ഇ​ന്ദി​ര​യു​ടെ വ​ര​വ്
സോ​​​​ഷ്യ​​​​ലി​​​​സ്റ്റ്, ക​​​​മ്യൂ​​​​ണി​​​​സ്റ്റ്, ഹി​​​​ന്ദു​​​​ത്വ ശ​​​​ക്തി​​​​ക​​​​ൾ രാ​​​​ജ്യ​​​​ത്തു സ്വാ​​​​ധീ​​​​നം ഉ​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ളെ​​​​പ്പ​​​​റ്റി താ​​​​ത്വി​​​​ക വി​​​​ചി​​​​ന്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു 1950-ക​​​​ൾ. ആ ​​​​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ലി​​​​യ താ​​​​ത്വി​​​​കാ​​​​ചാ​​​​ര്യ​​​​ന്മാ​​​​രു​​​​ടെ ര​​​​ച​​​​ന​​​​ക​​​​ളും സു​​​​പ്ര​​​​ധാ​​​​ന രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​രേ​​​​ഖ​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യ​​​​ത് അ​​​​ക്കാ​​​​ല​​​​ത്താ​​​​ണ്. 1960-ക​​​​ളി​​​​ലേ​​​​ക്കും അ​​​​തു നീ​​​​ണ്ടു. ഇ​​​​തി​​​​ൽ സോ​​​​ഷ്യ​​​​ലി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കും ക​​​​മ്യൂ​​​​ണി​​​​സ്റ്റു​​​​ക​​​​ൾ​​​​ക്കും ആ​​​​ദ്യം അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കാ​​​​നാ​​​​യ​​​​ത് കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന​​​​താ​​​​ണു ശ്ര​​​​ദ്ധേ​​​​യം. (പ​​​​ട്ടം​​ താ​​​​ണു​​​​പി​​​​ള്ള​​​​യി​​​​ലൂ​​​​ടെ തി​​​​രു-​​​​കൊ​​​​ച്ചി​​​​യി​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലും സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​ണ്ടാ​​​​യി. 1957-ൽ ​​​​ഇ.​​​​എം.​​​​എ​​​​സ്.​​ ന​​​​ന്പൂ​​​​തി​​​​രി​​​​പ്പാ​​​​ടി​​​​ലൂ​​​​ടെ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യും).

ജ​​​​വ​​​​ഹ​​​​ർ​​​​ലാ​​​​ൽ നെ​​​​ഹ്റു​​​​വി​​​​ന്‍റെ ഉ​​​​ന്ന​​​​ത വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലാ​​​​കാം ഈ ​​​​മൂ​​​​ന്നു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ധാ​​​​ര​​​​ക​​​​ളെ​​​​യും അ​​​​ക്കാ​​​​ല​​​​ത്തു വാ​​​​മ​​​​ന​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച​​​​തെ​​​​ന്നു പ​​​​ല​​​​രും ക​​​​രു​​​​തു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ നെ​​​​ഹ്റു​​​​വി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് (1967) പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു വ​​​​ലി​​​​യ മോ​​​​ഹ​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു.

ചൈ​​​​നീ​​​​സ് ആ​​​​ക്ര​​​​മ​​​​ണം

നെ​​​​ഹ്റു 1964 മേ​​​​യ് 27-ന് ​​​​അ​​​​ന്ത​​​​രി​​​​ക്കു​​​​ന്പോ​​​​ൾ കോ​​​​ൺ​​​​ഗ്ര​​​​സ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ചൈ​​​​നീ​​​​സ് ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു കാ​​​​ര​​​​ണം. ഹി​​​​ന്ദി-​​​​ചീ​​​​നി ഭാ​​​​യി ഭാ​​​​യി ത​​​​ക​​​​ർ​​​​ന്നു. യു​​​​ദ്ധ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു വ​​​​ലി​​​​യ തി​​​​രി​​​​ച്ച​​​​ടി നേ​​​​രി​​​​ട്ടു. നെ​​​​ഹ്റു​​​​വി​​​​ന്‍റെ വി​​​​ദേ​​​​ശ​​​​ന​​​​യ​​​​വും പ്ര​​തി​​​​രോ​​​​ധ​​​​ന​​​​യ​​​​വും ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ടു.

