കണ്ണുനീര്‍ ഇല്ലാതായാല്‍
ഒന്നും പറയാതെതന്നെ കണ്ണുകള്‍ പലതും പറയും. പ്രണയം, സങ്കടം, ദേഷ്യം... ചിലപ്പോള്‍ അത് കണ്ണുനീരിലൂടെയാകാം. കരയുമ്പോള്‍ മാത്രമല്ല കണ്ണുനിറയുന്നത്. ശക്തമായ വികാരങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം കണ്ണുകള്‍ നിറയാം. ചിരിക്കുമ്പോള്‍, ആനന്ദം കൊള്ളുമ്പോള്‍, ആവേശം വരുമ്പോള്‍... അങ്ങനെ പല സന്ദര്‍ഭങ്ങളിലും കണ്ണുനീര്‍ ഉണ്ടാകുന്നു. കണ്ണുനീര്‍ കുറഞ്ഞ് കണ്ണുകള്‍ വരണ്ടുപോകുന്ന പ്രശ്‌നം ചെറുപ്പക്കാരില്‍ വ്യാപകമാകുകയാണ്. ജീവിതശൈലിയിലെ മാറ്റവും തൊഴില്‍ സാഹചര്യങ്ങളുമാണ് കണ്ണുനീര്‍ ഇല്ലാതാക്കുന്നത്. കണ്ണുനീരിനെക്കുറിച്ചറിയാം...

കണ്ണുനീര്‍ ഉണ്ടാകുന്നത്...

കണ്ണുനീര്‍ ഗ്രന്ഥികളാണ് കണ്ണുനീര്‍ ഉത്പാദിപ്പിക്കുന്നത്. പ്രത്യേകനാളികള്‍ വഴി ഈ ഗ്രന്ഥിയില്‍ നിന്നും കണ്ണുനീര്‍ കണ്ണിന്റെ ഉപരിതലത്തിലേക്ക് എത്തുന്നു. കണ്ണില്‍ കണ്ണുനീര്‍ എപ്പോഴും ഉണ്ടാകുന്നുണ്ട്. കണ്ണുകള്‍ വൃത്തിയാക്കാന്‍ കണ്ണുനീര്‍ വേണം. കണ്‍പോളകള്‍ ഓരോ തവണ അടയുമ്പോഴും കണ്ണുകളെ കണ്ണുനീര്‍ വൃത്തിയാക്കുന്നു. കണ്ണിന്റെ സ്‌നിഗ്ദ്ധതയ്ക്കും കാഴ്ച ശരിയാകാനും കണ്ണുനീര്‍ കൂടിയേ തീരൂ. കണ്ണുനീര്‍ കണ്ണുകളെ പരിപോഷിപ്പിക്കുന്നു എന്നതാണ് വാസ്തവം.

കണ്ണുനീര്‍ ഇല്ലെങ്കില്‍...

കണ്ണുനീര്‍ ഇല്ലെങ്കില്‍ കണ്ണുകള്‍ അസ്വസ്ഥമാകും. കണ്ണിന്റെ ഉപരിതലം വരണ്ടിരിക്കും. കാഴ്ചയെവരെ അത് ബാധിക്കും. കണ്ണ് നീറ്റല്‍, പുകച്ചില്‍, കണ്ണുവേദന എന്നൊക്കെ പറയുന്നതിനു പിന്നില്‍ കണ്ണുനീര്‍ കുറയുന്നതാണ് കാരണം.

കണ്ണുനീര്‍ മൂന്നുവിധം

ബേസല്‍ ടിയേഴ്‌സ്, റിഫ്‌ളക്‌സ് ടിയേഴ്‌സ്, സൈക്കിക്ക് ടിയേഴ്‌സ്... എന്നിങ്ങനെ കണ്ണുനീരിനെ മൂന്നുവിധത്തില്‍ വിഭജിക്കാം.

* ബേസല്‍ ടിയേഴ്‌സ്
നേത്രപടലത്തിന്റെ ഈര്‍പ്പം നിലനിര്‍ത്തി അതിനെ പരിപോഷിപ്പിക്കുന്നത് ബേസല്‍ ടിയേഴ്‌സാണ്. കണ്ണില്‍ വഴുവഴുപ്പ് ഉണ്ടാക്കുകയും പൊടിപടലങ്ങളെ അകറ്റുകയും ചെയ്യാന്‍ ഇത് സഹായിക്കും.

* റിഫ്‌ളക്‌സ് ടിയേഴ്‌സ്
കണ്ണില്‍ അസ്വസ്ഥതയുണ്ടാകുമ്പോഴും മറ്റുമാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. കണ്ണില്‍ പൊടിവീണാലും അസ്വസ്ഥത ഉണ്ടാക്കുന്ന എന്തെങ്കിലും ഘടകങ്ങള്‍ വായുവില്‍ ഉണ്ടായാലും ഉടന്‍ കണ്ണ് നിറയും. സവാള അരിയുമ്പോള്‍ കണ്ണില്‍ വെള്ളം നിറയുന്നത് ഇതിന് ഉദാഹരണമാണ്.

