അടര്‍ക്കളം വാഴാന്‍ അവര്‍ തയാര്‍
അടര്‍ക്കളം വാഴാന്‍ അവര്‍ തയാര്‍
Thursday, September 20, 2018 3:43 PM IST
കേരള പോലീസിലെ പ്രഥമ വനിതാപോലീസ് ബറ്റാലിയനിലെ 578 പേരില്‍ 44 പേര്‍ വനിതാകമാന്‍ഡോകളാണ്. കേരളത്തിലെ ആദ്യത്തെ വനിത കമാന്‍ഡോ ബാച്ച്. പെണ്‍കരുത്തിന്റെ പുതിയ അധ്യായമാണ് ഈ വനിത കമാന്‍ഡോകള്‍ കേരള പോലീസിന്റെ ചരിത്രത്തില്‍ കുറിച്ചത്. അഭ്യാസങ്ങളും ആയുധ വിദ്യകളും പഠിച്ചെടുത്ത് പുതിയ കാലത്തിന്റെ ഉണ്ണിയാര്‍ച്ചകളാവുകയാണ് ഇവര്‍.

അവള്‍ക്കൊപ്പമല്ല...അവള്‍ നമുക്കൊപ്പമാണ്...

മകളായിരുന്നു, മരുമകളായിരുന്നു, പേരക്കുട്ടിയായിരുന്നു, പെങ്ങളായിരുന്നു, കൂട്ടുകാരിയായിരുന്നു. ഇന്നവള്‍ അതിനെല്ലാം മേലെയാണ്. കേരള പോലീസിലെ ആദ്യത്തെ വനിത കമാന്‍ഡോ ട്രൂപ്പിലെ അംഗമാണവള്‍...

തൃശൂര്‍ രാമവര്‍മപുരം കേരള പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടില്‍ ആദ്യ വനിതകമാന്‍ഡോകളുടെ പാസിംഗ് ഔട്ട് പരേഡിനു ശേഷം കണ്ട കാഴ്ചകള്‍ ഹൃദയ്‌സപര്‍ശിയായിരുന്നു.

കരിവളയിടേണ്ട കൈകളില്‍ കറുത്ത നിറമുള്ള മെഷിന്‍ ഗണ്ണും സ്‌റ്റെന്‍ഗണ്ണും പിസ്റ്റളും...മിഴി രണ്ടിലും നിതാന്ത ജാഗ്രതയുടെ തീക്കനലുകള്‍... നിറമുള്ള മനോഹര വസ്ത്രങ്ങള്‍ക്കു പകരം കറുപ്പു വസ്ത്രങ്ങള്‍... അടുക്കളയില്‍ കറിക്കത്തി കൈകാര്യം ചെയ്യും പോലെ സങ്കീര്‍ണമായ ആയുധങ്ങളെ നിസാരമായി കൈകാര്യം ചെയ്യുന്ന എക്‌സ്ട്രാ ഓര്‍ഡിനറി മികവ്.... ഏതു വിധ്വസംക ശക്തിക്കു മുന്നിലും കൈവിറക്കാതെ ഉന്നം പിഴക്കാതെ നിറയൊഴിക്കാനുള്ള കൈക്കരുത്ത്....

അക്കാദമി ട്രെയിനിംഗില്‍ ഒമ്പതു മാസം

കഴിഞ്ഞ ഒമ്പതു മാസമായി രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയാണ് ഈ 578 വനിതാ രത്‌നങ്ങള്‍ക്ക് വീട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വീട്ടുകാരേയും ഉറ്റവരേയും ഉടയവരേയും വിട്ടകന്ന് കഠിന പരിശീലനങ്ങളിലൂടെ കടന്നുപോയ ഒമ്പതുമാസത്തെ രാപ്പകലുകള്‍. അതിരാവിലെ മുതല്‍ ആരംഭിക്കുന്ന പരിശീലനങ്ങള്‍ക്കും ക്ലാസുകള്‍ക്കും ആയുധ പരിശീലനങ്ങള്‍ക്കുമെല്ലാം ഒടുവില്‍ പ്രൗഢ ഗംഭീരമായ പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന മുഖ്യമന്ത്രി തങ്ങളില്‍ നിന്നും അഭിവാദ്യം സ്വീകരിച്ച ആ അഭിമാന മുഹൂര്‍ത്തം!! മറക്കാനാവാത്ത ആ മുഹൂര്‍ത്തങ്ങളുടെ ഹാംഗ്ഓവറിലായിരുന്നു പാസിംഗ് ഔിനു ശേഷം ഓരോ വനിതാ പോലീസ് സേനാംഗവും.

സന്തോഷം മറച്ചുവക്കാതെ പെണ്‍മക്കളെ വാരിപ്പുണര്‍ന്ന് ഉമ്മ കൊടുക്കുന്ന അമ്മമാരെ അക്കാദമി കാമ്പസില്‍ കണ്ടു. യൂണിഫോമില്‍ മുന്നില്‍ വന്നു നിന്ന പൊന്നുമകളെ കണ്ണിമ ചിമ്മാതെ അത്ഭുതത്തോടെ നോക്കി നിന്ന അച്ഛനെയും കേരള പോലീസ് അക്കാദമിയില്‍ കണ്ടു.