നെ​​​​ഹ്റു​​​​വി​​​​നു ശേ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ ലാ​​​​ൽ ബ​​​​ഹ​​​​ദൂ​​​​ർ ശാ​​​​സ്ത്രി​​​​ക്ക് 1965-ലെ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ യു​​​​ദ്ധ​​​​ത്തി​​​​ൽ ന​​​​ല്ല നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചു. എ​​​​ന്നാ​​​​ൽ, യുദ്ധാനന്തരം താ​​​​ഷ്കെ​​​​ന്‍റി(​​​​ഇ​​​​ന്ന​​​​ത്തെ ഉ​​​​സ്ബെ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​നം)​​​​ൽ സോ​​​​വ്യ​​​​റ്റ്‌​​ യൂ​​​​ണി​​​​യ​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​ന ഉ​​​​ട​​​​ന്പ​​​​ടി ഉ​​​​ണ്ടാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ശാ​​​​സ്ത്രി മ​​​​ര​​​​ണ​​​​മ​​​​ട​​​​ഞ്ഞു. കോ​​​​ൺ​​​​ഗ്ര​​​​സ് പി​​​​ന്നീ​​​​ട് നേ​​​​താ​​​​വാ​​​​ക്കി​​​​യ​​​​ത് നെ​​​​ഹ്റു​​​​വി​​​​ന്‍റെ പു​​​​ത്രി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യെ ആ​​​​ണ്. മൊ​​​​റാ​​​​ർ​​​​ജി ദേ​​​​ശാ​​യി ഉ​​​​പ​​പ്ര​​ധാ​​ന​​മ​​​​ന്ത്രി​​​​പ​​​​ദം സ്വീ​​​​ക​​​​രി​​​​ച്ചു ത​​​​ത്കാ​​​​ലം അ​​​​ട​​​​ങ്ങി. മൊ​​​​റാ​​​​ർ​​​​ജി​​​​യു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന കെ.​​ ​​കാ​​​​മ​​​​രാ​​​​ജ്, അ​​​​തു​​​​ല്യ​​ ഘോ​​​​ഷ്, എ​​​​സ്.​​​​കെ.​​ പാ​​​​ട്ടീ​​​​ൽ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രാ​​​​ണ് ഇ​​​​ന്ദി​​​​ര​​​​യെ അ​​​​ന്നു പി​​​​ന്താ​​​​ങ്ങി​​​​യ​​​​ത്.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു തി​​​​രി​​​​ച്ച​​​​ടി

ഒ​​​​രു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു ശേ​​​​ഷം 1967-ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​ക്കു ഭ​​​​ര​​​​ണം കൈ​​​​പ്പി​​​​ടി​​​​യി​​​​ൽ ഒ​​​​തു​​​​ങ്ങി​​​​യി​​​​രു​​​​ന്നി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ കേ​​​​ന്ദ്ര​​​​ത്തെ വേ​​​​ണ്ട​​​​ത്ര മാ​​​​നി​​​​ച്ചി​​​​ല്ല. പ​​​​ക്ഷേ അ​​​​തി​​​​ലു​​​​പ​​​​രി സാ​​​​ന്പ​​​​ത്തി​​​​ക​​​​ത്ത​​​​ക​​​​ർ​​​​ച്ച​​​​യും സ​​​​ർ​​​​ക്കാ​​​​ർ നേ​​​​രി​​​​ട്ടു. രൂ​​​​പ​​​​യു​​​​ടെ മൂ​​​​ല്യം 34 ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ച്ച​​​​തും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു വ​​​​ര​​​​ൾ​​​​ച്ച​​​​ക​​​​ളും രാ​​​​ജ്യ​​​​ത്തു ക്ഷാ​​​​മ​​​​വും വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​വും തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ​​​​യും വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ സീ​​​​റ്റു​​​​നി​​​​ല 300-നു ​​​​താ​​​​ഴോ​​​​ട്ടു​​​​പോ​​​​യി. വോ​​​​ട്ട് നാ​​​​ലു​​ ശ​​​​ത​​​​മാ​​​​ന​​​​മേ കു​​​​റ​​​​ഞ്ഞു​​​​ള്ളൂ​​​​വെ​​​​ങ്കി​​​​ലും 78 സീ​​​​റ്റ് കു​​​​റ​​​​ഞ്ഞു. കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണം കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​ല​​​​നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ത​​​​മി​​​​ഴ്നാ​​​​ടും ബം​​​​ഗാ​​​​ളും കേ​​​​ര​​​​ള​​​​വും അ​​​​ട​​​​ക്കം ഒ​​​​ട്ടേ​​​​റെ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നു ഭ​​​​ര​​​​ണം പോ​​​​യി. കോ​​​​ൺ​​​​ഗ്ര​​​​സ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യെ​​​​ന്നു ക​​​​ണ്ട​​​​തോ​​​​ടെ പ​​​​ലേ​​​​ട​​​​ത്തും കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു കൂ​​​​റു​​​​മാ​​​​റ്റ​​​​വും തു​​​​ട​​​​ങ്ങി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ഭൂ​​​​രി​​​​പ​​​​ക്ഷം കി​​​​ട്ടി​​​​യ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ​​​​നി​​​​ന്നു ച​​​​ര​​​​ൺ​​​​സിം​​​​ഗി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഒ​​​​രു​​​​പ​​​​റ്റം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പോ​​​​യ​​​​തു​​​​മൂ​​​​ലം ഭ​​​​ര​​​​ണം ന​​​​ഷ്‌​​​​ട​​​​മാ​​​​യി.

