ജീവിതകഥയില്‍ അമ്മയുടെ പേര് എഴുതാത്ത ലക്ഷ്മിപ്രിയ
ജീവിതകഥയില്‍ അമ്മയുടെ പേര് എഴുതാത്ത ലക്ഷ്മിപ്രിയ
Friday, December 13, 2019 3:44 PM IST
സത്യന്‍ അന്തിക്കാട് പറഞ്ഞു, ലക്ഷ്മിപ്രിയ എഴുത്ത് തുടങ്ങി. ലക്ഷ്മിപ്രിയയുടെ 'കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല' എന്ന പുസ്തകം ഈ മാസം പുറത്തിറങ്ങി. ജീവിത കഥയില്‍ സ്വന്തം അമ്മയുടെ പേരുപോലും എഴുതിച്ചേര്‍ക്കാന്‍ തയാറാകാത്ത ലക്ഷ്മിപ്രിയ അതിനുള്ള കാരണവും സ്ത്രീധനത്തോട് വിശദീകരിക്കുന്നു. ഈ പുസ്തകം ഒരു വിവാദത്തിലേക്ക് നയിക്കാനുള്ളതല്ല. അതുകൊണ്ടു തന്നെ പലരുടെയും പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. വെളിപ്പെടുത്തിയിട്ടുള്ള പേരുകളെല്ലാം സത്യമാണ്. കഥയും കഥാപാത്രങ്ങളും ഓര്‍മകളായി ലക്ഷ്മി പ്രിയ എഴുതി വയ്ക്കുന്നു. 'സത്യനങ്കിളാണ് (സത്യന്‍ അന്തിക്കാട്) എഴുതണമെന്ന് ആവശ്യപ്പെട്ടത്. വലിയ സാഹിത്യമോ ഭാവനാസൃഷ്ടികളോ ഒന്നുമില്ലാതെയാണ് എഴുതി തുടങ്ങിയത്. എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചതും അറിഞ്ഞതും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ഞാനും ഒരു ഡിവോഴ്‌സിന്റെ ഇരയാണ്. അതു കൊണ്ടാണ് അമ്മയുടെ പേര് പ്രതിപാദിക്കാത്തത്. കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും വേദനകളും കാണുമ്പോള്‍ ഞാന്‍ അനുഭവിച്ചതെല്ലാം ഓര്‍മ വരും. തൊടുപുഴയില്‍ അമ്മ മൂലം മരിച്ച കുട്ടിയെക്കുറിച്ചോര്‍ത്തപ്പോഴാണ് എഴുത്ത് തുടങ്ങിയത്. മനസിലുള്ളതെല്ലാം പകര്‍ത്തി. വിവാഹമോചനം ഉണ്ടാകുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന വേദന ആരും മനസിലാക്കുന്നില്ല. അവര്‍ക്ക് എന്തെല്ലാം നല്‍കിയാലും കുട്ടികളുടെ മനസില്‍ ഉണ്ടാകുന്ന മുറിപ്പാട് അവസാനം വരെ നിലനില്‍ക്കും. അത് അവരുടെ ജീവിതത്തിലും ഉണ്ടാകും.

ഞാന്‍ അഹങ്കാരിയല്ല

എന്റെ നിലപാടുകളില്‍ ഞാന്‍ ബോള്‍ഡാണ്. പക്ഷേ, അഹങ്കാരിയല്ല. സിനിമയില്‍ അത്തരമൊരു പേരുണ്ടോ എന്ന സംശയമുണ്ട്. അതെല്ലാം തെറ്റാണെന്ന് എന്നെ അറിയാവുന്ന എല്ലാവര്‍ക്കും പ്രത്യേകിച്ചു സിനിമ മേഖലയിലെ സഹപ്രവര്‍ത്തകര്‍ക്ക് അറിയാം. എന്തുകൊണ്ട് ഞാന്‍ ബോള്‍ഡാകുന്നുവെന്ന ചോദ്യത്തിന് ഉത്തരമാണ് ഈ പുസ്തകം. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനിച്ചത്. നര്‍ത്തകിയായി കലാരംഗത്തേക്കു പ്രവേശിച്ചു. 15 വര്‍ഷമായി സിനിമ അഭിനേത്രിയായി 186 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. സിനിമ, സീരിയല്‍, നാടകം എന്നിങ്ങനെ ഏതു മേഖലയിലും കൈയൊപ്പ് വയ്ക്കാന്‍ സാധിച്ചു. ഏതു വിഷയത്തിലും എന്റെ നിലപാട് വ്യക്തമാക്കാറുണ്ട്. അതു മറ്റുള്ളവരെ വേദനിപ്പിക്കാന്‍ ആണെന്ന ധാരണ തെറ്റാണ്. എല്ലാവരെയും ഞാന്‍ ബഹുമാനിക്കാറുണ്ട്.

