ത്വക്ക് രോഗങ്ങളും ആയുര്‍വേദ ചികിത്സാരീതിയും
ത്വക്ക് രോഗങ്ങളും ആയുര്‍വേദ ചികിത്സാരീതിയും
Monday, January 21, 2019 3:26 PM IST
ത്വക്ക്‌രോഗമാണോ? എങ്കില്‍ ആയുര്‍വേദത്തില്‍ കാണിക്കുന്നതാണ് നല്ലത്. ഇത്തിരി സമയമെടുത്താലും പരിപൂര്‍ണ്ണ സുഖം ഉറപ്പാണ്. ഇത്തരം വര്‍ത്തമാനം നമ്മള്‍ പലപ്പോഴും കേള്‍ക്കാറുള്ളതാണ്. ആയുര്‍വേദത്തിന്റെ ത്വക് രോഗങ്ങളോടുള്ള സമീപനം എങ്ങനെയാണെന്ന് നോക്കാം.

ത്വക്ക് രോഗം പലവിധം

ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ ത്വക്ക് രോഗങ്ങളെ മുഴുവനായും 'കുഷ്ഠരോഗം' എന്നു തന്നെയാണ് പറയുന്നത്. ത്വക് രോഗമുണ്ടാകാനുള്ള പ്രധാന കാരണം വിരുദ്ധങ്ങളായ അന്നപാനങ്ങളാണ്. തെറ്റായ ആഹാരശീലങ്ങളും തെറ്റായ ദിനചര്യയും, എന്തിന് ചെയ്തുകൂട്ടുന്ന പാപകര്‍മ്മങ്ങള്‍ വരെ ത്വക് രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്. ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളും രസം, രക്തം, മാംസം തുടങ്ങിയ ധാതുക്കളും ദുഷിച്ചാണ് ത്വക്കില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത്.

പ്രധാനമായും 18 വിധത്തിലുള്ള കുഷ്ഠരോഗങ്ങളെക്കുറിച്ച് ആയുര്‍േവദം പറയുന്നുണ്ട്. ഇതില്‍ ഇന്ന് വളരെയധികം കണ്ടു വരുന്ന ത്വക്ക് രോഗങ്ങളാണ് കിടിഭം, വിചര്‍ച്ചിക, സിധ്മം, ഗജചര്‍മം തുടങ്ങിയവ. ചര്‍മം വരണ്ട് തൊാല്‍ പരുപരുപ്പുള്ളതായി മാറി നല്ല ചൊറിച്ചിലോടെ വരുന്ന രോഗമാണ് കിടിഭം. ചൊറിച്ചില്‍ വന്ന്, തൊലി പൊട്ടി, നീരൊലിച്ച് വരുന്നതാണ് വിചര്‍ച്ചിക. ആനത്തോല്‍ പോലെ ചര്‍മം പരുപരുപ്പാകുന്നത് ഗജചര്‍മമാണ്.

രോഗിക്ക് ഏറെ വിഷമമുണ്ടാക്കുന്ന മറ്റൊരു രോഗമാണ് സിധ്മം. തൊലിയില്‍ താരന്‍ പോലെ വന്ന്, ഇളക്കിക്കളയുമ്പോള്‍ നീരും രക്തവും വരുന്ന രോഗമാണിത്. ചൊറിച്ചിലും തൊലിക്ക് നിറഭേദവും സംഭവിക്കുന്നു. സോറിയാസിസുമായി ഇതിനെ താരതമ്യം ചെയ്യാം.

പ്രതിവിധി

ത്വക്ക് രോഗങ്ങളെ പ്രാരംഭ ദശയില്‍ തന്നെ ചികിത്സിക്കണം. നേരത്തെ ചികിത്സ ലഭ്യമാക്കിയാല്‍ അവ വളരെ വേഗത്തില്‍ തന്നെ ശമിക്കുന്നതാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, പല മരുന്നുകളും പരീക്ഷിച്ച് മനം മടുത്ത ശേഷമാണ് ആയുര്‍വേദം ഒന്ന് പരീക്ഷിച്ചുകളയാം എന്ന മട്ടില്‍ പലരോഗികളും എത്തുന്നത്.

രോഗത്തെ ശരീരത്തിനകത്ത് തന്നെ ഒതുക്കി നിര്‍ത്താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചവര്‍ ആയിരിക്കും ഇത്തരം രോഗികള്‍. ക്രോണിക് അവസ്ഥയിലെത്തിയ ഇത്തരം ത്വക്ക് രോഗങ്ങള്‍ക്ക് ശമന ചികിത്സ മാത്രം മതിയാകണമെന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്‌നേഹപാനത്തില്‍ തുടങ്ങി വിരേചനം വരെയുള്ള പഞ്ചകര്‍മങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു.