* സൈക്കിക് ടിയേഴ്‌സ്
കരച്ചിലാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സങ്കടം, ദേഷ്യം, വൈകാരിക സമ്മര്‍ദം, ശാരീരിക വേദനകള്‍, അതിരറ്റ സന്തോഷം എന്നിവയൊക്കെ കരച്ചിലിനു കാരണമാകും.

കണ്ണുനീര്‍ വെറും വെള്ളമല്ല

കണ്ണുനീര്‍ എന്നത് വെറും വെള്ളമല്ല. വെള്ളത്തിനു പുറമേ അതില്‍ പല ജൈവരാസ പദാര്‍ഥങ്ങളുമുണ്ട്. പ്രോട്ടീനുകള്‍, ഫാറ്റി ഓയിലുകള്‍, ഇലക്ട്രലൈറ്റുകള്‍ എന്നിവ കണ്ണുനീരില്‍ അടങ്ങിയിരിക്കുന്നു. മ്യൂസിന്‍, ലിപിഡുകള്‍, ലൈസോസൈം, ലാക്‌ടോഫെറിന്‍, ലിപോകാലിന്‍, ലാക്രിറ്റിന്‍, ഇ്യൂണോഗ്ലോബുലിന്‍, ഗ്ലൂക്കോസ്, യൂറിയ, സോഡിയം, പൊാസ്യം തുടങ്ങിയവയൊക്ക കണ്ണുനീരിലുണ്ട്. ബാക്ടീരിയകള്‍ക്കെതിരെ ചെറു ത്തു നില്‍ക്കാനുള്ള ആയുധമാണ് ലൈസോസൈം. രക്തത്തിലെ പ്ലാസ്മയ്ക്കു സമാനമായ നിലയില്‍ ഉപ്പിന്റെ അംശവും കണ്ണുനീരിലുണ്ട്. സാധാരണനിലയില്‍ 24 മണിക്കൂറില്‍ 0.75 മുതല്‍ 1.1 ഗ്രാം വരെ കണ്ണുനീര്‍ ഉത്പാദിപ്പിക്കാറുണ്ട്. പ്രായം കൂടുന്തോറും ഈ അളവില്‍ അല്‍പം കുറവുണ്ടാകും.

കണ്ണീര്‍പാളി

കണ്ണില്‍ ദ്രാവകരൂപത്തില്‍ ഒരു പാടപോലെയാണ്(ടിയര്‍ ഫിലിം) കണ്ണുനീര്‍ പ്രവര്‍ത്തിക്കുന്നത്. കോര്‍ണിയയ്ക്കും കണ്‍ജന്‍ക്‌റ്റൈവയ്ക്കും മുകളില്‍ ഒരു ദ്രാവക പടലമാണിത്. ഇതിനു അതിലോലമായ മൂന്നു പാളികളാണുള്ളത്. പുറമെ എണ്ണ പാളി, മധ്യത്തില്‍ വെള്ള പാളി, അടിഭാഗത്ത് മ്യൂക്കസ് പാളി. ഇതില്‍ ഏതെങ്കിലും പാളിക്ക് തകരാറുണ്ടായാല്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും.


കണ്ണുനീര്‍ പാടയുടെ ഏറ്റവും പുറത്തെ പാളി എണ്ണമയമുള്ളതാണ്. കണ്‍പോളകളുടെ വക്കത്തുള്ള ചെറിയ ഗ്രന്ഥികളാണ് (മൈബോമിയന്‍ ഗ്രന്ഥികള്‍) കൊഴുപ്പിന്റെ അംശം കണ്ണിന്റെ പുറംഭാഗത്ത് എത്തിക്കുന്നത്. ഇത് കണ്ണിന്റെ പുറംഭാഗത്തെ മൃദുവാക്കുന്നു. ഒപ്പം തൊട്ടുതാഴെയുള്ള വെള്ളത്തിന്റെ പാളിയില്‍ നിന്നു വെള്ളം ആവിയായി പോകുന്നതും ഒലിച്ചിറങ്ങുന്നതും തടയുകയും ചെയ്യുന്നു. ഇവിടെയുള്ള ഗ്രന്ഥികള്‍ ആവശ്യാനുസരണം കൊഴുപ്പ് ഉത്പാദിപ്പിച്ചില്ലെങ്കില്‍ തൊട്ടുതാഴെയുള്ള വെള്ളത്തിന്റെ പാളിയില്‍ നിന്ന് വെള്ളം ആവിയായിപ്പോകാന്‍ സാധ്യതയുണ്ട്. ജലാംശം കുറയുമ്പോള്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും. മൈബോമിയന്‍ ഗ്രന്ഥികള്‍ അടഞ്ഞുനില്‍ക്കുന്നവരില്‍ കണ്ണിലെ വരള്‍ച്ച സാധാരണമാണ്. കണ്‍പോളകളില്‍ നീര്‍വീക്കമുള്ളവരില്‍ ഗ്രന്ഥികള്‍ അടഞ്ഞു പോകാന്‍ സാധ്യത ഏറെയാണ്.