ഇ​​​​തു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലും പു​​​​ന​​​​ർ​​​​ചി​​​​ന്ത​​​​ന​​​​ത്തി​​​​നു കാ​​​​ര​​​​ണ​​​​മാ​​​​യി. പാ​​​​ർ​​​​ട്ടി ശൈ​​​​ലി മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ട​​​​ടു​​​​ത്ത വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ശൈ​​​​ലി​​​​യ​​​​ല്ല പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണു മാ​​​​റേ​​​​ണ്ട​​​​തെ​​​​ന്നു സം​​​​ഘ​​​​ട​​​​നാ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലു​​​​മു​​​​ള്ള മു​​​​തി​​​​ർ​​​​ന്ന​​​​വ​​​​ർ വാ​​​​ദി​​​​ച്ചു.

കി​​​​ച്ച​​​​ൻ കാ​​​​ബി​​​​ന​​​​റ്റും പി​​​​ള​​​​ർ​​​​പ്പും

1960-ക​​​​ളി​​​​ൽ പി​​​​എ​​​​സ്പി​​​​യി​​​​ലും സി​​​​പി​​​​ഐ​​​​യി​​​​ലും​​​​നി​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ​​​​ത്തി​​​​യ​​​​വ​​​​ര​​​​ട​​​​ക്കം കോ​​​​ൺ​​​​ഗ്ര​​​​സി​​​​ലെ യു​​​​വ​​​​ത​​​​ല​​​​മു​​​​റ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യോ​​​​ടു കൂ​​​​ടു​​​​ത​​​​ൽ അ​​​​ടു​​​​പ്പ​​​​ത്തി​​​​ലാ​​​​യി. ഇ​​​​വ​​​​രി​​​​ൽ ചി​​​​ല​​​​രൊ​​​​ക്കെ ചേ​​​​ർ​​​​ന്ന ഒ​​​​രു കി​​​​ച്ച​​​​ൻ കാ​​​​ബി​​​​ന​​​​റ്റ് ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ സ്വാ​​​​ധീ​​​​നം ചെ​​​​ലു​​​​ത്തി. 1969-ൽ ​​​​ഡോ. സാ​​​​ക്കി​​​​ർ ഹു​​​​സൈ​​​​ൻ അ​​​​ന്ത​​​​രി​​​​ച്ച​​​​പ്പോ​​​​ൾ ഒ​​​​ഴി​​​​വു​​​​വ​​​​ന്ന രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ആ​​​​രെ നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പി​​​​ള​​​​ർ​​​​ന്നു. ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി നി​​​​ർ​​​​ത്തി​​​​യ മു​​​​ൻ ഉ​​​​പ​​​​രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി വി.​​​​വി. ​​ഗി​​​​രി കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക സ്ഥാ​​​​നാ​​​​ർ​​​​ഥി സ​​​​ഞ്ജീ​​​​വ​​​​റെ​​​​ഡ്ഡി​​​​യെ തോ​​​​ല്പി​​​​ച്ചു.

