വാതികരോഗങ്ങള്‍ ആയുര്‍വേദത്തിലൂടെ
വാതികരോഗങ്ങള്‍ ആയുര്‍വേദത്തിലൂടെ
Saturday, September 15, 2018 4:47 PM IST
ആയുര്‍വേദചികിത്സ ത്രിദോഷസിദ്ധാന്തത്തില്‍ അധിഷ്ഠിതമാണ്. വാതം, പിത്തം, കഫം എന്നീ ത്രിസ്ഥൂണങ്ങളുടെ തുലനാവസ്ഥ ആരോഗ്യവും വൈഷമ്യം രോഗവുമായി വ്യവസ്ഥ ചെയ്തിരിക്കുന്നു.

വാതികരോഗങ്ങളെ ചുരുക്കത്തില്‍ പ്രതിപാദിക്കുക എന്നത് ദുഷ്‌കരമായ ഒരു ഉദ്യമമാണ്. എന്നാലും പ്രധാനമായി ഉണ്ടാകുന്ന രോഗാവസ്ഥകളെക്കുറിച്ച് വിവരിക്കാം. ധാതുക്ഷയകരങ്ങളായ ആഹാരവിഹാരങ്ങള്‍ നിരന്തരമായി ശീലിക്കുന്നതുകൊണ്ട് സ്രോതസുകളില്‍ രോധമുണ്ടായി വാതം കോപിക്കാം.

വാതകോപത്തിനുള്ളകാരണങ്ങള്‍

വാതം കോപിക്കുന്നതിന് കാരണങ്ങള്‍ നിരവധിയാണ്. ആഹാരക്രമത്തിലുള്ള വ്യത്യാസങ്ങള്‍, ഉറക്കമൊഴിയുക, വിഷമങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടുക, അധികചിന്ത, ദുഃഖം എന്നിവകൊണ്ട് ശരീരത്തിലെ ധാതുക്കളും ഓജസും ക്ഷീണിക്കുക, അടികൊണ്ടോ വീഴ്ചകൊണ്ടോ മമ്മര്‍ഭാഗങ്ങളില്‍ ക്ഷതം സംഭവിക്കുക, രോഗങ്ങള്‍ മുഖേനയോ അല്ലാതെയോ ആമം (പാകമാകാതെയുള്ള അവസ്ഥ) കൊണ്ടും സ്രോതസുകളില്‍ രോധം ഉണ്ടായി വാതം കോപിച്ച് രോഗങ്ങള്‍ ഉണ്ടാകുന്നു.

ലക്ഷണങ്ങള്‍

ആദിതം (Facical Paralysis)െ മുഖത്തുള്ള സിരകള്‍ സങ്കോചിച്ച് ഒരു ഭാഗത്തേയ്ക്ക് കോട്ടമുണ്ടാകുന്നു. ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും മുഖം ഒരുവശത്തേക്ക് കോടിപ്പോവുന്നു. ആ ഭാഗത്ത് കണ്ണുകള്‍ അടയുന്നില്ല. വാക്കുകള്‍ക്ക് നേരിയ തടസവും പല്ലിന് ഇളക്കം, ഒച്ചയടപ്പ്, കേള്‍വിക്കുറവ്, തലവേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.

പ്രസാരിണ്യാദി കഷായം, ധനദനയാനാദി കഷായം, യോഗരാജഗുല്‍ഗുലു തുടങ്ങിയ കഷായങ്ങള്‍ കഴിക്കാം. അതോടൊപ്പം ബാഹ്യചികിത്സകള്‍ തൈലം പുരുക, പുക കൊള്ളിക്കുക, നസ്യം ചെയ്യുക ഇവയെല്ലാം ഫലപ്രദമാണ്.

വാതം പലതരത്തില്‍സന്ധിവാതം (Arthritis)

സന്ധികള്‍ നീരുവന്ന് മടക്കാനും നിവര്‍ത്താനും കഴിയാതെ വരികയാണ് പ്രധാന ലക്ഷണം. അധികവും കാല്‍മുട്ടിനാണ് രോഗം ബാധിക്കുന്നതെങ്കിലും ക്രമേണ ഏതു സന്ധിയേയും ഈ രോഗം ബാധിക്കാം. പേശികളിലുണ്ടാവുന്ന വേദന, നേരിയ പനി എന്നീ ലക്ഷണങ്ങളോടുകൂടിയായിരിക്കും രോഗം പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ചെറിയ സന്ധികളിലും തുടര്‍ന്നു പ്രധാനപ്പെട്ട സന്ധികളിലും കേന്ദ്രീകരിച്ച് കാണപ്പെടുന്നു. പ്രാരംഭാവസ്ഥയില്‍ തന്നെ രോഗത്തിന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

