അമ്മയുടെ റെസിപ്പി, അനുവിന്‍േറയും
അമ്മയുടെ റെസിപ്പി, അനുവിന്‍േറയും
Thursday, October 11, 2018 3:26 PM IST
നല്ല ഹോംമെയ്ഡ് കേക്ക് എവിടെക്കിട്ടും?' ഭക്ഷണപ്രേമികളുടെ ഗ്രൂപ്പില്‍ ഒരു കേക്ക് ആരാധകന്റെ ചോദ്യം. പോസ്റ്റിനു താഴെ മറ്റ് അംഗങ്ങളുടെ മറുപടി വന്നു, 'അനു ബേക്ക് എവേ ട്രിവാന്‍ഡ്രം'. ബേക്ക് എവേയുടെ ഫേസ്ബുക്ക് പേജില്‍ കണ്ട നമ്പരിലേക്കു പിന്നെ ഫോണ്‍ കോളുകളുടെ പ്രവാഹമായിരുന്നു. കോളിന്റെ ഇങ്ങേ തലയ്ക്കല്‍ അനു എല്ലാവര്‍ക്കും മറുപടി നല്‍കി. ചിലര്‍ ഫേസ്ബുക്ക് പേജ് വഴിയാണ് കേക്കിന് ഓര്‍ഡര്‍ നല്‍കുന്നത്. ഓര്‍ഡറുകള്‍ കൃത്യമായി പൂര്‍ത്തിയാക്കി ഡെലിവര്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നെ അനു കാത്തിരിക്കുന്നത് അവരുടെ അഭിപ്രായം അറിയാനാണ്. പ്രതീക്ഷിക്കുന്നതുപോലെ ഫോണ്‍ കോള്‍ ആയോ മെസേജ് ആയോ മറുപടിയെത്തും.

സംസാരിച്ചു തുടങ്ങിയപ്പോഴേക്കും അനു അടുത്ത കേക്കിന്റെ കൂട്ടുകള്‍ ചേര്‍ത്തു വച്ചു. ഇടയ്ക്കു വിശേഷം പറച്ചിലിന് തെല്ലൊരു ഇടവേള നല്‍കും. പിന്നെ ശ്രദ്ധ കേക്കിലേക്കു മാത്രം. എന്നിട്ടു പറയും, 'പാകം തെറ്റിയാല്‍ ആകെ കുഴയും.'

ഐടി മേഖലയിലെ ജോലിത്തിരക്കിനിടയില്‍ കേക്ക് ബേക്കിംഗിനായി സമയം കണ്ടെത്തുന്നതിനേക്കുറിച്ച് അനു അലക്‌സാണ്ടര്‍ പറയുന്നു.

പാഷന്‍ നല്‍കുന്ന സംതൃപ്തി

എന്റെ മക്കള്‍ക്ക് കേക്ക് ഉണ്ടാക്കികൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ഞാന്‍ ബേക്കിംഗ് തുടങ്ങിയത്. ചില പ്പോള്‍ സുഹൃത്തുക്കള്‍ക്കു വേണ്ടിയും കേക്കുകള്‍ ചെയ്യാറുണ്ട്. ഇങ്ങനെ കേക്ക് കഴിച്ച ആരോ എന്റെ ചോക്ലേറ്റ് കേക്കിനെക്കുറിച്ചുള്ള അഭിപ്രായം ഈറ്റ് അറ്റ് ട്രിവാന്‍ഡ്രം എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇട്ടു. അങ്ങനെയാണ് യാതൊരുവിധ പരിചയവും ഇല്ലാത്തവര്‍പോലും എന്നെ വിളിച്ച് കേക്കിന് ഓര്‍ഡര്‍ തന്നു തുടങ്ങിയത്. വളരെ പെട്ടെന്നു തന്നെ എനിക്ക് വരുന്ന കോളുകളുടെ എണ്ണം കൂടി. അപ്പോഴാണ് ഈ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ റേഞ്ച് എനിക്കു മനസിലായത്. ശനി, ഞായര്‍ ദിവസങ്ങളില്‍ എനിക്ക് അവധിയാണ്. അന്ന് കൂടുതല്‍ ഓര്‍ഡര്‍ കാണും.

