ചോ​ദി​ക്കു​ന്ന​ത് 33; കി​ട്ടി​യ​തോ 13 പോ​ലു​മി​ല്ല
16 ലോ​ക്സ​ഭ​ക​ൾ 633 വ​നി​ത​ക​ൾ

1952 മു​ത​ൽ പ​തി​നാ​റാം ലോ​ക്സ​ഭ വ​രെ 633 വ​നി​ത​ക​ൾ അം​ഗ​ങ്ങ​ളാ​യി. ഇ​വ​രി​ൽ 627 പേരാ​ണ് വി​വി​ധ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ആ​റു​പേ​രെ ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ളാ​യി നോ​മി​നേ​റ്റ് ചെ​യ്തു (5,10,12,13,14,15 ലോ​ക്സ​ഭ​ക​ളി​ൽ ). പ​ല​രും ഒ​ന്നി​ല​ധി​കം ത​വ​ണ ജ​യി​ച്ചു​ക​യ​റി​യ​ത് ക​ണ​ക്കാ​ക്കി​യാ​ൽ ഇ​തു​വ​രെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​താ എം​പി​മാ​ർ 350. നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രി​ൽ ര​ണ്ടു​പേ​ർ ര​ണ്ടു​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്നു.

1952 ലെ ​ഒ​ന്നാം ലോ​ക്സ​ഭ​യി​ൽ 24 വ​നി​ത​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ ക​ഴി​ഞ്ഞു​ള്ള ലോ​ക്സ​ഭ​യി​ലാ​യി​രു​ന്നു ഏ​റ്റ​വും കു​റ​വ് വ​നി​താ അം​ഗ​ങ്ങ​ൾ. 21 പേ​ർ. 15-ാം ലോ​ക്സ​ഭ​യി​ൽ മു​പ്പ​ത്തി​ര​ണ്ടും 16-ാം സ​ഭ​യി​ൽ നാ​ല്പ​ത്തി നാ​ലും വ​നി​ത​ക​ൾ പു​തു​മു​ഖ​ങ്ങ​ളാ​യി​രു​ന്നു. ര​ണ്ടു സ​ഭ​ക​ളി​ലും സ്പീ​ക്ക​ർ​മാ​ർ വ​നി​ത​ക​ളാ​യി. യ​ഥാ​ക്ര​മം മീ​രാ​കു​മാ​റും സു​മി​ത്ര മ​ഹാ​ജ​നും.

ഇന്ന് ലോക വനിതാ ദിനം

ലിം​ഗ​സ​മ​ത്വ​വും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​വും ച​ർ​ച്ച​യാ​കു​ന്പോ​ഴും ലോ​ക്സ​ഭ​യി​ലെ വ​നി​താ പ്രാ​തി​നി​ധ്യം ഇ​തു​വ​രെ 13 ശ​ത​മാ​നം എ​ത്തി​യി​ട്ടി​ല്ല. 67 വ​ർ​ഷ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും അ​ധി​കം വ​നി​ത​ക​ൾ എ​ത്തി​യ​ത് നി​ല​വി​ലു​ള്ള സ​ഭ​യി​ലാ​ണ്. 66 വ​നി​ത​ക​ൾ. 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 62 വ​നി​ത​ക​ളാ​ണ് ജ​യി​ച്ചു ക​യ​റി​യ​ത്. പി​ന്നീ​ട്, ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൂ​ടെ നാ​ലു​പേ​ർ കൂ​ടി എ​ത്തി. അ​ങ്ങ​നെ വ​നി​താ സാ​ന്നി​ധ്യം 12.15 ശ​ത​മാ​നം. ആ​ദ്യ ലോ​ക്സ​ഭ​യി​ൽ​നി​ന്ന് പ​തി​നാ​റാം സ​ഭ​യി​ലെ​ത്തു​ന്പോ​ൾ ഏ​ഴു ശ​ത​മാ​നം മാ​ത്രം വ​ള​ർ‌​ച്ച. എ​ങ്കി​ലും ആ​ശ്വ​സി​ക്കാ​ൻ ചി​ല​തു​ണ്ട്. വോ​ട്ടു ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട ചൂ​ടി​ലേ​ക്കു കൂ​ടു​ത​ൽ വ​നി​ത​ക​ൾ ഇ​റ​ങ്ങു​ന്നു. അ​ങ്കം ജ​യി​ക്കു​ന്ന അം​ഗ​ന​മാ​രു​ടെ എ​ണ്ണ​വും ഉ​യ​രു​ന്നു.


