സജ്‌നയ്ക്കിത് സംഗീതജീവിതം
സജ്‌നയ്ക്കിത് സംഗീതജീവിതം
Monday, March 11, 2019 3:04 PM IST
യുവസംഗീതജ്ഞ, നര്‍ത്തകി, അവതാരക, അസിസ്റ്റന്റ് പ്രഫസര്‍...തിരുവനന്തപുരം സ്വദേശി സജ്‌ന വിനീഷിന് വിശേഷണങ്ങള്‍ അനവധിയാണ്. എന്നാല്‍ സജ്‌നയെ ഇപ്പോള്‍ വ്യത്യസ്തയാക്കുന്നത് മറ്റൊന്നാണ്. സൂര്യയുടെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് നടത്തിയ 'ഗണേശ'ത്തില്‍ 42 മണിക്കൂര്‍ തുടര്‍ച്ചയായി പാടിയാണ് സജ്‌ന ലോക റിക്കാര്‍ഡിട്ടത്. ജനുവരി 21 പുലര്‍ച്ചെ ആരംഭിച്ച സംഗീത പരിപാടി അവസാനിച്ചത് 22നാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജ് അസിസ്റ്റന്റ് പ്രഫസറായ സജ്‌ന വിനീഷിന്റെ കര്‍ണാടക സംഗീതമാരത്തണ്‍ വിശേഷങ്ങളിലേക്ക് ....

ലോക റിക്കാര്‍ഡിലേക്ക്

സന്തോഷമുണ്ട്. എന്നാല്‍ ഞാന്‍ പാടിയ ഈ 42 മണിക്കൂറും എന്‍േറതല്ല. പാടിയ കഴിവും എന്‍േറതല്ല. അത് ഈശ്വരന് അങ്ങനെ സമര്‍പ്പിക്കുകയാണ്. നാല്പത്തിരണ്ട് മണിക്കൂര്‍ നീണ്ട സംഗീത മാരത്തണ്‍ അവസാനിച്ചപ്പോള്‍ മാധ്യമങ്ങളോട് ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ്. ഇപ്പോഴും അതു തന്നെ പറയുന്നു. എല്ലാം ഈശ്വരന്റെതാണ്. എനിക്ക് ഒരു അവകാശവുമില്ല.

കര്‍ണാടക സംഗീത മാരത്തണ്‍

കര്‍ണാടക സംഗീതത്തോടൊപ്പം ഗാനവേദികളിലും ഞാന്‍ സജീവമായിരുന്നു. ചലച്ചിത്രഗാനലോകം ഏറെ ഇഷ്ടമുള്ള ഒരു ഫീല്‍ഡാണ്. ഗാനരംഗത്ത് നിന്നും ഒരിടവേളയില്‍ എനിക്കു വേദന തോന്നിയ ചില അനുഭവങ്ങളുണ്ടായി. അതായത് ഞാന്‍ നല്കുന്ന സംഭാവനയ്ക്കനുസരിച്ചുള്ള ഫലമോ പ്രതികരണമോ കിട്ടാതെ വന്നു. അപ്പോഴാണ് വ്യത്യസ്തമായ ഒരു സംഗീതാര്‍പ്പണം നടത്തണം എന്നൊരു ആശയം എന്റെ മനസ്സിലേക്കു വരുന്നത്. സൂര്യകൃഷ്ണമൂര്‍ത്തി സാറിന്റെ ഉറച്ച പ്രോത്സാഹനം എന്നെ ഇതില്‍ എത്തിക്കുകയായിരുന്നു.