? സിനിമയില്‍ സജീവമാണോ

സിനിമയ്ക്ക് അവധി കൊടുക്കാറില്ല. മോളെ ഗര്‍ഭിണിയായിരിക്കുന്ന സമയത്തുപോലും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ, സിനിമയില്‍ അവസരങ്ങള്‍ വരുന്നില്ല. അത്ര തിരക്കില്ലാത്ത സമയമാണ്. എന്തുകൊണ്ട് സജീവമാകുന്നില്ല എന്നുചോദിച്ചാല്‍ അവസരം ലഭിക്കുന്നില്ല. എന്നെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ട്. അത് തുടക്കകാലം മുതല്‍ ഉണ്ടായിരുന്നു. അതും പ്രശസ്ത സംവിധായകരുടെ കൂടെതന്നെയാണ്. അവസരം കുറയുമ്പോള്‍ വലിഞ്ഞു കയറിച്ചെന്ന് അവസരം ചോദിക്കുന്ന രീതി എനിക്കില്ല. കഥ തുടരുന്നു എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം ധാരാളം അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നിട്ടും ആറുമാസം കഴിഞ്ഞാണ് മറ്റൊരു സിനിമയില്‍ അഭിനയിച്ചത്. ഒരു പക്ഷേ, കാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ക്ക് അവസരം കുറയുന്നതു കൊണ്ടായിരിക്കാം, അല്ലെങ്കില്‍ ലക്ഷ്മിപ്രിയ ഈ ചിത്രത്തില്‍ വേണ്ടെന്നു തീരുമാനിക്കുന്നതുകൊണ്ടായിരിക്കാം. രണ്ടായാലും എനിക്ക് പ്രശ്‌നമില്ല.

? സിനിമ മാറിയോ

സിനിമ ധാരാളം മാറി. പണ്ടൊക്കെ ചെറിയ ബജറ്റില്‍ നിറഞ്ഞ സിനിമകള്‍ ഇന്നു കോടികളിലേക്ക് മാറി. നടനും നടിക്കും മാത്രമായി സിനിമ വലുതായപ്പോള്‍ സിനിമയുടെ ഉള്ളു ചുരുങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ക്ക് അത്ര വലിയ പ്രാധാന്യമില്ല. പ്രതിഫലത്തിന്റെ കാര്യത്തിലും അതു പ്രതിഫലിക്കുന്നുണ്ട്. കാരക്ടര്‍ റോളുകള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലം കുറഞ്ഞു. എന്നാല്‍ നടനും നടിക്കും അതു കൂടുകയും ചെയ്തു. പഴയതു പോലെ ജോലി ചെയ്യുന്നു. പ്രതിഫലം കുറയുന്നു. സിനിമ ഒരു കൂട്ടായ്മയായി വളര്‍ന്നു. ചെറുപ്പക്കാര്‍ രംഗത്തേക്ക് വന്നു. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ ചെറിയ ബജറ്റില്‍ സിനിമയെടുക്കാന്‍ വരുന്നു. അത് വിജയിപ്പിക്കുന്നു. പണത്തിനു പോലും പ്രശ്‌നമില്ല. ഇതൊരു നല്ല സൂചനയാണ്. സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവസരങ്ങളാകുന്നു.


എഴുത്തുകാരി

എഴുത്തുകാരിയൊന്നുമല്ല. വായനയാണ് ഇഷ്ടം. പുസ്തകങ്ങളോട് ഇഷ്ടമാണ്. സമ്മാനമായി ഒരു പുസ്തകം ലഭിച്ചാല്‍ അതാണ് സന്തോഷം. സാഹചര്യവശാല്‍ എഴുതിയെന്നുമാത്രമേയുള്ളൂ.

ഹിഡിംബി തന്ന ധൈര്യം

അഭിനയം ഏറെ ഇഷ്ടമാണെങ്കിലും യാദൃച്ഛികമായാണ് 'ഹിഡിംബി' നാടകത്തിലെത്തിയത്. ഒരിക്കല്‍ വിദ്യാധരന്‍ മാഷാണ് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചത്. തികച്ചും വ്യത്യസ്തമായ വേഷം. ഒരു ധൈര്യത്തില്‍ നാടകം ചെയ്യാമെന്നേറ്റു. ശാരീരികവും മാനസികവുമായി ഹിഡിംബിയെന്ന കഥാപാത്രമായി മാറാനുള്ള ഒരുക്കങ്ങളുടെ ദിനം. പത്തു ദിവസം കൊണ്ട് ദീര്‍ഘമായ ഡയലോഗുകളുള്‍പ്പെടെ പഠിച്ച് നാടകം അരങ്ങിലെത്തിച്ചു. 2015 മാര്‍ച്ച് 28ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിലായിരുന്നു നാടകത്തിന്റെ ആദ്യാവതരണം. പൂര്‍ണ്ണവിജയം. അനുമോദനങ്ങള്‍. നാടകം തുടരാന്‍ ഇതൊരു ധൈര്യമായി. ഭര്‍ത്താവ് ജയേഷിന്റെ സഹായം നാടകത്തെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഇടയാക്കി.