കോ​​​​ൺ​​​​ഗ്ര​​​​സ് പി​​​​ള​​​​ർ​​​​പ്പി​​​​നു ശേ​​​​ഷം സി​​​​പി​​​​ഐ, സി​​​​പി​​​​എം, ഡി​​​​എം​​​​കെ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ പി​​​​ന്തു​​​​ണ​​​​യി​​​​ലാ​​​​ണ് ഒ​​​​ന്ന​​​​ര​​​​വ​​​​ർ​​​​ഷം ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഭ​​​​ര​​​​ണം തു​​​​ട​​​​ർ​​​​ന്ന​​​​ത്. ബാ​​​​ങ്ക് ദേ​​​​ശ​​​​സാ​​​​ത്ക​​​​ര​​​​ണം, രാ​​​​ജാ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ പ്രി​​​​വി​​​​പ​​​​ഴ്സ് നി​​​​ർ​​​​ത്ത​​​​ലാ​​​​ക്ക​​​​ൽ തു​​​​ട​​​​ങ്ങി​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലൂ​​​​ടെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഒ​​​​രു ഇ​​​​ട​​​​തു​​​​പ​​​​ക്ഷ-​​​​ജ​​​​ന​​​​കീ​​​​യ പ്ര​​​​തി​​​​ച്ഛാ​​​​യ വ​​​​ള​​​​ർ​​​​ത്തി. 1971-ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു​​​​ള്ള ഒ​​​​രു​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

ഗ​​​​രീ​​​​ബീ ഹ​​​​ഠാ​​​​വോ

ഒ​​​​രു​​​​വ​​​​ർ​​​​ഷം കാ​​​​ലാ​​​​വ​​​​ധി ബാ​​​​ക്കി​​​​നി​​​​ൽ​​​​ക്കെ​​​​യാ​​​​ണ് ഇ​​​​ന്ദി​​​​ര 1971-ൽ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. സി​​​​പി​​​​ഐ​​​​യു​​​​മാ​​​​യി സ​​​​ഖ്യ​​​​മു​​​​ണ്ടാ​​​​ക്കി. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ ഡി​​​​എം​​​​കെ​​​​യു​​​​മാ​​​​യി സ​​​​ഖ്യ​​​​ത്തി​​​​ലാ​​​​യി. കേ​​​​ര​​​​ള​​​​ത്തി​​​​ൽ മു​​​​സ്‌​​​​ലിം​​​​ലീ​​​​ഗ്, കേ​​​​ര​​​​ള​​ കോ​​​​ൺ​​​​ഗ്ര​​​​സ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ക്ഷി​​​​ക​​​​ളെ കൂ​​​​ടെ​​​​ക്കൂ​​​​ട്ടി. സി​​​​പി​​​​എം വീ​​​​ണ്ടും ശ​​​​ക്ത​​​​മാ​​​​യ ഇ​​​​ന്ദി​​​​രാ വി​​​​രു​​​​ദ്ധ നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​യി.

ഗ​​​​രീ​​​​ബീ ഹ​​​​ഠാ​​​​വോ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യ​​​​വു​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നി​​​​റ​​​​ങ്ങി​​​​യ ഇ​​​​ന്ദി​​​​ര​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​പ​​​​ക്ഷ മ​​​​ഹാ​​​​സ​​​​ഖ്യം ഉ​​​​ണ്ടാ​​​​യി. സം​​​​ഘ​​​​ട​​​​നാ കോ​​​​ൺ​​​​ഗ്ര​​​​സ്, സ്വ​​​​ത​​​​ന്ത്ര പാ​​​​ർ​​​​ട്ടി, ജ​​​​ന​​​​സം​​​​ഘം, സം​​​​യു​​​​ക്ത സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി, പ്ര​​​​ജാ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി എ​​​​ന്നി​​​​വ​​​​യാ​​​​ണ് മ​​​​ഹാ​​​​സ​​​​ഖ്യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