ബാലഭാസ്‌ക്കറിനുള്ള സ്മരണാഞ്ജലി

വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറിനു സമര്‍പ്പണമായി മുപ്പത് മണിക്കൂര്‍ കര്‍ണാടക സംഗീതാര്‍ച്ചന എന്നതായിരുന്നു എന്റെ ആഗ്രഹം. അങ്ങനെയാണ് തുടക്കവും. ബാലുച്ചേട്ടനെക്കുറിച്ച് പറഞ്ഞാല്‍ എന്നെ സംഗീത അരങ്ങിലേക്ക് ആദ്യം കൈപിടിച്ചുയര്‍ത്തുന്നത് അദ്ദേഹമാണ്. അവിചാരിതമായി സംഭവിച്ചതാണ്. കൈരളി ടി.വി യില്‍ ഞാന്‍ ആങ്കര്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ അവിടെ മ്യൂസിക് കണ്‍സള്‍ട്ടന്റ് ആയിരുന്നു ബാലുചേട്ടന്‍. ഒരിക്കല്‍ കൈരളി സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ വച്ച് കൈരളിയിലുള്ളവര്‍ അദ്ദേഹത്തോട് എന്നെ കുറിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ കണ്‍ഫ്യൂഷന്‍ ബാന്‍ഡ് തുടങ്ങുന്ന സമയമായിരുന്നു. സജ്‌ന നന്നായി പാടും. സ്റ്റേജില്‍ പാടട്ടെ എന്ന് കൈരളിയിലെ സ്റ്റാഫ് പറയുമ്പോള്‍ 'അതിനെന്താ പാടട്ടെ. മോള്‍ക്ക് ഏത് പാട്ടാണ് ഇഷ്ടം' എന്നു പറഞ്ഞ് മൈക്ക് എന്റെ കൈയില്‍ തന്നു. ആദ്യമായി സ്റ്റേജില്‍ പാടുവാന്‍ തയ്യാറെടുക്കുന്ന പതിനാറുകാരിയായ എനിക്ക് ആ വാക്കുകള്‍ നല്‍കിയ ഇന്‍സ്പിറേഷന്‍ എത്രയാണെന്നു പറഞ്ഞറിയിക്കുവാന്‍ കഴിയില്ല. അന്നു ബാലുചേട്ടന്‍ നല്കിയ ഒരു ധൈര്യം എന്റെ സംഗീതജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണ്. അദ്ദേഹത്തിന്റെ നല്ല മനസാണ് അത്. എന്നോട് മാത്രമല്ല ആരോടും കാണിക്കുന്ന ഒരു നന്മയാണത്. പിന്നീട് ഞാനൊരു സംഗീതജ്ഞയാകുമ്പോഴും, എന്റെ 'ഗായത്രി' എന്ന സംഗീത ആധാരമായ പുസ്തകം ഇറങ്ങുമ്പോഴും ബാലുചേട്ടനും ലക്ഷ്മിചേച്ചിയും ഫെയ്‌സ്ബുക്കിലൂടെ അനുമോദനം നല്‍കിയിരുന്നു. ബാലുചേട്ടനും ലക്ഷ്മിചേച്ചിയുമായി മാനസികമായ ഒരു ബന്ധം ഉണ്ടായിരുന്നു. എപ്പോഴും കാണുന്ന, സംസാരിക്കുന്ന ഒരു രീതിയൊന്നുമല്ല. പക്ഷേ എന്റെ സംഗീത ജീവിതത്തില്‍ അവരുടെ അനുഗ്രഹവും പ്രാര്‍ഥനയും ഒക്കെ ഉണ്ടായിരുന്നു. ബാലുചേട്ടന്‍ എനിക്കു നല്‍കിയ പ്രചോദനം എത്ര വലുതാണെന്നും ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം അറിഞ്ഞിരുന്നുമില്ല. ഈ ലോകത്ത് നിന്നും ബാലു ചേട്ടന്‍ പെെന്നു യാത്ര യായപ്പോള്‍ എന്റെ കൈയ്യില്‍ അദ്ദേഹത്തിനു നല്‍കുവാനുണ്ടായിരുന്നതും സംഗീതം തന്നെയാണ്. ആ ഒരു സമര്‍പ്പണ സ്വപ്‌നമാണ് എന്നെ ഈ യജ്ഞപീഠത്തിനു മുന്നിലെത്തിക്കുന്നതും.

പിന്നീടാണ് 36 മണിക്കൂര്‍ എന്ന ആശയം സൂര്യ കൃഷ്ണമൂര്‍ത്തി സാര്‍ പറയുന്നത്. നിലവിലുള്ള ലിംക വേള്‍ഡ് റിക്കാര്‍ഡ് മറികടക്കലും കൂടിയാവും അത് എന്നുള്ള അഭിപ്രായവും വന്നു. മുപ്പത്തിരണ്ട് മണിക്കൂര്‍ പാടി കഴിഞ്ഞപ്പോഴാണ് പുതിയ ലോകറിക്കാര്‍ഡ് നാല്പതു മണിക്കൂര്‍ ശ്രീലങ്കന്‍ സംഗീതജ്ഞന്‍ അരൂരന്‍ അരുണന്‍തി എന്ന പേരിലാണെന്ന് അറിയുന്നത്. എന്തായാലും 38 മണിക്കൂര്‍ പാടി എന്നാല്‍ നാല് മണിക്കൂര്‍ കൂടി പാടി ലോക റിക്കാര്‍ഡ് കൂടി ആകാമെന്നു കൃഷ്ണ മൂര്‍ത്തി സാര്‍ അഭിപ്രായപ്പെു. അങ്ങനെയാണു 21 ന് പുലര്‍ച്ചെ മൂന്നിന് കച്ചേരി ആരംഭിച്ച ഞാന്‍ 22 ന് രാത്രി 9.30 ന് അവസാനിപ്പിക്കുന്നത്.

