത്തുമായി മുപ്പതേക്കറില്‍ പാഷന്‍ ഫ്രൂട്ട് കൃഷിചെയ്യുന്നു. പാട്ടഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്ത് പാഷന്‍ ഫ്രൂട്ട്കൃഷി ചെയ്യുന്ന മലയാളി കൂടിയാണിദ്ദേഹം. കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പു തുടങ്ങി.

നടീല്‍

സാധാരണ മഞ്ഞ, പര്‍പ്പിള്‍ നിറത്തിലുള്ള പാഷന്‍ ഫ്രൂട്ടാണ് കണ്ടുവരുന്നത്. എട്ടു വര്‍ഷം വരെ വിളവു ലഭിക്കുമെങ്കിലും അഞ്ചു വര്‍ഷത്തെ വിളവിനു ശേഷം റീപ്ലാന്റ് ചെയ്യുന്ന രീതിയാണ് പൊതുവെയുള്ളത്. ആരോഗ്യകരമായി വളരാന്‍ നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഒരു വര്‍ഷം പ്രായമായ ചെടിയുടെ തണ്ടുകള്‍ മുറിച്ചുനട്ടാണ് പൊതുവെ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. നല്ലപോലെ വിളവു ലഭിക്കുന്ന ചെടികളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന പഴങ്ങള്‍, ചെടിയില്‍ നിന്നു തന്നെ പഴുത്ത് തൊണ്ടുകള്‍ ചുളുങ്ങുമ്പോള്‍ പറിച്ചെടുത്ത് വിത്തു ശേഖരിക്കുന്നു. ഈ വിത്തുകള്‍ ശുദ്ധീകരിച്ച് ഉണക്കിയശേഷം പാകിയാണ് തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ആരോഗ്യത്തോടെ മുളച്ച് വരുന്ന തൈകള്‍ക്ക് ഒരടി ഉയരമായാല്‍ കൃഷിയിടത്തിലേക്കു മാറ്റി നടാം.

ഉഴുതുമറിച്ച് നിലമൊരുക്കിയശേഷം തടമെടുത്താണ് തൈകള്‍ നടുന്നത്. തൈകള്‍ നടുന്നതിനു മുമ്പായി സ്ഥലത്തിന്റെ കിടപ്പനുസരിച്ച് പന്തലൊരുക്കുന്നത് നല്ലതാണ്. തൈകള്‍ വളര്‍ന്നശേഷം പന്തലൊരുക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇതുമൂലം ഒഴിവാക്കാം. രണ്ടടി ചതുരത്തിലും ആഴത്തിലുമുള്ള കുഴികളെടുത്ത് അടിവളമായി ചാണകവും എല്ലുപൊടിയും കമ്പോസ്റ്റും ചേര്‍ത്ത് മേല്‍മണ്ണിട്ടു മൂടിയാണ് തടമെടുക്കേണ്ടത്. നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. ചുവട്ടില്‍ വര്‍ഷകാലത്ത് മഴവെള്ളം കെട്ടിനില്‍ക്കരുത്. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളാണ് നടീലിന് ഉചിതം. ഒരേക്കറില്‍ ഏകദേശം 250 തൈകള്‍ നടാന്‍ കഴിയും. ഒരു തടത്തില്‍ തുല്യ അകലത്തില്‍ മൂന്നോ നാലോ തൈകള്‍ നടാവുന്നതാണ്. തടങ്ങള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം ഉണ്ടായിരിക്കണം.

പരിചരണം

നമ്മുടെ നാട്ടില്‍ തുടര്‍ച്ചയായി അഞ്ചുവര്‍ഷം വരെ പാഷന്‍ഫ്രൂട്ടില്‍ നിന്നും മികച്ച വിളവു ലഭിക്കും. ഹൈറേഞ്ച് മേഖലയില്‍ എട്ടു വര്‍ഷത്തോളം പ്രതീക്ഷിക്കാം. അനുകൂലമായ കാലാവസ്ഥയാണെങ്കില്‍ തുടര്‍ച്ചയായി പുഷ്പിക്കുകയും കായ്ഫലം ഉണ്ടാവുകയും ചെയ്യും. വിവിധ രാജ്യങ്ങളിലായി അറുനൂറിലേറെ ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ചുവന്ന നിറത്തിലുള്ള മൗണ്ടന്‍ സ്വീറ്റ്, മഞ്ഞ നിറത്തിലുള്ള ഗോള്‍ഡന്‍ ഫ്രൂട്ട് എന്നിവയാണ് നമുക്കു ചുറ്റുമുള്ള ഇനങ്ങള്‍. പല നിറത്തിലും വലിപ്പത്തിലും രൂപത്തിലുമുള്ള പാഷന്‍ ഫ്രൂട്ടിന്റെ മറ്റൊരു ഇനമാണ് ആകാശവെള്ളരി. ജയന്റ് ഗ്രനാഡില്ലയും പാഷന്‍ഫ്രൂട്ട് എന്നാണ് ഇതിന്റെ ശരിയായ പേര്.


