കംപ്യൂട്ടറും നേത്രപരിചരണവും
കംപ്യൂട്ടറും നേത്രപരിചരണവും
Monday, June 17, 2019 3:12 PM IST
കംപ്യൂട്ടര്‍ ഇപ്പോള്‍ എല്ലാ മേഖലകളിലും ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു സംവിധാനമായി മാറിക്കഴിഞ്ഞു. വളരെ മണിക്കൂറുകള്‍ കംപ്യൂട്ടറിനു മുമ്പില്‍ ചിലവിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നേത്രപരിചരണവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനാകും.

കണ്ണിന്റെ സംരക്ഷണം

കണ്ണിന്റെ പേശികളുടെ പ്രവര്‍ത്തനവും കണ്ണുനീരിന്റെ ഘടനയും അളവും കണ്ണുകളുടെ ആരോഗ്യത്തിന് വളരെ ആവശ്യമാണ്. കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ കണ്ണുകളുടെ ജലാംശം നഷ്ടപ്പെടുന്നതുമൂലം കണ്ണുകള്‍ക്കുണ്ടാകുന്ന വരള്‍ച്ച, കണ്ണിലെ പേശികള്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം വരുന്നതു മൂലമുണ്ടാകുന്ന തലവേദന, കൂടെക്കൂടെ കണ്ണ് ചിമ്മുക, കണ്ണ് വേദന എന്നിവ സാധാരണയായി കണ്ടുവരുന്നുണ്ട്.

കംപ്യൂട്ടര്‍ ഉപയോഗം തുടങ്ങിയതിനു ശേഷം തലവേദന, കണ്ണുകള്‍ക്ക് വരള്‍ച്ച, കണ്ണില്‍ നിന്ന് വെളളം വരുക, കൂടെക്കൂടെ കണ്ണ് ചിമ്മുക, കണ്ണുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നേത്രപരിശോധന നടത്തി കാഴ്ചത്തകരാര്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. അതിനുശേഷം കണ്ണട ആവശ്യമുളളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കണ്ണട നിര്‍ബന്ധമായും ഉപയോഗിക്കുക.

കണ്ണിനും വേണം വിശ്രമം

ചിലര്‍ക്ക് ജോലി സംബന്ധമായി കംപ്യൂട്ടറിനു മുമ്പില്‍ മണിക്കൂറുകള്‍ ചിലവിടേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ ഇടയ്ക്ക് കണ്ണുകള്‍ക്ക് വിശ്രമം കിട്ടാനായി ദൂരെയുളള ഏതെങ്കിലും വസ്തുവിലേയ്ക്ക് കുറച്ചുനേരം നോക്കണം. കണ്ണുകള്‍ ഇടയ്ക്കിടയ്ക്ക് ചിമ്മി തുറക്കുന്നതും നല്ലതാണ്. കണ്ണുകള്‍ക്ക് വരള്‍ച്ച ഉള്ളവരാണെങ്കില്‍ കണ്ണിലെ ജലാംശം കൂട്ടുവാനായി ഐ ലൂബ്രിക്കന്റ്‌സ് (Eye Lubricants) ഉപയോഗിക്കാവുന്നതാണ്.

കംപ്യൂട്ടര്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്ന ആളുകളാണെങ്കില്‍ ജോലി സമയം കഴിഞ്ഞ് വീട്ടില്‍ വന്നാല്‍ വീണ്ടും കംപ്യൂര്‍, മൊബൈല്‍ ഗെയിമുകള്‍, അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയ പ്രവൃത്തികളില്‍ കഴിവതും ഏര്‍പ്പെടാതിരിക്കുക. കണ്ണുകള്‍ക്ക് പരമാവധി വിശ്രമം കൊടുക്കണം. കണ്ണുകള്‍ക്ക് ആരോഗ്യം ഉതകുന്ന ചില ചെറു വ്യായാമങ്ങള്‍ പരിശീലിക്കുന്നതും കണ്ണിന് വിശ്രമം നല്കും. കണ്ണുകള്‍ ഇടത്തോും വലത്തോും മുകളിലേക്കും താഴേക്കും വട്ടത്തിലും ചലിപ്പിക്കുന്നതും ഈ പരിശീലനത്തില്‍ ഉള്‍പ്പെടും.


കംപ്യൂട്ടര്‍ മുറി ഒരുക്കുമ്പോള്‍

കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന മുറിയില്‍ ആവശ്യത്തിന് വെളിച്ചം ഉണ്ടായിരിക്കണം. ഒരിക്കലും മങ്ങിയ വെളിച്ചത്തില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പാടില്ല. പ്രകാശത്തിന്റെ പ്രതിഫലനം നേരിട്ട് കണ്ണിലേക്കോ കംപ്യൂട്ടര്‍ സ്‌ക്രീനിലേക്കോ അടിക്കരുത്. കംപ്യൂട്ടറിന്റെ സ്ഥാനം, ഉപയോഗിക്കുന്ന ആളുടെ ദൃഷ്ടിയുടെ താഴെയോ അല്ലെങ്കില്‍ ദൃഷ്ടിയുടെ നേര്‍രേഖയിലോ ആയിരിക്കണം. കംപ്യൂട്ടറിന്റെ സ്ഥാനം ഒരിക്കലും ഉപയോഗിക്കുന്ന ആളുടെ ദൃഷ്ടിയുടെ മുകളില്‍ ആവരുത്.

കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ആന്റി റിഫള്ക്ഷന്‍ കോട്ടിംഗ് ( Anti R-eflection Coating) ഉളള തരം കണ്ണടകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇവ അനാവശ്യ കിരണങ്ങള്‍ കണ്ണിലേക്ക് പതിക്കുന്നത് തടയുന്നു. വെള്ളെഴുത്ത് (Presbyopia) ഉളളവര്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ കഴിവതും പ്രോഗ്രസീവ് കണ്ണടകള്‍ (Progressive Glasses)െ തിരഞ്ഞെടുക്കുക. ഇത്തരം കണ്ണടകള്‍ ആണെങ്കില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന അകലം അനുസരിച്ച് കാഴ്ച ലഭ്യമാക്കും. മറ്റ് തരം കണ്ണടകള്‍ ആണെങ്കില്‍ പ്രത്യേകമായി തിരിച്ചിരിക്കുന്ന വായിക്കാനുളള ഭാഗത്തു കൂടി (Reading Area) മാത്രമേ കാഴ്ച ശരിയായി ലഭിക്കുകയുളളൂ. ചുരുക്കത്തിലെ ജോലിഭാരം കുറയ്ക്കുന്നതിനായി ഫയല്‍ ഉപയോഗിക്കുന്ന സ്ഥാനം കംപ്യൂട്ടര്‍ കൈയടക്കിയ പുതിയ തലമുറയില്‍ നേത്രപരിചരണവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നു.

ഡോ.റാണി ജോസഫ്
കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ്, ലൂര്‍ദ് ആശുപത്രി, എറണാകുളം