? ശ്രീലങ്കന്‍ സംഗീതജ്ഞന്‍ അരൂരന്‍ അരുണന്‍തിയുടെ ലോക റിക്കാര്‍ഡാണ് ജനുവരി 23 നു സജ്‌ന തകര്‍ത്തത്

2018 ല്‍ ആണ് അരൂരന്‍ എന്ന സംഗീതജ്ഞന്‍ ലോകറിക്കാര്‍ഡിലെത്തിയത്. അരൂരന്റെ മാരത്തണ്‍ കച്ചേരിയെ കുറിച്ചുള്ള പത്ര റിപ്പോര്‍ുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഗിന്നസ് റിക്കാര്‍ഡില്‍ ആധികാരികമായി രേഖപ്പെടുത്തിയിില്ല. ഒരു വിദഗ്ദ്ധ പാനല്‍ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം മാത്രമേ ഗിന്നസ് റിക്കാര്‍ഡ് ആകൂ. എന്റെ സംഗീത കച്ചേരിയുടെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ലിംകയ്ക്കും ഗിന്നസ് ലോകറിക്കാര്‍ഡ് അധികാരികള്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. വിദഗ്ദ്ധ പരിശോധനകള്‍ക്കു ശേഷമേ ഫലം അറിയുവാന്‍ സാധിക്കു. എന്റെ സംഗീത മാരത്തണിനു ശേഷം അരൂരന്റെ സംഗീതവും, അധ്വാനവും എത്രയായിരുന്നുവെന്നും എനിക്കു കൂടുതല്‍ മനസിലാക്കുവാന്‍ സാധിക്കുന്നുണ്ട്. രണ്ട് മണിക്കൂറാണ് എനിക്കു മുന്നേറുവാന്‍ സാധിച്ചത്. അത് ശ്രീലങ്കന്‍ സംഗീതജ്ഞന്റെ സമര്‍പ്പണം കുറയ്ക്കുന്നില്ല. എന്റെ നാല്പത്തിരണ്ട് മണിക്കൂര്‍ യജ്ഞവും ഏത് സമയത്തും ഭേദിക്കപ്പെടാം. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ മാസങ്ങള്‍. ആ ഒരു സാധ്യതയും ഞാന്‍ തള്ളിക്കളയുന്നില്ല. പിന്നെ ഗിന്നസ് റിക്കാര്‍ഡിന്റെ കാര്യം എടുത്താല്‍ ലോക റിക്കാര്‍ഡിനും വളരെയേറെ മാനദണ്ഡങ്ങളുണ്ട്. ഒരു ചെറിയ പിഴവുണ്ടായാല്‍ എന്റെ ശ്രമം റിക്കാര്‍ഡിലേക്കു എത്തില്ല. പക്ഷേ ഞാനിപ്പോള്‍ അതിനെകുറിച്ച് ആലോചിക്കുന്നില്ല. എന്റെ ഭാഗത്ത് നിന്നും കഠിനമായ ശ്രമം തന്നെ എടുത്തു. ഇനി എല്ലാം ദൈവം നിശ്ചയം.

? മണിക്കൂറുകള്‍ ഒരേ നിലയില്‍ നടന്ന സംഗീതയജ്ഞം പൂര്‍ണമാക്കുവാന്‍ സാധിക്കുമോ എന്ന് തോന്നിയിരുന്നോ?