വി​ജ​യ​രാ​ജെ സി​ന്ധ്യ​യും സു​മി​ത്ര മ​ഹാ​ജ​നുംഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക്സ​ഭ​ക​ളി​ൽ അം​ഗ​മാ​യ വ​നി​ത​ക​ൾ വി​ജ​യ​രാ​ജെ സി​ന്ധ്യ​യും സു​മി​ത്രാ മ​ഹാ​ജ​നു​മാ​ണ്. ഇ​രു​വ​രും എ​ട്ടു ത​വ​ണ​യാ​ണ് സ​ഭ​യി​ൽ എ​ത്തി​യ​ത്. ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ​യും ഒ​ൻ​പ​ത് മു​ത​ൽ 12 വ​രെ​യും ലോ​ക്സ​ഭ​ക​ളി​ലാ​ണ് ഗ്വാളിയാർ രാ​ജ​മാ​ത വി​ജ​യ​രാ​ജെ അം​ഗ​മാ​യ​ത്.

ഒ​ൻ​പ​ത് മു​ത​ൽ പ​തി​നാ​റു വ​രെ​യു​ള്ള ലോ​ക്സ​ഭ​ക​ളി​ൽ അം​ഗ​മാ​ണ് പ​തി​നാ​റാം സ​ഭ​യു​ടെ സ്പീ​ക്ക​റാ​യ സു​മി​ത്ര മ​ഹാ​ജ​ൻ. മ​മ​ത ബാ​ന​ർ​ജി, മേ​ന​ക ഗാ​ന്ധി, ഗീ​ത മു​ഖ​ർ​ജി എ​ന്നി​വ​ർ ഏ​ഴു സ​ഭ​ക​ളി​ലും ഉ​മാ​ഭാ​ര​തി ആ​റു സ​ഭ​യി​ലും അം​ഗ​മാ​യി. മു​ൻ സ്പീ​ക്ക​ർ മീ​രാ​കു​മാ​ർ, മ​ര​ഗ​തം ച​ന്ദ്ര​ശേ​ഖ​ർ, ഗം​ഗാ​ദേ​വി, ഷീ​ലാ കൗ​ൾ‌, വ​സു​ന്ധ​ര രാ​ജെ, സു​ഖ്ബ​ൻ​സ് കൗ​ർ, മി​നി​മാ​താ അ​ഗം​ദാ​സ് ഗു​രു എ​ന്നി​വ​ർ അ​ഞ്ചു ലോ​ക്സ​ഭ​ക​ളി​ൽ അം​ഗ​മാ​യി.

ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ന്നി​ൽ

ഏ​റ്റ​വും അ​ധി​കം ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശ് ത​ന്നെ​യാ​ണു വ​നി​താ പ്രാ​തി​നി​ധ്യ​ത്തി​ലും മു​ന്നി​ൽ. 80 സീ​റ്റു​ള്ള ഇ​വി​ടെ നി​ന്ന് ഇ​തു​വ​രെ 122 വ​നി​ത​ക​ൾ അം​ഗ​ങ്ങ​ളാ​യി. 42 സീ​റ്റു​ള്ള ബം​ഗാ​ളി​ൽ നി​ന്ന് 65 പേ​ർ ജ​യി​ച്ചു. 16 ലോ​ക്സ​ഭ​ക​ളി​ലും പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​രു​ന്ന​ത് ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന​ത് മ​റ്റൊ​രു സ​വി​ശേ​ഷ​ത. ഒ​രു ലോ​ക്സ​ഭ​യി​ൽ ഏ​റ്റ​വു​മ​ധി​കം വ​നി​ത​ക​ളെ എ​ത്തി​ച്ച റി​ക്കാ​ർ​ഡും ഉ​ത്ത​ർ​പ്ര​ദേ​ശി​നു സ്വ​ന്തം. ഇപ്പോൾ പ​തി​നാ​റാം ലോ​ക്സ​ഭ​യി​ൽ 14 പേ​ർ. ഇ​തേ സ​ഭ​യി​ൽ ബം​ഗാ​ളി​ൽ​നി​ന്ന് 13 വ​നി​ത​ക​ളു​മെ​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ന് 15ാം ലോ​ക്സ​ഭ​യി​ൽ 13 വ​നി​ത​ക​ളു​ണ്ടാ​യി​രു​ന്നു.29 സീ​റ്റു​ള്ള മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്ന് ഇ​തു​വ​രെ 61 വ​നി​ത​ക​ൾ ലോ​ക്സ​ഭ​യി​ലെ​ത്തി. 40 സീ​റ്റു​ള്ള ബി​ഹാ​റി​ൽ നി​ന്ന് 59 വ​നി​താ എം​പി​മാ​രു​ണ്ടാ​യി. 48 സീ​റ്റു​ള്ള മ​ഹാ​രാ​ഷ്‌​ട്ര​യും 42 സീ​റ്റു​ള്ള (ഇ​പ്പോ​ൾ 25) ആ​ന്ധ്ര​പ്ര​ദേ​ശും 46 വ​നി​ത​ക​ളെ എ​ത്തി​ച്ചു. ഒ​രു സീ​റ്റ് മാ​ത്ര​മു​ള്ള സി​ക്കിം ര​ണ്ടു വ​നി​ത​ക​ൾ​ക്കും നാ​ഗാ​ലാ​ൻ​ഡ് ഒ​രാ​ൾ​ക്കും ഇ​ടം ക​ണ്ടെ​ത്തി. ര​ണ്ട് സീ​റ്റു​ക​ളു​ള്ള മേ​ഘാ​ല​യ ര​ണ്ടു​പേ​രെ​യും ഗോ​വ​യും മ​ണി​പ്പു​രും ത്രി​പു​ര​യും ഓ​രോ വ​നി​ത​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. എ​ന്നാ​ൽ, ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളു​ള്ള അ​രു​ണാ​ച​ൽ പ്ര​ദേ​ശി​നും ഒ​രു മ​ണ്ഡ​ലം മാ​ത്ര​മു​ള്ള മി​സോ​റാ​മി​നും ലോ​ക്സ​ഭ​യി​ൽ വ​നി​താ പ്രാ​തി​നി​ധ്യ​മു​ണ്ടാ​യി​ട്ടി​ല്ല.

ഓ​രോ സീ​റ്റു​ക​ൾ വീ​ത​മു​ള്ള കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​ന്ത​മാ​ൻ നി​ക്കോ​ബ​ർ ദ്വീ​പു​ക​ൾ, ദാ​ദ്ര ആ​ൻ​ഡ് ന​ഗ​ർ ഹ​വേ​ലി, ദ​മ​ൻ ആ​ൻ​ഡ് ദി​യു, ല​ക്ഷ​ദ്വീ​പ് , പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​ത​ക​ളും ലോ​ക്സ​ഭ​യി​ലെ​ത്തി​യി​ട്ടി​ല്ല. ഏ​ഴ് സീ​റ്റു​ള്ള ഡ​ൽ​ഹി​യി​ൽ നി​ന്ന് 13 പേ​രും ഒ​രു സീ​റ്റു​ള്ള ച​ണ്ഡി​ഗ​ഢി​ൽ നി​ന്ന് ഒ​രാ​ളും ഇ​തു​വ​രെ ലോ​ക്സ​ഭ​യി​ലെ​ത്തി.


കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ വ​നി​ത​ക​ൾ

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ കേ​ന്ദ്ര​മ​ന്ത്രി നെ​ഹ്റു മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്കു​മാ​രി അ​മൃ​ത്കൗ​ർ ആ​യി​രു​ന്നു. ക​പൂ​ർ​ത്ത​ല രാ​ജ​കു​ടും​ബാം​ഗ​മാ​യ അ​വ​ർ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ൻ​ഡി മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ​യും ശാ​സ്ത്രി​യു​ടെ​യും മ​ന്ത്രി​സ​ഭ​യി​ൽ ബി​ഹാ​റി​ൽ നി​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ ല​ക്ഷ്മി എ​ൻ.​മേ​നോ​ൻ മ​ന്ത്രി​യാ​യി​രു​ന്നു. ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി മ​ന്ത്രി​സ​ഭ​യി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി.

ലോ​ക​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ര​ണ്ടാ​മ​ത്തെ വനിതാ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഒ​ന്നാം മ​ന്ത്രി​സ​ഭ​യി​ൽ സു​ശീ​ല ന​യ്യാ​ർ കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി. ര​ണ്ടാം മ​ന്ത്രി​സ​ഭ​യി​ൽ ഡോ.​സ​രോ​ജി​നി മ​ഹി​ഷി, ന​ന്ദി​നി സ​ത്പ​തി, സു​ശീ​ല റോ​ഹ്ത​ഗി, സ​രോ​ജ് ഖ‌​പാർ​ഡെ, മ​നോ​ര​മ പാ​ണ്ഡെ എ​ന്നി​വ​രും മൂ​ന്നാം മ​ന്ത്രി​സ​ഭ​യി​ൽ സ​രോ​ജ് ഖ​പാ​ർ​ഡെ, എ​സ്.​കെ.​ക​മ​ല​കു​മാ​രി, രാം​ദു​ലാ​രി സി​ൻ​ഹ എ​ന്നി​വ​രും സ​ഹ​മ​ന്ത്രി​മാ​രാ​യി.

മൊ​റാ​ർ​ജി ദേ​ശാ​യി മ​ന്ത്രി​സ​ഭ​യി​ൽ രേ​ണു​ക ദേ​വി ബ​ർ​ക​ത​കി, ആ​ബ മെ​യ്തി എ​ന്നി​വ​ർ മ​ന്ത്രി​മാ​രാ​യി. ച​ര​ൺ​സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ റഷീദ ഹ​ഖ് ചൗ​ധ​രി മ​ന്ത്രി​യാ​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി​യു​ടെ കാ​ബി​ന​റ്റി​ൽ മൊ​ഹ്സി​ന കി​ദ്വാ​യ് അം​ഗ​മാ​യി. മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യും രാം​ദു​ലാ​രി സി​ൻ​ഹ​യും സ​ഹ​മ​ന്ത്രി​മാ​രും. വി.​പി.​സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ മേ​ന​ക ഗാ​ന്ധി​യും ന​ര​സിം​ഹ​റാ​വു മ​ന്ത്രി​സ​ഭ​യി​ൽ മ​മ​ത ബാ​ന​ർ​ജി​യും സ​ഹ​മ​ന്ത്രി​മാ​രാ​യി​രു​ന്നു.