വരുമാനം എന്നതിനപ്പുറം എനിക്കിഷ്ടം കേക്ക് കഴിച്ചശേഷം അഭിപ്രായം പറയാന്‍ വേണ്ടി വിളിക്കുന്നവരുടെ സംതൃപ്തിയാണ്. ചിലപ്പോള്‍ ആ വീടുകളിലെ കുട്ടികളും സംസാരിക്കാറുണ്ട്. അവരുടെ വാക്കിലെ മധുരമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഔട്ട്, ഹോംമെയ്ഡ് ഇന്‍

'ഭക്ഷണത്തിനു രുചിയും ആയുസും കൂുന്നതിനായി ഏതു തരം രാസപദാര്‍ഥങ്ങളും ചേര്‍ക്കാന്‍ മടിയില്ലാത്തവരായി മാറിക്കഴിഞ്ഞു പലരും. പല ജങ്ക് ഫുഡ്‌സും ഉണ്ടാക്കിയേക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അവയൊന്നും വാങ്ങുന്നതില്‍ നമുക്കും എതിര്‍പ്പില്ല.' ഇവിടെ ഒരുതരം വിട്ടു വീഴ്ചയാണ് നടക്കുന്നതെന്ന് അനു പറയുന്നു. 'കൃത്രിമ രുചികളെ പടിക്കു പുറത്തു നിര്‍ത്തിക്കൊണ്ട് ആരോഗ്യകരവും രുചികരവുമായ ഭക്ഷണം വീട്ടില്‍ തന്നെയുണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ അതിനായി കുറച്ചു സമയം നീക്കിവയ്ക്കണം എന്നു മാത്രം.'

അമ്മ മനസിന്റെ നന്മക്കൂട്ട്

എന്റെ കുികള്‍ക്കു വേണ്ടി പാകം ചെയ്യുന്ന ഒരു ഭക്ഷണത്തിലും ആരോഗ്യത്തിനു ദോഷകരമായ ഒന്നും ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുപോലെ തന്നെയല്ലേ മറ്റു വീട്ടിലെ കുട്ടികളും. പല അമ്മമാരും കേക്കിന് ഒര്‍ഡര്‍ തരുമ്പോള്‍ പ്രത്യേകം ചോദിക്കാറുണ്ട്, വീട്ടില്‍ കുഞ്ഞുങ്ങള്‍ ഉള്ളതാണ്. കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേന്ന്. ഈ കരുതല്‍ നമുക്കു കണ്ടില്ലെന്നുവയ്ക്കാനാവില്ലല്ലോ. ഞാന്‍ പാകം ചെയ്യുന്ന കേക്കില്‍ ഒരു ശതമാനം പോലും കൃത്രിമമായി ഒന്നും ചേര്‍ക്കുന്നില്ലെന്ന് ഉറപ്പു നല്‍കാം.

ഐസിംഗ് വേണ്ട, പകരം ചോക്ലേറ്റ്‌സ് ആകാം

ചിതറിക്കിടക്കുന്ന പച്ചയും മഞ്ഞയും നീലയും നിറങ്ങളിലുള്ള ജെംസ് മിഠായിക്കിടയില്‍ രണ്ട് കിറ്റ്കാറ്റ് ഫിംഗേഴ്‌സ്, കുറച്ച് ഡയറി മില്‍ക്ക് കഷണങ്ങള്‍. അല്ലെങ്കില്‍ ചിലപ്പോള്‍ വാനിലയോ കാരമെല്ലോ കൊണ്ട് ഒരുക്കുന്ന പൂക്കള്‍. ഇങ്ങനെ വളരെ രസകരമാണ് അനുവിന്റെ കേക്കിലെ ടോപ്പിംഗ്‌സ്. ഇതൊന്നും വേണ്ട, മറ്റു നിറങ്ങളിലുള്ള ഐസിംഗ് മതി എന്നു പറയുന്നവരോട് അനു അപ്പോള്‍ തന്നെ നോ പറയും. അതെന്താ അങ്ങനെ എന്ന ചോദ്യത്തിനുള്ള ഉത്തരവും അനുവിന്റെ കൈയില്‍ റെഡിയാണ് 'പച്ചയും മഞ്ഞയും റോസും നിറങ്ങള്‍ വച്ച് അലങ്കരിക്കുന്ന കേക്ക് കാണാന്‍ നല്ല ഭംഗിയാണ്. രുചിയും ഉണ്ടാകും. പക്ഷേ അതൊക്കെ കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാഞ്ഞിട്ടല്ല, മറിച്ച് ആരും അത് അത്ര കാര്യ മാക്കുന്നില്ല എന്നതാണ് സത്യം. മുതിര്‍ന്നവരുടെ കാര്യം വിടു. ഇതൊക്കെ കഴിച്ചാല്‍ കുട്ടികള്‍ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ഉണ്ടാവുക? അനു ചോദിക്കുന്നു. തന്റെ കേക്ക് കഴിക്കുന്ന ഒരാള്‍ക്കു പോലും യാതൊരു വിധത്തിലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകരുത് എന്ന് അനുവിന് നിര്‍ബന്ധമാണ്.