സംഗീത മാരത്തണ്‍ തുടരാന്‍ കഴിയുമോ എന്ന ചിന്ത രണ്ട് മൂന്ന് തവണ ഉണ്ടായി. ഇടയ്ക്ക് 10 മിനിറ്റ് ഭക്ഷണം കഴിക്കുന്നതിന് സമയം അനുവദിച്ചിരുന്നതൊഴിച്ചാല്‍ നിരന്തരം സംഗീതാലാപനം ആയിരുന്നു. ആദ്യത്തെ 18 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും തളര്‍ന്ന് തുടങ്ങി. പിന്നീടും ബ്രേക്കിംഗ് പോയിന്റ് എന്നു പറയാവുന്ന അവസ്ഥ നേരിട്ടു. ഉറക്കമൊഴിച്ച് ഇടതടവില്ലാതെ പാടുന്നതിന്റെ പ്രശ്‌നങ്ങള്‍. രക്തസമ്മര്‍ദ്ദം കുറയുവാന്‍ തുടങ്ങി. പിന്നെ കാലാവസ്ഥയും എന്റെ ആരോഗ്യത്തെ ബാധിച്ചു. എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തനം ഇടയ്ക്കു നിര്‍ത്തുകയും, പിന്നെ തുടരുകയുമൊക്കെ ചെയ്യേണ്ടിവന്നിരുന്നു. അന്തരീക്ഷപ്രശ്‌നം കൊണ്ട് ജലദോഷം, തൊണ്ടവേദന ഒക്കെ അനുഭവപ്പെട്ടു. ഇടയ്ക്കു ശബ്ദം നിലച്ച് പോകാന്‍ തുടങ്ങി. അപ്പോഴൊക്കെ മനസില്‍ ഞാന്‍ ആവര്‍ത്തിച്ചു. ബാലുചേട്ടനുവേണ്ടിയുള്ള അര്‍പ്പണമാണിത്, സംഗീതയജ്ഞമാണ്.

? പ്രശസ്ത ചലച്ചിത്രതാരവും എം.പിയുമായ സുരേഷ്‌ഗോപി സദസ്സില്‍ ഉണ്ടായിരുന്നല്ലോ?

അതെ, അതൊരു ദൈവാനുഗ്രഹമായി. ഇരുപത്തിയൊന്നിനു പുലര്‍ച്ചെ തുടങ്ങിയ കച്ചേരി അല്ലേ. അന്നുരാത്രി മുഴുവന്‍ നീണ്ടപ്പോള്‍ ഉറക്കം പിടിച്ചു നിര്‍ത്തുവാന്‍ വയ്യാതായി. അടുത്തദിവസം പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ എന്റെ പ്രഷര്‍ ഡ്രോപ്പായി തുടങ്ങി. ഭാഗ്യത്തിനു മൂന്നര ആയപ്പോള്‍ ചലച്ചിത്രതാരം സുരേഷ്‌ഗോപി എത്തി. സുരേഷ് ചേട്ടനെ കണ്ടപ്പോള്‍ തളര്‍ന്നു തുടങ്ങിയ എന്റെ മനസ് അല്ലെങ്കില്‍ സംഗീതം ഉണര്‍ന്നു തുടങ്ങി. ഇത്രയും പ്രശസ്തനായൊരു നടന്‍, രാഷ്ട്രീയ നേതാവ് മുന്നിലിരിക്കുമ്പോള്‍ എന്റെ കച്ചേരി മോശമാകുവാന്‍ പാടില്ലല്ലോ. ഞാന്‍ ശക്തി ആര്‍ജ്ജിച്ച് പാട്ട് തുടര്‍ന്നു. രാവിലെ അഞ്ച് വരെ സുരേഷ് ചേട്ടന്‍ ഇരുന്നു. അത് കാരണം എന്റെ ഒരു പ്രധാന വിഷമഘട്ടം അതിജീവിക്കുവാന്‍ കഴിഞ്ഞു.

? തിരുവനന്തപുരത്തുള്ള ധാരാളം സെലിബ്രറ്റികളും കലാകാരന്മാരും ഗണേശത്തില്‍ എത്തിയിരുന്നു