ഔഷധങ്ങള്‍

ചെറിയരാസ്‌നാദി കഷായം, രാസ്‌നാസ്പതകം കഷായം, മഹാരാസ്‌നാദികഷായം, ദശമൂലരാസ്‌നാദി കഷായം, യോഗരാജഗുല്‍ഗുലു, ഷഡ്ധരണം ഗുളിക എന്നിവ കഴിക്കാം. ബാഹ്യപ്രയോഗങ്ങളും ചെയ്യാവുന്നതാണ്. ഇലക്കിഴി, അഭ്യംഗം തുടങ്ങിയ ചികിത്സാരീതികള്‍ രോഗത്തിന്റെ അവസ്ഥയനുസരിച്ച് ചികിത്സകന്റെ സഹായത്തോടും ഉപദേശത്തോടും കൂടി ചെയ്യാം.

പക്ഷവധം

പക്ഷാഘാതം എന്നറിയപ്പെടുന്ന (Paralysis) ശരീരത്തിന്റെ ഏതെങ്കിലും ഒരുഭാഗത്തെ സിരകളെ ശോഷിപ്പിക്കുകയും, സന്ധിബന്ധങ്ങളെ ചലനമില്ലാതാക്കുകയും ആ ഭാഗത്തെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്യുകയാണ് പ്രധാന ലക്ഷണങ്ങള്‍. തലച്ചോറിനുണ്ടാകുന്ന തകരാറുകള്‍, രക്താതിമര്‍ദ്ദം എന്നിവകൊണ്ട് രോഗം സ്വതന്ത്രമായി വരാം. ഏതെങ്കിലും ഗുരുതരമായ രോഗങ്ങളുടെ തുടര്‍ലക്ഷണമായും ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്.

ഔഷധങ്ങള്‍

സന്ധിവാതത്തില്‍ പറഞ്ഞപോലെയുള്ള കഷായങ്ങള്‍ ചെറിയ രാസ്‌നാദികഷായം, മഹാരാസ്‌നാദികഷായം, അഷ്ടവര്‍ഗം കഷായം എന്നീ യോഗങ്ങള്‍ ഫലപ്രദമാണ്. രക്താതിമര്‍ദം ക്രമീകരിക്കുക. ബാഹ്യചികിത്സകള്‍ പഞ്ചകര്‍മ്മചികിത്സാവിധിയനുസരിച്ച് അനുഷ്ഠിക്കുകയും ചെയ്യാം.


ആമവാതം

സന്ധികള്‍ തോറും നീരും വേദനയും മാറി മാറി ഉണ്ടാകുക, പനി, തൊടാന്‍ പോലും പറ്റാത്ത ദുസഹമായ വേദനഎന്നിവയാണ് ഈ രോഗത്തിന്റെ പ്രത്യേകത. രോഗത്തിന്റെ ഗൗരവാവസ്ഥയില്‍ ഹൃദയത്തെക്കൂടി ബാധിക്കാവുന്ന രോഗമാണ്. സാധാരണ വാതികരോഗങ്ങളില്‍ ചെയ്യുന്നതുപോലെ അഭ്യംഗം (സ്‌നേഹപ്രയോഗങ്ങള്‍) ശോധനം (വയറിളക്കുക തുടങ്ങിയവ) എന്നിവ നിഷിദ്ധമാണ്. സ്രോതസുകളില്‍ ഉണ്ടായിട്ടുള്ള ആമത്തെ പുറത്തേക്ക് കളയുന്നതാണ് പ്രധാന ചികിത്സാവിധി. കൂടെ പനി കുറയാനുള്ള ഔഷധവും നല്‍കണം.