രോഗത്തിന് കാരണമായ ദോഷദൂഷ്യങ്ങളെ ശരീരത്തില്‍ നിന്നും ഉന്മൂലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ശരീരശോധനയ്ക്ക് ശേഷം ത്വക്കില്‍ വേണ്ടതായ ലേപനങ്ങളും ധാരകളും മറ്റും ചെയ്യണം. ശമനത്തിനായി കഷായങ്ങളും അരിഷ്ടാസവങ്ങളും കഴിക്കാനായി നല്‍കാം.


എല്ലാ ത്വക്ക് രോഗങ്ങളിലും പിത്ത ദോഷത്തിനും അനുബന്ധമായി രക്തത്തിനും ദുഷ്ടി സംഭവിക്കുന്നു. അതുകൊണ്ട് പിത്തശമനവും രക്തപ്രസാദനവും ആയ ഗുളൂച്യാദി, മഹാതിക്തകം, മഞ്ജിഷ്ടാദി, ശോണിതാമൃതം തുടങ്ങിയ കഷായങ്ങള്‍ നല്ലതാണ്.

ത്വക്ക് രോഗങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍ ആഹാരങ്ങളില്‍ വളരെ പഥ്യം നോക്കേണ്ടതാണ്. തൈര്, ഉഷ്ണമുണ്ടാക്കുന്ന ചുവന്ന മുളക്, ചിക്കന്‍ തുടങ്ങിയവ പാടേ ഒഴിവാക്കേണ്ടതാണ്. പ്രാര്‍ഥനയും ചികിത്സയായി പറയുന്നു. മനസില്‍ ശുഭചിന്തകള്‍ വന്ന് സംഘര്‍ഷങ്ങള്‍ കുറയ്ക്കുക എന്നതാണ് ഉദ്ദേശ്യം. മാനസിക സംഘര്‍ഷങ്ങള്‍ ശരീരത്തിലെ പിത്തത്തിന്റെ അളവ് വര്‍ധിക്കാന്‍ കാരണമാണ്.

ഇത് ശീലമാക്കാം

നെയ്യ് പൊതുവെ ശീതവും സ്‌നിഗ്ദ്ധവും ആയതിനാല്‍ ദിവസവും കഴിച്ചാല്‍ ത്വക്കിന് നല്ലതാണ്. ദിവസവും രാവിലെ ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുന്നതുവഴി ത്വക് രോഗങ്ങളെ പ്രതിരോധിക്കാം. എല്ലാ ദിവസവും എണ്ണ തേച്ചുള്ള കുളി, ദിനചര്യയില്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിവേഗമേറിയ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആഴ്ചയിലൊരിക്കലെങ്കിലും എണ്ണ തേച്ചുള്ള കുളി ശീലമാക്കുക. ത്വക്കിന് ഏലാദിതൈലവും നാല്പാമരാദി തൈലവും നല്ലതാണ്. സാധാരണ നല്ലെണ്ണയോ തേങ്ങാപ്പാലോ ഉപയോഗിക്കുന്നതും അത്യുത്തമം.

ശരീരത്തിലെ മൃതകോശങ്ങളെ ഇളക്കിക്കളയാന്‍ ഉദ്ഘര്‍ഷണം (ആീറ്യ ടരൃൗയ) എന്ന ചികിത്സാരീതിയും അനുവര്‍ത്തിക്കാവുന്നതാണ്. ഇതിനായി സിദ്ധാര്‍ത്ഥ കസ്‌നാന ചൂര്‍ണം, ആരഗ്വ ധാദി ചൂര്‍ണം, നാല്പാമരാദി ചൂര്‍ണം, ത്രിഫലാദി ചൂര്‍ണം എന്നിവ നല്ലതാണ്.

ആരോഗ്യമുള്ള ശരീരത്തില്‍ രോഗങ്ങള്‍ പെെട്ടന്ന് ബാധിക്കില്ല. അതുപോലെ ആരോഗ്യമുള്ള ത്വക്കിലും രോഗങ്ങള്‍ പെെട്ടന്ന് വരില്ല. അന്തരീക്ഷം പുകയും പൊടിയും കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയില്‍ എണ്ണ തേപ്പും രണ്ടു നേരമുള്ള സ്‌നാനവും ഉദ്ഘര്‍ഷണവും എല്ലാം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു.



ഡോ. അഭിജിത് നാരായണന്‍
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, ധാത്രി ആയുര്‍വേദ ഹോസ്പിറ്റല്‍, എറണാകുളം