അതേ. അതിന് എല്ലാ കലാകാരോടും നന്ദിയുണ്ട്. രണ്ടാമത്തെ ദിവസം ശബ്ദം പോയിതുടങ്ങിയ സമയത്ത് മൂര്‍ത്തിസാറും സുരേഷ് ചേട്ടനും സംഗീത രംഗത്തെയും കലാരംഗത്തെയും പല പ്രതിഭകളെയും വിളിച്ചു പറഞ്ഞിരുന്നു. ഒരു പിന്തുണയുടെ ആവശ്യം അവര്‍ തിരിച്ചറിഞ്ഞത് കൊണ്ട് വളരെ നല്ലൊരു മാറ്റം ഉണ്ടായി. സംഗീതരംഗത്ത് നിന്നും കാവാലം ശ്രീകുമാര്‍ സാര്‍, ശ്രീറാം ചേട്ടന്‍, മണക്കാട് ഗോപന്‍ ചേട്ടന്‍ എന്നിവര്‍ ഉണ്ടായിരുന്നു. സംഗീത ഗുരുക്കളായ ഡോ.കെ.ഓമനക്കുട്ടി, ഡോ.ബി.അരുന്ധതി, എന്നെ ആദ്യം വീണ പഠിപ്പിച്ച ഗുരുവായ ലക്ഷ്മിച്ചേച്ചി, പിന്നെ വിമന്‍സ് കോളേജിലെ എന്റെ സംഗീത സഹപ്രവര്‍ത്തകര്‍, ശ്രീ സ്വാതിതിരുനാള്‍ സംഗീതകോളേജിലെ സംഗീത അധ്യാപകര്‍. ചലച്ചിത്രരംഗത്ത് നിന്നും മേനകച്ചേച്ചി, ജലജച്ചേച്ചി, കാര്‍ത്തികച്ചേച്ചി ഒക്കെ വന്നത് എനിക്ക് അത്ഭുതമായി. എല്ലാവരും ഒന്നിച്ചിരുന്നു കൈയ്യടിച്ച് താളം കൊട്ടി, ഒപ്പം പാടി ഒക്കെ അവിടെ ഒരു സംഗീതോത്സവം തന്നെ തീര്‍ത്തു. ഇതെന്റെ എനര്‍ജി ലെവല്‍ വളരെ ഉയര്‍ത്തി. ഒരേ ലക്ഷ്യത്തോടെ ഒന്നിച്ച് കുറെ മനസുകള്‍ ചേര്‍ന്നപ്പോള്‍ ഉണ്ടായ ഊര്‍ജം എന്നിലേക്കു പകര്‍ന്നു കിട്ടുകയായിരുന്നു. ആര്‍ട്ടിസ്റ്റിന്റെ ഒരു പരിശ്രമത്തിന്റെ വില മറ്റൊരു ആര്‍ട്ടിസ്റ്റിനു മനസിലാകും. ഞാന്‍ ഒറ്റയ്ക്കിരുന്നു നടത്തുന്ന കലയുടെ പിന്നിലെ അധ്വാനവും, ബുദ്ധിമുട്ടും മനസിലാക്കിയത് കൊണ്ടാണ് എല്ലാവരും വന്ന് എന്നെ പ്രോത്സാഹിപ്പിച്ചത്. അവിടെ ഉണ്ടായിരുന്ന എല്ലാവരു ടെയും പ്രാര്‍ഥനയും പിന്തുണയുമാണ് എന്റെ വിജയത്തിനു പിന്നില്‍. സംഗീതകച്ചേരി ചിത്രീകരിക്കുവാന്‍ എത്തിയ കാമറാമാനും, എന്റെ ആരോഗ്യനില പരിശോധിക്കുവാന്‍ രണ്ട് ദിവസവും ഉണ്ടായിരുന്ന പി.ആര്‍.എസ് ആശുപത്രിയിലെ മെഡിക്കല്‍ ടീമും എനിക്കൊപ്പം നിന്നു. എല്ലാവരും പിന്നീട് എന്നോട് പറഞ്ഞത്. 'സജ്‌നയാണ് പാടിയതെങ്കിലും കച്ചേരി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു ലോക റിക്കാര്‍ഡ് നേട്ടം കൈവന്ന സന്തോഷമമാണ് അനുഭവപ്പെട്ടത്' എന്നാണ്. 42 മണിക്കൂര്‍ അടുത്ത് വന്നപ്പോഴോക്കും അതായത് 22ാം തീയതി പകലും സന്ധ്യയും സദസിലുള്ളവര്‍ വല്ലാത്ത ആകാംക്ഷയിലായി. രാത്രിയായപ്പോഴെക്കും എങ്ങനെയെങ്കിലും പാടി തീര്‍ക്കണേ എന്നുള്ള പ്രാര്‍ഥനയായി. ഇവിടെ എടുത്ത് പറയേണ്ട മറ്റൊരുകാര്യം സൂര്യയുടെ നാടക ടീമിന്റെയും, ടെക്‌നിക്കല്‍ ടീമിന്റെയും ശക്തമായ പിന്തുണയാണ്. അഹോരാത്രമുള്ള അവരുടെ പൂര്‍ണസഹകരണം വിജയത്തിന്റെ വലിയ കാരണമാണ്. പിന്നെ എന്റെ അച്ഛന്‍, അമ്മ, അമ്മാവന്‍, എല്ലാവരും കൂടെ നിന്നു.