ഒ​ന്നാം വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ൽ സു​ഷ​മ സ്വ​രാ​ജ് കാ​ബി​ന​റ്റ് മ​ന്ത്രി​യാ​യി. ര​ണ്ടാം മ​ന്ത്രി​സ​ഭ​യി​ലും അ​വ​ർ തു​ട​ർ​ന്നു. അ​തോ​ടൊ​പ്പം മേ​ന​ക ഗാ​ന്ധി, വ​സു​ന്ധ​ര​രാ​ജെ, ഉ​മാ​ഭാ​ര​തി എ​ന്നി​വ​ർ സ​ഹ​മ​ന്ത്രി​മാ​രു​മാ​യി. മൂ​ന്നാം വാ​ജ്പേ​യ് മ​ന്ത്രി​സ​ഭ​യി​ൽ മ​മ​ത ബാ​ന​ർ​ജി​യും സു​ഷ​മ സ്വ​രാ​ജും കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും മേ​ന​ക ഗാ​ന്ധി​യും വ​സു​ന്ധ​ര​രാ​ജെ സി​ന്ധ്യ​യും ഉ​മാ​ഭാ​ര​തി​യും സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രും റിതാ വ​ർ​മ​യും സു​മി​ത്ര മ​ഹാ​ജ​നും ബി​ജോ​യ ച​ക്ര​വ​ർ​ത്തി​യും ജ​യ​വ​ന്തി​ബെ​ൻ മേ​ത്ത​യും സ​ഹ​മ​ന്ത്രി​മാ​രു​മാ​യി​രു​ന്നു.

ച​ന്ദ്ര​ശേ​ഖ​ർ, ദേ​വ​ഗൗ​ഡ മ​ന്ത്രി​സ​ഭ​ക​ളി​ൽ വ​നി​ത​ക​ളി​ല്ലാ​യി​രു​ന്നു. ഐ.​കെ.​ഗു​ജ​റാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ കാ​ന്തി​സിം​ഗ് മ​ന്ത്രി​യാ​യി. ഒ​ന്നാം മ​ൻ​മോ​ഹ​ൻ മ​ന്ത്രി​സ​ഭ​യി​ൽ മീ​രാ​കു​മാ​റും അം​ബി​കാ​സോ​ണി​യും കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​യി​രു​ന്നു. രേ​ണു​ക ചൗ​ധ​രി​യും ഷെ​ൽ​ജ​യും സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രാ​യി. പ​ന​ബ​ക ല​ക്ഷ്മി, കാ​ന്തി​സിം​ഗ്, ഡി.​പു​ര​ന്ദ​രേ​ശ്വ​രി, വി.​രാ​ധി​കാ സെ​ൽ​വി എ​ന്നി​വ​ർ സ​ഹ​മ​ന്ത്രി​മാ​രു​മാ​യി. ര​ണ്ടാം മ​ൻ​മോ​ഹ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഗി​രി​ജ വ്യാ​സും ച​ന്ദ്രേ​ഷ് കു​മാ​രി​യും കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രും കൃ​ഷ്ണ തി​റ​ത്ത് സ്വ​ത​ന്ത്ര​ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​യും ഡി.​പു​ര​ന്ദ​രേ​ശ്വ​രി, പ​ന​ബ​ക ല​ക്ഷ്മി, പ്ര​ണീ​ത് കൗ​ർ, റാ​ണി നാ​റാ, കി​ല്ലി കൃ​പാ​റാ​ണി, ദീ​പാ​ദാ​സ് മു​ൻ​ഷി എ​ന്നി​വ​ർ സ​ഹ​മ​ന്ത്രി​മാ​രു​മാ​യി.

ന​രേ​ന്ദ്ര മോ​ദി മ​ന്ത്രി​സ​ഭ​യി​ൽ ഏ​ഴു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​ർ വ​നി​ത​ക​ളാ​യി​രു​ന്നു. സു​ഷ​മ സ്വ​രാ​ജ്, നി​ർ​മ​ല സീ​താ​രാ​മ​ൻ, സ്മൃ​തി ഇ​റാ​നി, ഉ​മാ​ഭാ​ര​തി, ന​ജ്മ ഹെ​പ്തു​ള്ള, മേ​ന​ക ഗാ​ന്ധി, ഹ​ർ​സി​മ്ര​ത് കൗ​ർ ബാ​ദ​ൽ എ​ന്നി​വ​ർ. അ​നു​പ്രി​യ പ​ട്ടേ​ലും സാ​ധ്വി നി​ര​ഞ്ജ​ൻ ജ്യോ​തി​യും സ​ഹ​മ​ന്ത്രി​മാ​രും.