മാതൃത്വത്തിന്റെ മഹത്വം

അമ്മ എന്നതു വലിയ പദവിയാണെന്നു ഞാന്‍ മനസിലാക്കുന്നു. പന്ത്രണ്ട് വര്‍ഷക്കാലം പ്ലാനിംഗ് പ്ലാനിംഗ് എന്നു പറഞ്ഞു കുഞ്ഞുവേണ്ടെന്നു വച്ചതിന്റെ വേദന ഞങ്ങള്‍ അനുഭവിച്ചതാണ്. അതിന്റെ സങ്കടം ഒത്തിരി അനുഭവിച്ചു. അതിനുശേഷമാണ് കുഞ്ഞു വരുന്നത്. സ്ത്രീപൂര്‍ണതയില്‍ എത്തുന്നത് അവള്‍ അമ്മയാകുമ്പോഴാണ്. കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ ദാനമാണ്. സെലിബ്രിറ്റികള്‍ കുഞ്ഞുങ്ങള്‍ വേണ്ട, പ്രസവിക്കുന്നത് ഇഷ്ടമില്ല എന്നും പറയുമ്പോള്‍ അതു സമൂഹത്തിനു നല്‍കുന്നതു തെറ്റായ സന്ദേശമാണ്. ഒരു കുഞ്ഞിനുവേണ്ടി വേദനിക്കുന്നവര്‍ ധാരാളമുണ്ട് ഈനാട്ടില്‍. അപ്പോഴാണ് ദൈവം നല്‍കുന്ന ദാനം വേണ്ടെന്നു വയ്ക്കുന്നത്. സെലിബ്രിറ്റികള്‍ ഇതെല്ലാം പരസ്യമായി വിളിച്ചു പറയുന്നതാണ് തെറ്റ്. അവര്‍ക്ക് വേണ്ടെങ്കില്‍ വേണ്ട. എന്തിനാണ് വിളിച്ചു പറയുന്നത്. സ്ത്രീകളില്‍ എല്ലാവരും അമ്മയാകാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതെല്ലാം എന്റെ പുസ്തകത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. അയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളുടെ മുഖത്ത് അടിക്കുന്നതിനു തുല്യമാണ്. എന്റെ മാതാംഗി എന്ന മാതുവിനെ പരിപാലിക്കാന്‍ ഞങ്ങള്‍ക്ക് ആരുമില്ലായിരുന്നു. ഞാനും ഏട്ടനും മാത്രമായിരുന്നു കുട്ടിയെ നോക്കിയത്. വെറും ഏഴുമാസത്തില്‍ ഉണ്ടായ കുിട്ടയായിരുന്നു. അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും കുഞ്ഞിനുണ്ടായിരുന്നു. എങ്കിലും ദൈവം ഞങ്ങളെ കാത്തു.


? സിനിമയില്‍ കയ്‌പേറിയ അനുഭവം

19ാമത്തെ വയസിലാണ് സിനിമയിലേക്ക് വരുന്നത്. സിനിമ തന്ന സൗഭാഗ്യങ്ങളാണ് എനിക്കുള്ളത്. ഒരു കയ്‌പേറിയ അനുഭവവും എനിക്കുണ്ടായിട്ടില്ല. സിനിമയില്‍ നിന്നു കൊണ്ടു സിനിമയെ കുറ്റം പറയുന്നവര്‍ നിര്‍ത്തിപോകണം. ഇപ്പോള്‍ അത്തരം പ്രവണത വര്‍ധിച്ചു വരുന്നുണ്ട്. ഒന്നോ രണ്ടോ സിനിമയില്‍ അഭിനയിച്ചു കഴിയുമ്പോള്‍ എല്ലാം ആയി എന്നു ചിന്തിക്കുന്നവരുടെ ഇടയിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
ജോഷി സംവിധാനം ചെയ്ത 'നരന്‍' ആണ് ആദ്യ സിനിമ. ലയണ്‍, ചക്കരമുത്ത്, നിവേദ്യം, ഭാഗ്യദേവത, കഥ തുടരുന്നു, മോളി ആന്റി റോക്ക്‌സ് എന്നിങ്ങനെ 186 ഓളം സിനിമകളില്‍ അഭിനയിച്ചു. ഏറ്റവുമൊടുവില്‍ കമലിന്റെ 'ആമി'യിലും ശ്രദ്ധേയമായ വേഷം ചെയ്തു.

കുടുംബം

കലാരംഗത്തെ എന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രചോദനം നല്‍കുന്നത് ഭര്‍ത്താവ് ജയേഷാണ്. കൊച്ചിയില്‍ സംഗീത വിദ്യാലയം നടത്തുന്ന ജയേഷ് സംഗീതജ്ഞന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ്. അദ്ദേഹമൊരു തിരക്കഥാകൃത്തും നാടകനടനും കൂടിയാണ്. മകള്‍ മാതാംഗി ജയ്. ഞങ്ങള്‍ എറണാകുളം കാക്കനാട് അസറ്റ് ഹോംസ് സൈബര്‍ ഹൈറ്റ്‌സിലാണ് താമസിക്കുന്നത്.

ജോണ്‍സണ്‍ വേങ്ങത്തടം
ഫോട്ടോ: അഖില്‍ പുരുഷോത്തമന്‍