സൂര്യകൃഷ്ണമൂര്‍ത്തി എന്ന ശക്തി

തീര്‍ച്ചയായും മൂര്‍ത്തിസാറിന്റെ പിന്‍ബലമാണ് എന്നെ മുന്നോട്ട് നയിച്ചത്. ഈ മാരത്തണും, റിക്കാര്‍ഡും സാര്‍ നല്‍കിയ ശക്തി തന്നെയാണ്. ഏതൊരു യഥാര്‍ഥ ആര്‍ട്ടിസ്റ്റിനും അദ്ദേഹം നല്‍കുന്ന പേട്രണേജ് ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. നമ്മളിലെ കല സത്യമാണെങ്കില്‍ അത് സാക്ഷാത്കരിക്കുവാന്‍ മൂര്‍ത്തി സാര്‍ എല്ലാ അര്‍ഥത്തിലും ഒപ്പമുണ്ടാകും. കര്‍ണാടക മാരത്തോണിലും അങ്ങനെ തന്നെ സംഭവിച്ചു.

കര്‍ണാടകസംഗീത മാരത്തണിനുള്ള മുന്നൊരുക്കങ്ങള്‍

സൂര്യകൃഷ്ണമൂര്‍ത്തി സാര്‍ പറഞ്ഞത് പോലെ ഇത് ഒരു യജ്ഞം തന്നെയാണ്. സാധാരണനിലയില്‍, ശൈലിയില്‍ ജീവിക്കുന്ന ഒരു വ്യക്തി അത് സംഗീതജ്ഞനോ സംഗീതജ്ഞയോ തന്നെയായാലും വളരെയേറെ മാറേണ്ടതുണ്ട്. ആന്തരികമായ ഒരു പരിണാമമാണിത്. മാനസികമായി നമ്മള്‍ പാകപ്പെടേണ്ടതുണ്ട്, വളരേണ്ട തുണ്ട്. അത് വ്യക്തിപരമായ ഒരു മാറ്റത്തിലേക്കോ ഔന്നിത്യത്തിലേക്കോ ഉള്ള ചുവട്‌വയ്പ്പ് കൂടി ആണ്. സംഗീതയജ്ഞത്തിന് എന്നെ തന്നെ പ്രാപ്തമാക്കുക എന്ന വലിയ ലക്ഷ്യം ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ പേഴ്‌സണലാറ്റിയുടെ വളര്‍ച്ചയും ഇതിലുണ്ട്. പിന്നെ ഒരു സംഗീതജ്ഞ എന്ന നിലയില്‍ എനിക്കു വലിയ ഗുണം ലഭിച്ചു എന്നു പറയാം. സാധാരണ ഗതിയില്‍ നമ്മള്‍ സ്വായത്തമാക്കുന്ന സംഗീതത്തിന് ഒരു പരിധിയുണ്ട്. എന്റെ കാര്യം പറയുകയാണെങ്കില്‍ കോളേജില്‍ വിദ്യാര്‍ഥിനികളെ പഠിപ്പിക്കുന്ന ജോലിയുണ്ട്. സെമസ്റ്റര്‍ സിസ്റ്റമാണ്. സമയബന്ധിതമായി പഠിപ്പിച്ച് തീര്‍ക്കേണ്ട പാഠ്യവിഷയങ്ങളുണ്ട്. ഇതിനിടയില്‍ ധാരാളം കീര്‍ത്തനങ്ങള്‍ പഠിക്കുവാനുള്ള സമയം കിട്ടില്ല. ഇടയ്ക്ക് എന്റെ കച്ചേരികള്‍ വരുന്ന സമയത്ത് തയാറെടുപ്പുകള്‍ നടത്തുന്നു. അത്രയേ പലപ്പോഴും കഴിയൂ. ഉദ്യോഗത്തിന്റെ തിരക്കുകള്‍, വീട്ടിലെ ചുമതലകള്‍. ഇതിനിടയില്‍ നിത്യേനയുള്ള പ്രാക്ടീസും, പുതിയ കൃതികളുടെ പഠനവും സാധ്യമായെന്നും വരില്ല. കര്‍ണാടക മാരത്തോണിലേക്ക് ഇറങ്ങിയപ്പോഴാണ് എനിക്കു തന്നെ ബോധ്യപ്പെടുന്നത് വേണമെന്നുവച്ചാല്‍ ഏത് തിരക്കിനിടയിലും സംഗീതജ്ഞ എന്ന നിലയിലെ എന്റെ വളര്‍ച്ചയ്ക്കും സമയം കണ്ടെത്താന്‍ കഴിയും. കുറച്ച് സമയം കൊണ്ട് വളരെയേറെ കൃതികള്‍ പഠിച്ചു. ഏത് മേഖലയിലും ഇത് ബാധകമാണ്.