ഔഷധങ്ങള്‍

അമൃതാഷഡംഗം കഷായം, അമൃതോത്തരം കഷായം, ചെറിയ രാസ്‌നാദി കഷായം, ഷഡ്ധരണം ഗുളിക, വെുമാറന്‍ ഗുളിക എന്നീ പ്രയോഗങ്ങള്‍ ഫലപ്രദമാണ്. മുരിങ്ങയില, ആവണക്കില, എരുക്കില, കാഞ്ഞിരത്തിന്റെ ഇല തുടങ്ങിയവ കൊണ്ട് ആവി പിടിക്കാം. ചികിത്സയോടൊപ്പം ആഹാരത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ദ്രവപ്രധാനമായ അല്‍പാഹാരം മാത്രമാണ് ആദ്യ ദിവസങ്ങളില്‍ കൊടുക്കേണ്ടത്.

ഗൃന്ധ്രസി (Sciatic Nerve ) ന് ഉണ്ടാകുന്ന രോഗാവസ്ഥ)

കാല്‍വിരലുകളില്‍ നിന്നും വ്യാപിക്കുന്ന വേദന കാല്‍വണ്ണയിലേക്കും പൃഷ്ഠത്തിലേക്കും പടരുന്നു. കാല്‍പൊക്കാന്‍ കഴിയാത്തവണ്ണം ആക്കിതീര്‍ക്കുന്ന അവസ്ഥയാണ്.

ഔഷധങ്ങള്‍

സഹചരാദികഷായം, ചെറിയ രാസ്‌നാദികഷായം, അഷ്ടവര്‍ഗം കഷായം, യോഗരാജഗുല്‍ഗുലു, ഷഡ്ധരണം ഗുളിക ഇവയെല്ലാം ഫലപ്രദമാണ്. തൈലം തുടങ്ങിയ പ്രയോഗങ്ങളും ചെയ്യാം.

വാതവ്യാധിചികിത്സയില്‍ ഏറ്റവും പ്രധാന്യം അര്‍ഹിക്കുന്ന ചികിത്സാവിധിയാണ്. നിരൂഹം (വസ്തി), വമനം (ഛര്‍ദ്ദിപ്പിക്കല്‍), കായരേകം (വിരേചനം) ശിരോരേകം (തണ്യം), രക്തമോക്ഷം ഇവയെല്ലാം അനുഷ്ഠിക്കേണ്ടത് രോഗിയുടെ അവസ്ഥയനുസരിച്ചും ശരീരബലം, കാലാവസ്ഥ തുടങ്ങിയ അനുകൂല ഘടകങ്ങളുടെ അടിസ്ഥാനത്തിലും വൈദ്യന്റെ നിര്‍ദേശത്തോടും പരിശീലനം സിദ്ധിച്ച ആയുര്‍വേദ പരിചാരകരുടെ മേല്‍നോത്തിലും ആണ്.

നമ്മുടെ ആധുനിക കാലഘത്തില്‍ ഈ ചികിത്സകളെ ഒരു ആരോഗ്യ ഉപാധിയാക്കി വാണിജ്യാടിസ്ഥാനത്തില്‍ ആയുര്‍വേദ ചികിത്സയാക്കി എല്ലാവരും കണക്കാക്കുന്നു. ശരിയായ മേല്‍നോട്ടത്തോടെ അല്ലാതെ ചെയ്യുന്ന ചികിത്സ പല അനന്തരഫലങ്ങളും ഉണ്ടാക്കാനിടയുണ്ട്. രോഗിയെ ചെളിയിലേക്ക് തള്ളിയുകയല്ല ചെയ്യുന്നത് രോഗിയെ ചെളിയില്‍ നിന്നും കൈപിടിച്ച് പുറത്തേയ്ക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അതാണ് ചികിത്സകന്റെ നിസ്വാര്‍ത്ഥമായ സേവനം.

വാതവ്യാധികളില്‍ പ്രധാനമായ അവസ്ഥകളെക്കുറിച്ച് മാത്രമാണ് വളരെ ചുരുങ്ങിയ രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ രോഗങ്ങളുടെ ആന്തരികമായ അവസ്ഥകളെക്കുറിച്ച് ബാഹ്യമായ ഘടനകളെക്കുറിച്ചും ധാരാളം അറിയേണ്ടതുണ്ട്. ബാഹ്യമായ ഏതെങ്കിലും ചികിത്സാവിധികള്‍ കൊണ്ട് ചികിത്സിക്കേണ്ട അവസ്ഥയല്ല ഈ രോഗങ്ങള്‍ക്ക് ഉള്ളത്.

ഡോ.ഗിരിജ.ടി
പ്രഫസര്‍, അഹല്യ ആയുര്‍വേദ മെഡിക്കല്‍ കോളജ്, പാലക്കാട്