ക്യൂട്ടിക്യൂട്ടി കപ്പ് കേക്കുകള്‍

ബര്‍ത്ത് ഡേ കേക്കുകള്‍ക്കു പുറമേ അനുവിന്റെ കപ്പ് കേക്കുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്. വര്‍ണ കടലാസില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന ഇവ പേരു പോലെ തന്നെ വളരെ ക്യൂട്ട് ആണ്. 'ഒരിക്കല്‍ വാങ്ങുന്ന പലരും വീണ്ടും വീണ്ടും ഓര്‍ഡര്‍ തരാറുണ്ട്. കപ്പ് കേക്കിലും ഐസിംഗിനായി കൃത്രിമമായി ഒന്നും ചേര്‍ക്കാറില്ല. ഇതിനും ചോക്ലേറ്റോ ന്‌സോ ഉപയോഗിച്ചുള്ള ടോപ്പിംഗ്‌സ് ആണ് നല്‍കുന്നത്.' അനു പറഞ്ഞു.

ഈ റെഡ് വെല്‍വെറ്റ് എന്താ ഇങ്ങനെ?

റെഡ് വെല്‍വെറ്റിനു വലിയ ഡിമാന്‍ഡാണ് കേക്ക് പ്രേമികള്‍ക്കിടയില്‍. പക്ഷേ റെഡ് വെല്‍വെറ്റിനെക്കുറിച്ച് കൂടുതല്‍ അറിയുന്തോറും ആരാധന കുറയാനാണ് സാധ്യത എന്ന് അനു പറയുന്നു.

അനു എന്താ റെഡ് വെല്‍വെറ്റ് ഉണ്ടാക്കാത്തെ? ഈ ചോദ്യം കേട്ട് മടുത്തിട്ടാണ് എങ്കില്‍ പിന്നെ ഒരു കൈ നോക്കാം എന്ന് അനു തീരുമാനിച്ചത്. പക്ഷേ കേക്കിന്റെ ചേരുവകള്‍ നോക്കിയപ്പോഴാണ് മനസിലായത് റെഡ് വെല്‍വെറ്റ് റെഡ് ആക്കാന്‍ ചേര്‍ക്കുന്നത് ഫുഡ് കളര്‍ ആണെന്ന്. പിന്നെ അതിനു പകരം എന്ത് എന്നായി അനുവിന്റെ ചിന്ത. 'റെഡ് വെല്‍വെറ്റ് കേക്ക് കഴിച്ചുകഴിഞ്ഞ് ശ്രദ്ധിച്ചാല്‍ മനസിലാകും, നമ്മുടെ കൈയും വായും ഒക്കെ മിക്കവാറും ചുവന്നിരിക്കും. കേക്കിനു നിറം കിട്ടാന്‍ ചേര്‍ക്കുന്ന ഫുഡ് കളറുകളാണ് ഇതിനു പിന്നില്‍. എങ്കില്‍ പിന്നെ ട്രഡീഷണല്‍ രീതി തന്നെ പരീക്ഷിക്കാം എന്നു കരുതി. അങ്ങനെയാണ് ഞാന്‍ കൊക്കോയും മോരും വെള്ളവും വിന്നാഗിരിയും ഉപയോഗിച്ച് വീട്ടില്‍ തന്നെ റെഡ് വെല്‍വെറ്റ് ഉണ്ടാക്കിയത്. ഇവ മൂന്നും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന രാസ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് കൊക്കോയ്ക്ക് ചുവപ്പു നിറം കിട്ടുന്നത്. കേക്ക് ഉണ്ടാക്കിക്കഴിഞ്ഞപ്പോള്‍ റെഡ് വെല്‍വെറ്റിന് എന്താ ഈ നിറം എന്നായി ചിലര്‍. നമ്മുടെ ആള്‍ക്കാര്‍ക്ക് റെഡ് വെല്‍വെറ്റില്‍ ഉപയോഗിക്കുന്ന കൃത്രിമ നിറം കണ്ട് ശീലമായി പ്പോയതുകൊണ്ടാണ് ഈ ചോദ്യം എന്ന് അനു പറയുന്നു.