ത​​​​രം​​​​ഗ​​​​മേ​​​​റി ഇ​​​​ന്ദി​​​​ര

പ​​​​ഴ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ണ​​​​ക്കു​​​​ക​​​​ള​​​​ല്ല, ത​​​​രം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് 1971 മാ​​​​ർ​​​​ച്ചി​​​​ലെ ഫ​​​​ലം തെ​​​​ളി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ത്തി​​​​ലെ ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​മാ​​​​റ്റം​​​​കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഒ​​​​രു കേ​​​​ന്ദ്രീ​​​​കൃ​​​​ത പ​​​​ദ്ധ​​​​തി​​​​യി​​​​ൽ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​ർ​​​​ണ​​​​യി​​​​ച്ചും പ​​​​ണം സ​​​​മാ​​​​ഹ​​​​രി​​​​ച്ചും ജാ​​​​തി-​​​​സ​​​​മു​​​​ദാ​​​​യ താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചും ജ​​​​ന​​​​കീ​​​​യ മു​​​​ദ്രാ​​​​വാ​​​​ക്യ​​​​മി​​​​റ​​​​ക്കി​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​യി​​​​ക്കു​​​​ന്ന ആ​​​​ദ്യ അ​​​​വ​​​​സ​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന​​​​ത്. മാ​​​​റ്റം കാ​​​​ണി​​​​ക്കു​​​​ക​​​​യും വ്യ​​​​വ​​​​സ്ഥി​​​​തി​​​​യെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്ക് വി​​​​ജ​​​​യം കി​​​​ട്ടു​​​​മെ​​​​ന്ന് 1971 തെ​​​​ളി​​​​യി​​​​ച്ചു.

ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് മൂ​​​​ന്നി​​​​ൽ​​ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി. സം​​​​ഘ​​​​ട​​​​നാ കോ​​​​ൺ​​​​ഗ്ര​​​​സ് വെ​​​​റും 16 സീ​​​​റ്റി​​​​ലൊ​​​​തു​​​​ങ്ങി. പി​​​​എ​​​​സ്പി ര​​​​ണ്ടും എ​​​​സ്എ​​​​സ്പി മൂ​​​​ന്നും സീ​​​​റ്റി​​​​ലൊ​​​​തു​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ സോ​​​​ഷ്യ​​​​ലി​​​​സ്റ്റു​​​​കാ​​​​ർ വെ​​​​റും 3.47 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടി​​​​ലേ​​​​ക്കു ചു​​​​രു​​​​ങ്ങി. പി​​​​ന്നീ​​​​ടൊ​​​​രി​​​​ക്ക​​​​ലും സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി എ​​​​ന്ന പേ​​​​രി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ക​​​​ണ്ടി​​​​ട്ടി​​​​ല്ല. (സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് മേ​​​​ല​​​​ങ്കി ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി ഏ​​​​റ്റെ​​​​ടു​​​​ത്തു).

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ കൂ​​​​ടെ നി​​​​ന്ന സി​​​​പി​​​​ഐ​​​​യെ പി​​​​ന്നി​​​​ലാ​​​​ക്കി സി​​​​പി​​​​എം ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ ക​​​​ക്ഷി​​​​യാ​​​​യി. പിന്നീടു സിപിഐ ശോഷിച്ചുവന്നതേയുള്ളു. 16-ാം ലോക്സഭയിൽ അവർ ഏകാംഗ പാർട്ടിയായി.

ബം​​​​ഗ്ലാ​​​​ദേ​​​​ശ് യു​​​​ദ്ധം

1971 അ​​​​വ​​​​സാ​​​​നം കി​​​​ഴ​​​​ക്ക​​​​ൻ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ 93,000 പാ​​​​ക് സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളെ ഇ​​​​ന്ത്യ യു​​​​ദ്ധ​​​​ത്ത​​​​ട​​​​വു​​​​കാ​​​​രാ​​​​ക്കി. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​നു ജ​​​​ന്മം ന​​​​ൽ​​​​കി​​​​യ യു​​​​ദ്ധം ഇ​​​​ന്ത്യ വി​​​​ജ​​​​യി​​​​ച്ച​​​​തോ​​​​ടെ ഇ​​​​ന്ദി​​​​രാ​​​​ഗാ​​​​ന്ധി എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത നേ​​​​താ​​​​വാ​​​​യി മാ​​​​റു​​​​ക​​​​യാ​​​​ണെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും ക​​​​രു​​​​തി.