അ​ങ്ക​ത്ത​ട്ടി​ൽ 15 ഇ​ര​ട്ടി വ​ർ​ധ​ന

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം 15 മ​ട​ങ്ങ് വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ. പു​രു​ഷ​ൻ​മാ​രു​ടെ എ​ണ്ണം അ​ഞ്ചി​ര​ട്ടി മാ​ത്ര​മാ​ണ് കൂ​ടി​യ​ത്. 1952ലെ ​ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1874 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ‌ 43 സ്ത്രീ​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. 2.3 ശ​ത​മാ​നം. 1996ൽ 13,952 ​സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച​പ്പോ​ൾ അ​തി​ൽ 599 സ്ത്രീ​ക​ളു​ണ്ടാ​യി​രു​ന്നു. 4.2 ശ​ത​മാ​നം. 2014ലാ​ണ് ഏ​റ്റ​വു​മാ​ധി​കം സ്ത്രീ​ക​ൾ മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യ​ത്. 7.8 ശ​ത​മാ​നം. അ​ത്ത​വ​ണ ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് 8519 സ്ഥാ​നാ​ർ​ഥി​ക​ൾ. ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 1474 പു​രു​ഷ​ൻ​മാ​രാ​ണ് മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 7583 പേ​രും.

1967, 1977, 1998 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​ഴി​കെ വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, അ​വ​രു​ടെ എ​ണ്ണം പു​രു​ഷ​ൻ​മാ​രെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നും ക​ണ​ക്കു​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. 10 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്രം. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ സ്ത്രീ​ക​ൾ 66 ശ​ത​മാ​ന​മാ​യി​രു​ന്നു. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ 10 ശ​ത​മാ​നം കൂ​ടു​ത​ൽ.

മ​ല​യാ​ളി പ്രാ​തി​നി​ധ്യം

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​രി​ൽ മു​ന്നി​ലാ​ണ് കേ​ര​ള സ്ത്രീ​ക​ൾ. എ​ന്നാ​ൽ, ലോ​ക്സ​ഭ​യി​ലെ സ്ത്രീ​പ്രാ​തി​നി​ധ്യം ച​ർ​ച്ച​യ്ക്കെ​ടു​ത്താ​ൽ ന​മ്മ​ൾ ത​ല​താ​ഴ്ത്തും. ആ​ദ്യ ലോ​ക്സ​ഭ​യി​ലേ​ക്കു ത​ന്നെ വ​നി​ത​യെ ജ​യി​പ്പി​ച്ചു വി​ട്ട​വ​രെ​ന്ന് അ​ഭി​മാ​നി​ക്കു​ന്പോ​ൾ പ്ര​ത്യേ​കി​ച്ചും. അ​ന്ന് കേ​ര​ളം പി​റ​ന്നി​ട്ടി​ല്ല. തി​രു-​കൊ​ച്ചി സം​സ്ഥാ​ന​ത്തെ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി ആ​നി മ​സ്ക്രീ​ൻ ലോ​ക്സ​ഭ​യി​ലെ​ത്തി. തി​രു​വി​താം​കൂ​ർ, തി​രു​-കൊ​ച്ചി നി​യ​മ​സ​ഭ​ക​ളി​ലും ഇ​ന്ത്യ​ൻ കോ​ൺ​സ്റ്റി​റ്റ്യു​വ​ന്‍റ് അ​സം​ബ്ലി​യി​ലും അ​വ​ർ അം​ഗ​മാ​യി​രു​ന്നു.

