നടനവേദിയിലെ താരമായി മഞ്ജുമിത്ര
നടനവേദിയിലെ താരമായി മഞ്ജുമിത്ര
Friday, October 12, 2018 2:46 PM IST
മഞ്ജുമിത്ര ശരത്തിന് നൃത്തം ജീവനാണ്. തനിക്ക് സ്വായത്തമായ നടനവൈഭവത്തില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ് ഈ യുവതി. കുവൈറ്റിലെ ശിവദം സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഉടമയായ മഞ്ജുമിത്ര ഈ ഓണക്കാലത്ത് വ്യത്യസ്തമായ നൃത്തരൂപവുമായാണ് പ്രേക്ഷകരെ കൈയിലെടുത്തത്. മഹാബലി ചരിതം ചവിട്ടുനാടക രൂപത്തില്‍ വിദേശത്ത് അവതരിപ്പിച്ച് ഇവര്‍ പ്രേക്ഷകരുടെ കൈയടി നേടി. എടപ്പാള്‍ സ്വദേശിയും ഇംഗ്ലീഷ് അധ്യാപികയുമായ മഞ്ജുമിത്ര ശരത്തിന്റെ നൃത്ത വിശേഷങ്ങളിലേക്ക്...

മഹാബലി ചരിതം ചവിട്ടുനാടകത്തിലേക്ക്

ബൈബിള്‍ കഥകളും പാശ്ചാത്യ കഥകളുമാണ് ഇതുവരെ ചവിട്ടുനാടക രൂപത്തില്‍ അവതരിപ്പിച്ചിരുന്നത്. അതില്‍ നിന്ന് വ്യത്യസ്തമായി മഹാബലിയുടെ ചരിത്രം ചവിട്ടുനാടക രൂപത്തില്‍ അവതരിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായി. കുവൈറ്റിലാണ് താമസമെങ്കിലും അതിനായി ഞാന്‍ ഗോതുരുത്തിലുള്ള തമ്പി പയ്യപ്പിള്ളി ആശാനെ സമീപിച്ചു. ചവിട്ടുനാടകത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു തരാമെന്ന് ആശാന്‍ സമ്മതിച്ചു. അങ്ങനെ ഞാന്‍ തന്നെ കൊറിയോഗ്രഫിയും സംവിധാനവും നിര്‍വഹിച്ച മഹാബലി ചരിതം ചവിട്ടുനാടകം ഓണക്കാലത്ത് കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചവിട്ടുനാടകത്തില്‍ മഹാബലിയുടെ ഭരണകാലം മുതല്‍ ഓണംവരെയുള്ള കാര്യങ്ങളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതോളം കലാകാരന്മാരാണ് അണിനിരന്നത്.

നാലാം വയസില്‍ തുടങ്ങിയ നൃത്തപഠനം

എടപ്പാള്‍ സ്വദേശി ഇളമന രാജഗോപാല്‍ - ഉഷാദേവി ദമ്പതികളുടെ മകളാണ് മഞ്ജുമിത്ര. കുട്ടിക്കാലം മുതല്‍ മകള്‍ക്ക് നൃത്തത്തില്‍ കമ്പമുണ്ടെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മഞ്ജുമിത്രയെ നാലാം വയസില്‍ നൃത്തം പഠിപ്പിക്കാന്‍ ചേര്‍ത്തു. ടി.പി ബാലന്‍മാഷ് ആയിരുന്നു ആദ്യ ഗുരു. കുവൈറ്റിലെ ഓണാഘോഷ പരിപാടികളില്‍ മഞ്ജുമിത്ര നൃത്തം അവതരിപ്പിച്ചു. ഇപ്പോള്‍ ഭരതനാട്യത്തില്‍ രമ വൈദ്യനാഥനും രചന നാരാ യണന്‍കുട്ടിയും, മീര ശ്രീനാരായണനും തൃശൂര്‍ ജനാര്‍ദനനും കുച്ചുപുടിയില്‍ ഗീത പത്മകുമാറും മോഹിനിയാട്ടത്തില്‍ കലാമണ്ഡലം അജിത രവികുമാറുമാണ് ഗുരുക്കന്മാര്‍. 1997 മുതല്‍ 2004 വരെ സ്‌കൂള്‍ കലോത്സവത്തില്‍ മഞ്ജുമിത്ര കലാതിലകമായിരുന്നു. ബിരുദ പഠനകാലത്ത് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളജ് ചെയര്‍പേഴ്‌സണും ആയിരുന്നു. അക്കാലത്ത് നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജുമിത്രയ്ക്കായിരുന്നു.


നൃത്ത വിദ്യാലയങ്ങളുടെ പിറവി

കുവൈറ്റില്‍ ഗ്ലോബല്‍ ഇന്റര്‍നാഷണലിലെ പ്രൊക്യുര്‍മെന്റ് ഓഫീസറായ ശരത്തിന്റെ ജീവിതസഖിയായതോടെ മഞ്ജുമിത്ര തന്റെ തട്ടകം കുവൈറ്റിലേക്ക് മാറ്റി. തുടര്‍ന്ന് 2013ല്‍ ശിവദം സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന പേരില്‍ കുവൈറ്റില്‍ നൃത്തവിദ്യാലയം തുടങ്ങി. കുവൈറ്റിലെ വിവിധ സ്ഥലങ്ങളിലായി ശിവദത്തിന് നാലു ബ്രാഞ്ചുകളുണ്ട്. റെഗുലര്‍ ക്ലാസില്‍ 150 വിദ്യാര്‍ഥികളാണുള്ളത്. കൂടാതെ പരിപാടികള്‍ക്കായി കുട്ടികളെ പരിശീലിപ്പിക്കുന്നുമുണ്ട്.

നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്.

നൃത്തത്തോടൊപ്പം അധ്യാപനവും

ഇംഗ്ലീഷില്‍ എം.എയും ഹ്യുമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എംബിഎയും ഇംഗ്ലീഷിലും കൊമേഴ്‌സിലും ബിഎഡുമുള്ള മഞ്ജുമിത്ര കുവൈറ്റിലെ ദി ഇന്ത്യന്‍ ക്യമൂണിറ്റി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ്.

പുരസ്‌കാരങ്ങള്‍

നാട്യകലാ ഭ്രമരി പുരസ്‌കാരം ഉള്‍പ്പെടെ വിവിധ അവാര്‍ഡുകളും മഞ്ജുമിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

സീമ മോഹന്‍ലാല്‍