ജോലിയും ബേക്കിംഗും ഒരുപോലെ

നമ്മള്‍ എന്തെങ്കിലും ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ഒരു ബാധ്യതയായി കാണാതിരിക്കുകയാണ് പ്രധാന മെന്നാണ് അനുവിന്റെ പക്ഷം. 'ജോലിയും കേക്ക് ബേക്കിംഗും എങ്ങനെ ഒരുമിച്ചു സാധിക്കുന്നു, മക്കളുടെ കാര്യം നോക്കണ്ടേ, വീട്ടില്‍ സഹായിക്കാന്‍ ആളുണ്ടല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ കേട്ടു ഞാന്‍ മടുത്തതാണ്. എല്ലാവര്‍ക്കും ഒരുപോലെ കിട്ടുന്നതാണ് ഒരു ദിവസം. എല്ലാവര്‍ക്കും 24 മണിക്കൂറുണ്ട്. അതിനുള്ളില്‍ എന്തൊക്കെ ചെയ്യണം എന്നും എത്ര സമയം നീക്കി വയ്ക്കണം എന്നും തീരുമാനിക്കേണ്ടത് നമ്മളാണ്. ബേക്കിംഗില്‍ സഹായിക്കാന്‍ ആരെയെങ്കിലും നിര്‍ത്തിക്കൂടെ എന്നു പലരും ചോദിക്കാറുണ്ട്. പക്ഷേ അതില്‍ എനിക്കു സംതൃപ്തിയില്ല. മാത്രമല്ല ഞാന്‍ ഇത് ഒരു ജോലിയായി കാണുന്നില്ല. ഇത് എന്റെ പാഷനാണ്. അതിലെങ്ങനെ മറ്റൊരാളെ സഹായിയാക്കാന്‍ സാധിക്കും? അതുപോലെ തന്നെയാണ് എന്റെ ജോലിയും. ഓഫീസില്‍ ആയിരിക്കുന്ന സമയം ഞാന്‍ പൂര്‍ണമായും അതിനു വേണ്ടി മാറ്റിവച്ചിരിക്കുകയാണ്.' അനു പറഞ്ഞു. തിരുവനന്തപുരം യുഎസ്ടി ഗ്ലോബലില്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ് ആണ് അനു.

കുടുംബം

കോട്ടയം സ്വദേശിയായ അനു ഇപ്പോള്‍ ഭര്‍ത്താവിനും മക്കള്‍ക്കും ഒപ്പം തിരുവനന്തപുരം കുറവന്‍കോണത്താണ് താമസം. ഭര്‍ത്താവ് മനോജ് മത്തായി അലയന്‍സിലെ ഉദ്യോഗസ്ഥനാണ്. 'പുള്ളി വലിയ മധുരപ്രിയന്‍ അല്ലെങ്കിലും ഞാനുണ്ടാക്കുന്ന കേക്ക് കഴിച്ച് അഭിപ്രായം പറയാറുണ്ട്.'

വീട്ടുവിശേഷങ്ങള്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും അനുവിന്റെ ഇളയ മകന്‍ അലക്‌സ് പരാതിയുമായി അടുക്കളയിലേക്ക് എത്തിയത്. 'ഞങ്ങള്‍ക്ക് കേക്ക് ഉണ്ടാക്കാന്‍ അമ്മയ്ക്ക് ഇപ്പോ ടൈം കിാറില്ല'. ഇതു നിനക്കുള്ളതാണെന്നു പറഞ്ഞ് അനു അലക്‌സിനെ സമാധാനിപ്പിച്ചപ്പോഴേക്കും മൂത്ത മകന്‍ മാത്യുവും ഓടിയെത്തി. കേക്ക് തങ്ങള്‍ക്കുള്ളതാണെന്ന് ഉറപ്പു കിട്ടിയശേഷമാണ് രണ്ടുപേരും അടുക്കള വിട്ടത്.

അമ്മയുടെ രുചിക്കൂട്ട്

അമ്മ രോഹിണിയുടെ രുചിക്കൂട്ടാണ് കേക്ക് പ്രേമികള്‍ക്കിടയില്‍ അനു ബേക്ക് എവേയിലെ കേക്കുകളെ പ്രിയപ്പെട്ടതാക്കുന്നത്. 'വീട്ടില്‍ ആയിരിക്കുമ്പോള്‍ അമ്മയുണ്ടാക്കുന്ന കേക്ക് കഴിക്കുക മാത്രമായിരുന്നു എന്റെ ഹോബി. അന്നൊക്കെ എന്റെ സുഹൃത്തുക്കള്‍ വീട്ടിലേക്കു വരുന്നതു തന്നെ അമ്മയുടെ ഹോംമെയ്ഡ് കേക്ക് കഴിക്കാനായിരുന്നു. അപ്പോഴൊന്നും അതു പഠിക്കുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. പക്ഷേ ഹോംമെയ്ഡ് കഴിച്ചു ശീലിച്ചതുകൊണ്ടാവാം എനിക്ക് മറ്റു കേക്കുകള്‍ കഴിക്കാന്‍ തോന്നിയിരുന്നില്ല. പിന്നെ കുികള്‍ കൂടി ആയപ്പോള്‍ അവര്‍ക്ക് പുറത്തു നിന്നു വാങ്ങുന്ന കേക്ക് കൊടുക്കാനും എനിക്കു ധൈര്യമില്ലായിരുന്നു. അങ്ങനെ അവര്‍ക്കു വേണ്ടിയാണ് ഞാന്‍ അമ്മയുടെ കേക്ക് റെസിപ്പി വാങ്ങുന്നതും ബേക്കിംഗ് തുടങ്ങിയതും.'

അഞ്ജലി