രാം​​​​മ​​​​നോ​​​​ഹ​​​​ർ ലോ​​​​ഹ്യ​​​​യു​​​​ടെ അ​​​​സാ​​​​ധാ​​​​ര​​​​ണ സ്വ​​​​ഭാ​​​​വ​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ ഗു​​​​സ്തി​​​​ക്കാ​​​​ര​​​​ൻ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് രാ​​​​ജ്‌​​​​നാ​​​​രാ​​​​യ​​​​ൺ ആ​​​​ണു റാ​​​​യ്ബ​​​​റേ​​​​ലി​​​​യി​​​​ൽ 1971-ൽ ​​​​ഇ​​​​ന്ദി​​​​ര​​​​യോ​​​​ടു തോ​​​​റ്റ​​​​ത്. അ​​​​ദ്ദേ​​​​ഹം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ല​​​​ത്തെ ചോ​​​​ദ്യം​​​​ചെ​​​​യ്ത് അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ ഒ​​​​രു കേ​​​​സ് കൊ​​​​ടു​​​​ത്തു. യ​​​​ശ്പാ​​​​ൽ ക​​​​പൂ​​​​ർ എ​​​​ന്ന കേ​​​​ന്ദ്ര​​​​ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ ഇ​​​​ന്ദി​​​​ര​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നു ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്തെ​​​​ന്ന വി​​​​ഷ​​​​യം ഉ​​​​ന്ന​​​​യി​​​​ച്ചാ​​​​യി​​​​രു​​​​ന്നു കേ​​​​സ്. ആ​​​​രും അ​​​​തി​​​​നെ ആ​​​​ദ്യം ഗൗ​​​​നി​​​​ച്ചി​​​​ല്ല.

(തു​​​​ട​​​​രും)


1967

(പാ​​​​ർ​​​​ട്ടി, ജ​​​​യി​​​​ച്ച സീ​​​​റ്റി​​​​ന്‍റെ എ​​​​ണ്ണം, ല​​​​ഭി​​​​ച്ച വോ​​​​ട്ട് ശ​​​​ത​​​​മാ​​​​നം എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ)


ആ​​​​കെ സീ​​​​റ്റ് 520
കോ​​​​ൺ​​​​ഗ്ര​​​​സ് 283 (40.78)
സ്വ​​​​ത​​​​ന്ത്ര​​​​പാ​​​​ർ​​​​ട്ടി 44 (8.67)
ജ​​​​ന​​​​സം​​​​ഘം 35 (9.31)
സിപിഐ 23 (5.11)
എ​​​​സ്എ​​​​സ്പി 23 (4.92)
സിപിഎം 19 (4.28)
പിഎസ്പി 13 (3.06)
ഡിഎംകെ 25 (3.79)
മറ്റു പാർട്ടികൾ 20 (6.79)
സ്വ​​​​ത​​​​ന്ത്ര​​​​ർ 35 (13.78)

1971

പാ​​​​ർ​​​​ട്ടി, ജ​​​​യി​​​​ച്ച സീ​​​​റ്റി​​​​ന്‍റെ എ​​​​ണ്ണം, ല​​​​ഭി​​​​ച്ച വോ​​​​ട്ട് (ശ​​​​ത​​​​മാ​​​​നം) എ​​​​ന്ന ക്ര​​​​മ​​​​ത്തി​​​​ൽ

ആ​​​​കെ സീ​​​​റ്റ് 518
കോ​​​​ൺ​​​​ഗ്ര​​​​സ് 352 (43.68)
സി​​​​പി​​​എം 25 (5.12)
സിപിഐ 23 (4.73)
ജ​​​​ന​​​​സം​​​​ഘം 22 (7.35)
കോൺഗ്രസ് (സം.) 16 (10.43)
സ്വ​​​​ത​​​​ന്ത്ര​​​​പാർട്ടി 8 (3.07)
എസ്എസ്പി 3 (2.43)
പിഎസ്പി 2 (1.04)
ഡിഎംകെ 23 (3.84)
മറ്റു പാർട്ടികൾ 30 (9.95)
സ്വതന്ത്രർ 14 (8.38)

ഭാരതീയം 1951-2019 / റ്റി.​​സി. മാ​​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.