സ്വയം ശക്തിപകരല്‍

അതെ. അങ്ങനെയും വേണം. കച്ചേരിക്കു പോകും മുമ്പ് ഫെയ്‌സ്ബുക്കില്‍ ഞാന്‍ എനിക്കു തന്നെ ഒരു കത്തെഴുതിയിരുന്നു. 'സജ്‌ന' എന്നു തന്നെ സംബോധന ചെയ്യുന്ന കത്ത്. സംഗീതയജ്ഞം നടന്നാലും ഇല്ലെങ്കിലും ഇതെന്റെ മുന്നോട്ടുള്ള യാത്ര തന്നെയാണെന്നതായിരുന്നു സാരാശം. ഞാന്‍ എവിടെയോ വായിച്ചിട്ടുണ്ട്. നമുക്ക് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമോ ഇല്ലയോ എന്ന ഒരു കാര്യം അഥവാ നമ്മള്‍ ഏറ്റവും കൂടുതല്‍ ഭയയ്ക്കുന്ന ഒരു ഉദ്യമത്തിലേക്കു കാലെടുത്തു വയ്ക്കുന്നത് തന്നെ നമ്മള്‍ നിന്നിരുന്ന ഒരു ഇടത്തില്‍ നിന്നും എത്രയോ മുന്നിലേക്കു നമ്മളെ നടത്തുന്ന ഒരു പ്രക്രിയ ആണെന്ന്.

? നീണ്ട കച്ചേരി ആരോഗ്യത്തെ ബാധിച്ചിരുന്നോ

സ്വാഭാവികമായും അതുണ്ടാകും. കച്ചേരിക്കു വേണ്ടി ഒന്നരമാസം ശാരീരികമായി ഞാന്‍ തയാറെടുത്തിരുന്നു. എന്നും പുലര്‍ച്ചെ മൂന്ന്, നാല് മണിവരെ ഉറങ്ങാതെയിരുന്നു. പകല്‍ കോളേജിലും പോകണമായിരുന്നു. ഈ ഉറക്കമൊഴിച്ചുള്ള തയാറെടുപ്പും എന്നെ ശാരീരികമായി തളര്‍ത്തിയെന്നു പറയാം. കച്ചേരി കഴിഞ്ഞ് ചുമയും നടുവേദനയും ആയി ഒരാഴ്ച കഷ്ടപ്പെു. അല്പം വേദന കുറഞ്ഞപ്പോള്‍ കോളേജില്‍ വീണ ക്ലാസ് എടുക്കുവാന്‍ നിലത്തിരുന്നതിനാല്‍ നെട്ടല്ല് വേദന തുടങ്ങി. കോളേജിലെ ജോലിക്കു തടസം വരുവാന്‍ പാടില്ലല്ലോ. ഒരു മണിക്കൂര്‍ നീളുന്ന വീണ ക്ലാസ്, ശരീരത്തിന്റെ വിഷമതകള്‍ വര്‍ധിപ്പിച്ചു. നീരും നടുവേദനയും എല്ലാമായി.

കര്‍ണാടകസംഗീതത്തിലേക്കുള്ള യാത്ര

പന്ത്രണ്ടാമത്തെ വയസില്‍ നൃത്തത്തില്‍ നിന്നുമാണ് സംഗീതത്തിലെത്തി ചേരുന്നത്. ഡോ.കെ. ഓമനക്കുട്ടി ടീച്ചര്‍, പ്രഫ.വെങ്കിട്ട രമണന്‍സാര്‍, പ്രഫ.ബാലാംബാള്‍ ടീച്ചര്‍, ലക്ഷ്മിച്ചേച്ചി (വീണ) എന്നിവരാണ് പ്രധാന ഗുരുക്കള്‍. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നും തന്നെയായിരുന്നു സംഗീതത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്. ഹിന്ദുസ്ഥാനി സംഗീതത്തില്‍ അബ്രദിത ബാനര്‍ജിയാണ് ഗുരു.

? ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി നര്‍ത്തകിയാണ്. നൃത്തത്തില്‍ കേരള സര്‍വകലാശാല സമ്മാന ജേതാവ് കൂടിയാണ് സജ്‌ന. സൂര്യ , നവരാത്രി മണ്ഡപം തുടങ്ങിയ പല പ്രമുഖ വേദികളിലും നൃത്തം അവതരിപ്പിച്ചിട്ടുമുണ്ട്

അതേ, നൃത്തം എന്നും എന്റെ പാഷനാണ്. നൃത്തമാണ് ആദ്യം പഠിച്ചത്. പത്തൊമ്പത് വര്‍ഷം നൃത്തപഠനത്തില്‍ തന്നെയായിരുന്നു. മൈഥിലി ടീച്ചറിന്റെ കീഴിലാണ് നൃത്തഭ്യാസം തുടങ്ങുന്നത്. ഒരു നര്‍ത്തകി സംഗീതം നന്നായി അറിഞ്ഞ് നൃത്തം ചെയ്യണം എന്നുള്ള മൈഥിലി ടീച്ചറിന്റെ നിര്‍ബന്ധം കൊണ്ടാണ് സംഗീതം പഠിച്ച് തുടങ്ങുന്നതും. നൃത്തത്തിലൂടെയാണ് പ്രധാനമായും സംഗീതത്തില്‍ എത്തിച്ചേര്‍ന്നത്. നൃത്തമേഖലയില്‍ വീണ്ടും സജീവമാകണമെന്നത് സ്വപ്‌നമാണ്. നിലവില്‍ റിഗാറ്റയിലെ ഗുരു ഗിരിജാ ചന്ദ്രന്‍ ടീച്ചറിന്റെ കീഴില്‍ നൃത്തം അഭ്യസിച്ചുവരുന്നു.

ആങ്കറിങ്ങിന്റെ ലോകം

ഒരു അവതാരക എന്നെ നിലയിലാണ് പലരും എന്നെ ഇന്നും അറിയുന്നത്. 'സൂര്യ', 'സ്വരലയ', അന്തരാഷ്ട്ര ചലച്ചിത്രോത്സവം എന്നിവയുടെ അവതാരകയായിരുന്നിട്ടുണ്ട്. സൂര്യയില്‍ ഇപ്പോഴും സജീവമാണ്. സ്വരലയയുടെ 'ഗന്ധര്‍സംഗീതം' പലതവണ ആങ്കര്‍ ചെയ്തിട്ടുണ്ട്. ചാനലുകളുടെ കാര്യമാണെങ്കില്‍ ഏഷ്യാനെറ്റിലാണ് തുടക്കം. കൈരളി, സൂര്യ എന്നീ ചാനലുകളിലാണ് കൂടുതലും അവതാരകയായി പ്രവര്‍ത്തിച്ചിട്ടുള്ളത്.

ഭര്‍ത്താവിന്റെ പിന്തുണ

ഞാന്‍ കലാരംഗത്ത് നില്‍ക്കുന്നതില്‍ വളരെ സന്തോഷമുള്ളവരാണ് വിനീഷ് ചേട്ടനും കുടുംബവും. വലിയ പിന്തുണയാണ് നല്‍കുന്നത്. ദുബായില്‍ സിവില്‍ എന്‍ജിനിയറാണ് വിനീഷ് ചേട്ടന്‍. നല്ല കലാഭിരുചി ഉണ്ട്. നൃത്തത്തിലും സംഗീതത്തിലും ഒന്നിച്ച് ചുവട്‌വയ്ക്കാതെ സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുവാന്‍ അദ്ദേഹം പറയാറുണ്ട്.

മാതാപിതാക്കളുടെ പിന്തുണ

എന്റെ അച്ഛന്‍ കെ.വി.സുധീര്‍, അമ്മ അനിത സുധീര്‍. അച്ഛന്റെയും അമ്മയുടെയും മുഴുവന്‍ പിന്തുണയും സഹായവുമുള്ളതുകൊണ്ടാണ് എനിക്ക് ഇന്നും കലാ ലോകത്ത് നിലനില്‍ക്കുവാന്‍ കഴിയുന്നത്. എന്റെ മകന്‍ രാഘവ് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. മകന്റെ പഠന കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അച്ഛനും അമ്മയും നന്നായി ശ്രദ്ധിക്കുന്നത് കൊണ്ട് തന്നെയാണ് ഔദ്യോഗിക തിരക്കുകളും സംഗീതവും എനിക്കു കൊണ്ടുപോകുവാന്‍ കഴിയുന്നതും. എനിക്ക് ഈ വിജയം ഇപ്പോള്‍ നേടുവാനായതും ഇതു കൊണ്ട് തന്നെയാണ്. മകനും എന്റെ ഒപ്പം നില്‍ക്കുന്നുണ്ട്. വീട്ടിലെ എന്റെ റിഹേഴ്‌സലുകളും, മുന്നൊരുക്കങ്ങളും എല്ലാം രാഘവ് അഡ്ജസ്റ്റ് ചെയ്യുന്നു.

എസ്.മഞ്ജുളാദേവി