ആ​ദ്യ ലോ​ക്സ​ഭ​യി​ൽ മ​ദ്രാ​സ് സം​സ്ഥാ​ന​ത്തെ ഡി​ണ്ടി​ഗ​ൽ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ അ​മ്മു സ്വാ​മി​നാ​ഥ​നു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ എ​ല്ലാ സ​ഭ​ക​ളി​ലും അം​ഗ​മാ​കാ​ൻ അ​വ​സ​രം ല​ഭി​ച്ച ഏ​ക മ​ല​യാ​ളി വ​നി​ത​യാ​ണ് അ​മ്മു സ്വാ​മി​നാ​ഥ​ന്‌. കേ​ന്ദ്ര നി​യ​മ​സ​ഭ, കോ​ൺ​സ്റ്റി​റ്റ്യു​വ​ന്‍റ് അ​സം​ബ്ലി, ഇ​ട​ക്കാ​ല പാ​ർ​ല​മെ​ന്‍റ്, ഒ​ന്നാം ലോ​ക്സ​ഭ, രാ​ജ്യ​സ​ഭ (1957-60) എ​ന്നി​വ​യി​ൽ അം​ഗം.

എ​ന്നാ​ൽ, കോ​ൺ​സ്റ്റി​റ്റ്യു​വ​ന്‍റ് അ​സം​ബ്ലി​യി​ലും ഇ​ട​ക്കാ​ല പാ​ർ​ല​മെ​ന്‍റി​ലും അം​ഗ​മാ​യി​രു​ന്ന മ​റ്റൊ​രു മ​ല​യാ​ളി ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന് ലോ​ക്സ​ഭാം​ഗ​മാ​കാ​ൻ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. 1971ൽ ​അ​ടൂ​രി​ൽ നി​ന്ന് പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. സ്കൂ​ൾ ഫൈ​ന​ൽ പാ​സാ​യ ആ​ദ്യ​ത്തെ പ​ട്ടി​ക​ജാ​തി വ​നി​ത​യാ​യ അ​വ​ർ കൊ​ച്ചി ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ലും അം​ഗ​മാ​യി​രു​ന്നു.

സു​ശീ​ല ഗോ​പാ​ല​‌നു ട്രി​പ്പി​ൾ നേ​ട്ട​ംകേ​ര​ള​പ്പി​റ​വി​ക്കു​ശേ​ഷം 1957 മു​ത​ൽ 2014 വ​രെ 294 അം​ഗ​ങ്ങ​ളെ ലോ​ക്സ​ഭ​യി​ലേ​ക്ക് അ​യ​ച്ച​തി​ൽ 11 പേ​ർ മാ​ത്ര​മാ​ണ് വ​നി​ത​ക​ൾ. അ​താ​യ​ത് 3.74 ശ​ത​മാ​നം. ഒ​ന്നി​ല​ധി​കം സ​ഭ​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​ത് ക​ണ​ക്കാ​ക്കി​യാ​ൽ ഇ​തു​വ​രെ​യു​ള്ള​ത് ആ​നി മ​സ്ക്രീ​ൻ ഉ​ൾ​പ്പെ​ടെ എ​ട്ട് വ​നി​താ എം​പി​മാ​ർ. ഒ​രേ​സ​മ​യം ര​ണ്ടി​ൽ കൂ​ടു​ത​ൽ വ​നി​ത​ക​ളെ ലോ​ക്സ​ഭ​യി​ൽ എ​ത്തി​ച്ചി​ട്ടു​മി​ല്ല. മൂ​ന്നു ലോ​ക്സ​ഭ​ക​ളി​ൽ അം​ഗ​മാ​യ സു​ശീ​ല ഗോ​പാ​ല​നാ​ണ് വ​നി​ത​ക​ളി​ൽ മു​ന്നി​ൽ. മൂ​ന്നു​ത​വ​ണ​യും മൂ​ന്ന് വ്യ​ത്യ​സ്ത മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ് അ​വ​ർ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. 1967ൽ ​ക​ന്നി​യ​ങ്കം ജ​യി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് എ.​കെ.​ഗോ​പാ​ല​നൊ​പ്പം ലോ​ക്സ​ഭ​യി​ൽ ഇ​രി​ക്കാ​നു​ള്ള ഭാ​ഗ്യ​വും അ​വ​ർ​ക്കു​ണ്ടാ​യി.