ചരിത്രം കുറിച്ച പ്രഥമ വനിതാ ബറ്റാലിയന്‍

2017ലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനപ്രകാരം ഒരു വനിത പോലീസ് ബറ്റാലിയന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് പത്തേക്കര്‍ സ്ഥലവും സര്‍ക്കാര്‍ അനുവദിച്ചു. തുടര്‍ന്ന് ഇവിടെ വനിത ബറ്റാലിയന്‍ ഓഫീസും ആരംഭിച്ചു. എസ്.പി ആര്‍.നിശാന്തിനിയാണ് പ്രഥമ വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ്.


തുടര്‍ന്ന് പുതുതായി റിക്രൂട്ട് ചെയ്ത വനിത ബറ്റാലിയന്‍ സേനാംഗങ്ങളുടെ ഒമ്പതു മാസത്തെ പരിശീലനം 2017 സെപ്റ്റംബര്‍ 17ന് തൃശൂര്‍ രാമവര്‍മപുരം കേരള പോലീസ് അക്കാദമിയില്‍ ആരംഭിച്ചു.

ഒമ്പതു മാസത്തെ കഠിന പരിശീലനമാണ് ഏതൊരു സാധാരണക്കാരനേയും പോലീസാക്കി മാറ്റുന്നതെന്ന് സേനയിലുള്ളവര്‍ പറയാറുണ്ട്. ആകെ അടിമുടി മാറുന്ന പരിശീലനകാലയളവാണത്. വനിത പോലീസ് ബറ്റാലിയനിലുള്ളവരുടെ പരിശീലനങ്ങള്‍ക്കുമുണ്ടായിരുന്നു സവിശേഷതകള്‍.

ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂര്‍ത്തിയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഇവര്‍ ഐക്യരാഷ്ട്രസഭയുടെ വിമന്‍ ട്രെയിനിങ്ങ് സെന്റര്‍ ഇ ലേണിംഗ് കാമ്പസില്‍ നിന്നും 'ഐ നോ ജെന്‍ഡര്‍' 1, 2, 3 മൊഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയിുണ്ട്. ഒമ്പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തല്‍, ഡ്രൈവിങ്ങ്, കംപ്യൂട്ടര്‍, ആംസ്, ജംഗിള്‍ ട്രെയിനിങ്ങ്, ഫസ്റ്റ് എയ്ഡ് എന്നിവയിലും പ്രാവീണ്യവും നേടിയിട്ടുണ്ട്. കേരളത്തിലെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും നേടിയ അറിവും പരിശീലനവും ഇവര്‍ക്ക് കൈമുതലായുണ്ട്.

നാടിന്റെ പ്രതീക്ഷകള്‍ ഇനി ഇവരില്‍

ഒരു ജോലിയും കിട്ടാതെ പോലീസില്‍ വന്നു ചേര്‍ന്നവരല്ല ഇക്കൂട്ടത്തിലുള്ളത്. നല്ല പഠിപ്പും അറിവുള്ളവരാണ് ഇപ്പോള്‍ പുറത്തിറങ്ങിയ എല്ലാ സേനാംഗങ്ങളും.

82 പേര്‍ ബിരുദാനന്തരബിരുദം നേടിയവരും 19 പേര്‍ ബി.ടെക്കുകാരുമാണ്. അഞ്ചു പേര്‍ എം ബി എ, നാലു പേര്‍ എം സി എ, 55 പേര്‍ ബിരുദാനന്തരബിരുദത്തോടൊപ്പം ബി എഡ്, ഒരാള്‍ എം എഡ്, 62 പേര്‍ ബിരുദത്തോടൊപ്പം ബി എഡ്, മൂന്നു പേര്‍ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേര്‍ ബിരുദം, 23 പേര്‍ പോളിടെക്‌നിക് ഡിപ്ലോമ, 21 പേര്‍ ടി ടി സി, 60 പേര്‍ എച്ച് എസ് ഇ, 14 പേര്‍ എസ്എസ്എല്‍സി യോഗ്യതയുളളവരാണ്.

പാസിംഗ് ഔട്ട് പരേഡ് ദിനത്തില്‍ പെയ്ത കനത്ത മഴയിലും കുതിര്‍ന്നുപോകാത്ത രാമവര്‍മപുരം കേരള പോലീസ് ഗ്രൗണ്ടിലെ മണ്ണില്‍ ബൂട്ടി കാലുകള്‍ ഉറപ്പിച്ചു നിര്‍ത്തി അവര്‍ പ്രതിജ്ഞ ഏറ്റു ചൊല്ലി. കാര്‍മേഘങ്ങള്‍ നിറഞ്ഞ വാനില്‍ നിന്നു കേട്ട ഇടിമുഴക്കങ്ങളേക്കാള്‍ കനമുണ്ടായിരുന്നു അവരുടെ പോലീസ് ബൂട്ടിന്റെ മുഴക്കത്തിന്...അവരുടെ പ്രതിജ്ഞയ്ക്ക്...

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന അച്ഛനമ്മമാരുടെ പ്രാര്‍ത്ഥനയുണ്ട് നിങ്ങള്‍ക്ക് കൂട്ടായി...

ഋഷി
ഫോട്ടോ: ഗസൂണ്‍ജി പി.ജി