വേനല്‍ക്കാലത്ത് നന അത്യാവശ്യമാണ്. ഓരോ ചെടിക്കും അവശ്യം വേണ്ട ജലം ലഭിക്കുന്ന തരത്തില്‍ തുള്ളിനന സംവിധാനം ഒരുക്കണം. നന കുറഞ്ഞാല്‍ വളര്‍ച്ചയും കായ്പിടിക്കലും കുറയും. ജലക്ഷാമം മൂലം കായ്കള്‍ മുരടിച്ചു പോകാനും സാധ്യതയുണ്ട്. മൂന്നു മാസം കൂടുമ്പോള്‍ കമ്പോസ്റ്റു വളം ചെടികളുടെ വളര്‍ച്ചയ്ക്കനുസരിച്ച് നല്‍കിയാല്‍ മികച്ച വിളവുറപ്പാക്കാന്‍ കഴിയുമെന്നാണ് ബേബിജോണിന്റെ അഭിപ്രായം. കമ്പോസ്റ്റിനു പകരമായി ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും നല്‍കിയാല്‍മതി. വ്യാവസായിക കൃഷിയില്‍ ചിലര്‍ രാസവളങ്ങളും ചേര്‍ക്കാറുണ്ടെങ്കിലും ആരോഗ്യപഴമെന്ന നിലയില്‍ ജൈവകൃഷിക്കാണ് മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

പാഷന്‍ഫ്രൂട്ടിന് പൊതുവെ രോഗ-കീടബാധകള്‍ വളരെ കുറവാണ്. പരിപാലനം കുറഞ്ഞാല്‍ ചെടികളുടെ വളര്‍ച്ച മുരടിച്ചു നശിക്കുമെന്ന ഓര്‍മ്മയും കര്‍ഷകനുണ്ടാകണം. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് ചെടികളുടെ ഉണങ്ങിയതും മൂത്തതുമായ ഇലകളും ഉണങ്ങിയ ശിഖരങ്ങളും നീക്കം ചെയ്ത് സൂര്യപ്രകാശ ലഭ്യത ഉറപ്പാക്കണം. പുഷ്പിച്ച് തുടങ്ങുന്നതിനു മുമ്പും കായ്കള്‍ ഉണ്ടായതിനുശേഷവും കായ്കള്‍ പറിച്ചെടുത്ത് കഴിയുമ്പോഴും വളപ്രയോഗം നടത്തുന്ന രീതിയാണ് ഉത്പാദനവര്‍ദ്ധനവിന് നല്ലത്. ഓരോ വര്‍ഷവും ആരോഗ്യമില്ലാത്ത ശിഖരങ്ങള്‍ വിളവെടുപ്പിനു ശേഷം നശിപ്പിച്ചു കളഞ്ഞാല്‍ പുതിയശിഖരങ്ങളുണ്ടായി കൂടുതല്‍ ഫലങ്ങളുണ്ടാകും.

വിളവെടുപ്പ്

വളക്കൂറുള്ള മണ്ണും അനുകൂലമായ കാലാവസ്ഥയും നല്ല പരിചരണവും ഉണ്ടെങ്കില്‍ വര്‍ഷത്തില്‍ രണ്ടു വിളവ് ലഭിക്കും. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ആദ്യ വിളവെടുപ്പു നടത്തിക്കഴിഞ്ഞാല്‍ നവംബര്‍ മുതല്‍ ജനുവരി വരെ രണ്ടാമത്തെ വിളവെടുക്കാന്‍ കഴിയും. സാധാരണ ഗതിയില്‍ ഒരു ഹെക്ടറില്‍ നിന്ന് പത്തുടണ്‍ വരെ വിളവു ലഭിക്കും. ചെടികള്‍ നട്ട് ആറുമാസം കഴിയുമ്പോള്‍ പുഷ്പിച്ചു തുടങ്ങും. ഒരു കായ് പഴുത്ത് പറിച്ചെടുക്കാന്‍ രണ്ടരമാസം വേണം. ആദ്യകൃഷിയില്‍ നിന്നുള്ള പഴങ്ങള്‍ പഴമായി വില്‍ക്കാനുള്ള ശ്രമത്തിലാണ് ബേബിജോണ്‍.

പാഷന്‍ ഫ്രൂട്ടിന് നിലയും വിലയും വിപണിയും വര്‍ധിക്കുകയാണ്. ആരോഗ്യത്തെക്കുറിച്ചുള്ള ഉത്കണ്ഠ പെരുകിയ ജനം പഴങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നു. സര്‍വതും വിഷമയം എന്ന കാഴ്ചപ്പാട് വര്‍ധിച്ചതോടെ വിഷമില്ലാത്ത ആരോഗ്യ ഭക്ഷ്യവസ്തുക്കള്‍ തേടിയുള്ള യാത്ര ആരംഭിച്ചു. പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ പുറത്തു വന്നതോടെ ഡിമാന്‍ഡ് വര്‍ധിച്ചു. പഴത്തേക്കാള്‍ കൂടുതല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് നഗരവാസികള്‍ തേടുന്നത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നെല്ലിയാമ്പതിയിലെ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ നിന്ന് പാഷന്‍ഫ്രൂട്ടിന്റെ സ്‌ക്വാഷും ജാമും ജെല്ലിയും ലഭ്യമാണ്.

ഒന്നോ രണ്ടോ തൈകള്‍ ഒരു വീട്ടില്‍ നട്ടു പിടിപ്പിച്ചാല്‍ ആവശ്യത്തിനുള്ള പഴം ലഭിക്കും. സ്ഥലമില്ലാത്തവര്‍ക്ക് ടെറസില്‍ പന്തലൊരുക്കി വളര്‍ത്താനും കഴിയുമെന്നാണ് ഈ കര്‍ഷകന്റെ അഭിപ്രായം. ഇതിനായി നല്ലൊരു കാര്‍ഷിക മനസ് ഉണ്ടാണമെന്ന് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബേബി ജോണ്‍-9747486060

നെല്ലി ചെങ്ങമനാട്‌