മധ്യത്തിലെ പാളിയില്‍ പ്രധാനമായും വെളളമാണ്. ഈ പാളി കണ്ണുനീര്‍ഗ്രന്ഥികള്‍ ഉണ്ടാക്കുന്നതാണ്. കണ്ണിനെ ശുചിയാക്കുന്നതും അന്യവസ്തുക്കളെ ഒഴുക്കികളയുന്നതും ഇതാണ്. അണുക്കളെ തടയുന്നതിനും ഓസ്‌മോിക്ക് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ ഈ പാളി കൃത്യമല്ലെങ്കില്‍ പുറംപാളിയും ഏറ്റവും ഉള്ളിലെ മ്യൂക്കസ് പാളിയും തില്‍ സ്പര്‍ശിക്കും. ഇത് അസ്വസ്ഥതകള്‍ക്ക് ഇടയാക്കും.

ഉള്‍ഭാഗത്തെ മ്യൂക്കസ് പാളിയാണ് ടിയര്‍ ഫിലിമിനെ കണ്ണിനോടു ചേര്‍ന്നു നില്‍ക്കാന്‍ സഹായിക്കുന്നത്. കണ്ണുനീരിനെ ഒരേ അളവില്‍ കണ്ണിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ മ്യൂക്കസ് പാളി സഹായിക്കുന്നു. മ്യൂക്കസ് ആവശ്യത്തിന് ഇല്ലെങ്കില്‍ നേത്രപടലത്തിന്റെ മുന്‍ഭാഗത്ത് വരണ്ട കുത്തുകള്‍ രൂപപ്പെടും.

കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോഴാണ് കണ്ണീര്‍ പാട കണ്ണില്‍ എല്ലായിടത്തും എത്തുന്നത്. കണ്ണീര്‍ പാളിയുടെ മൂന്നു പാടകളില്‍ ഏതെങ്കിലും ആവശ്യാനുസരണം ഉണ്ടായില്ലെങ്കില്‍ കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടും. 'ഡ്രൈ ഐ സിന്‍ഡ്രം' എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

കണ്ണുനീര്‍ കുറയുന്ന സാഹചര്യങ്ങള്‍

* 50 വയസിനു മുകളില്‍ പ്രായമുള്ളവരില്‍ പ്രായം കൂടുന്നതിനനുസരിച്ച് കണ്ണുനീര്‍ ഉത്പാദനം കുറയും.
* ആര്‍ത്തവവിരാമത്തിനുശേഷം കണ്ണിലെ വരള്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. സ്ത്രീ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനമാണ് ഇതിനു കാരണം.
* ചില രോഗാവസ്ഥകള്‍ കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. പ്രമേഹം, അസ്ഥിവാതം, ലൂപ്പസ്, തൈറോയ്ഡ് പ്രശ്‌നങ്ങള്‍, സ്‌ക്ലീറോഡെര്‍മ, വിറ്റാമിന്‍ എ അഭാവം എന്നിവ ഉദാഹരണമാണ്.
* കണ്ണീര്‍ഗ്രന്ഥിയുടെ തകരാറുകള്‍ നീര്‍വീക്കമോ റേഡിയേഷന്‍ കാരണമോ കണ്ണുനീര്‍ ഉത്പാദനം കുറയാം.
$ കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുമ്പോഴാണ് കണ്ണുനീര്‍ കണ്ണിന്റെ ഉപരിതലത്തില്‍ മുഴുവന്‍ കൃത്യമായി പരന്നൊഴുകുന്നത്. കണ്‍പോളകളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇത് സാധ്യമാകാതെ വരും. ഇത് കണ്ണിലെ വരള്‍ച്ച യ്ക്ക് കാരണമാകും.
* ചില മരുന്നുകളുടെ ഉപയോഗം താല്‍ക്കാലികമായി കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകും. അമിതരക്തസമ്മര്‍ദത്തിനുള്ള ചില മരുന്നുകള്‍, ആന്റി ഹിസ്റ്റമിനുകള്‍, മൂക്കടപ്പിനുള്ള മരുന്നുകള്‍, ഗര്‍ഭനിരോധന ഗുളികകള്‍, വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ചില വേദനസംഹാരികള്‍ എന്നിവ.
* വരണ്ട കാലാവസ്ഥ, കാറ്റ് എന്നിവയും കണ്ണിലെ വരള്‍ച്ചയ്ക്ക് കാരണമാകാറുണ്ട്. എയര്‍ കണ്ടീഷന്‍ഡ് മുറിയില്‍ ഏറെ നേരം ഇരിക്കുന്നതും പ്രശ്‌നമാണ്.
* ദീര്‍ഘനേരം കംപ്യട്ടൂര്‍ സ്‌ക്രീനില്‍ നോക്കിയിരിക്കുന്നത് കണ്ണുകളില്‍ വരള്‍ച്ച ഉണ്ടാക്കും.

സീമ