സി​പി​എം എ​ട്ടു വ​നി​ത​ക​ളെ ലോ​ക്സ​ഭ​യി​ൽ എ​ത്തി​ച്ചു. കോ​ൺ​ഗ്ര​സ് ര​ണ്ടും സി​പി​ഐ ഒ​ന്നും. സു​ശീ​ല ഗോ​പാ​ല​നും സാ​വി​ത്രി ല​ക്ഷ്മ​ണ​നും ‌ ഭാ​ർ​ഗ​വി ത​ങ്ക​പ്പ​നും പി.​കെ.​ശ്രീ​മ​തി​യും നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും അം​ഗ​ങ്ങ​ളാ​യി​രു​ന്നു. സു​ശീ​ല​യും ശ്രീ​മ​തി​യും സം​സ്ഥാ​ന മ​ന്ത്രി​മാ​രും ഭാ​ർ​ഗ​വി ത​ങ്ക​പ്പ​ൻ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്നു.

മൂ​ന്നു ത​വ​ണ വ​നി​ത​ക​ളെ ലോ​ക്സ​ഭ​യി​ലെ​ത്തി​ച്ച വ​ട​ക​ര​യാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നി​ൽ. തൊ​ട്ടു​പി​ന്നി​ൽ മു​കു​ന്ദ​പു​ര​വും. 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 217 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ‌ 15 വ​നി​ത​ക​ൾ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ ഒ​രാ​ളാ​ണ് ജ​യി​ച്ച​ത്. 1957, 1962, 1977, 1984, 1996, 2009 വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​രു വ​നി​ത​പോ​ലും ലോ​ക്സ​ഭ ക​ണ്ടി​ല്ല.

കേ​ന്ദ്ര​മ​ന്ത്രി​യാ​യി മ​ല​യാ​ളി വ​നി​തകേ​ര​ള​ത്തി​ൽ​നി​ന്ന് ജ​യി​ച്ച ഒ​രു വ​നി​ത​യും ഇ​തു​വ​രെ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, നെ​ഹ്റു, ശാ​സ്ത്രി മ​ന്ത്രി​സ​ഭ​ക​ളി​ൽ ഒ​രു മ​ല​യാ​ളി വ​നി​താ മ​ന്ത്രി​യു​ണ്ടാ​യി​രു​ന്നു. ബി​ഹാ​റി​ൽ നി​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ല​ക്ഷ്മി എ​ൻ.​മേ​നോ​ൻ. ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യി​രു​ന്നു അ​വ​ർ.

1952 മു​ത​ൽ 1957 വ​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ൽ പാ​ർ​ല​മെ​ന്‍റ​റി സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ല​ക്ഷ്മി 1957 മു​ത​ൽ 1962 വ​രെ സ​ഹ​മ​ന്ത്രി​യാ​യും പി​ന്നീ​ട് 1962-1967 കാ​ല​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി. 1949-50ല്‍ ​ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ​യു​ടെ വ​നി​താ ശി​ശു​ക്ഷേ​മ വി​ഭാ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

1899 മാ​ർ​ച്ച് 27ന് ​എം. രാ​മ​വ​ർ​മ്മ ത​മ്പാ​ന്‍റെ​യും മാ​ധ​വി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​ളാ​യി ജ​ന​നം. തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ, ല​ണ്ട​ന്‍, ല​ക്നോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പ​ഠ​നം. കൊ​ച്ചി മു​ന്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​റും പാ​റ്റ്ന-​കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ളി​ലെ മു​ന്‍ വൈ​സ്‌ ചാ​ന്‍​സ​ല​റു​മാ​യി​രു​ന്ന വി.​കെ.​ന​ന്ദ​ൻ മേ​നോ​നാ​യി​രു​ന്നു ഭ​ർ​ത്താ​വ്. 1994 ന​വം​ബ​ർ 30ന് ​അ​ന്ത​രി​ച്ചു.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വ​നി​താ എം​പി​മാ​ർ

ആ​നി മ​സ്ക്രീ​ൻ‌
(സ്വ​ത​ന്ത്ര, തി​രു​-കൊ​ച്ചി 1952)
സു​ശീ​ല ഗോ​പാ​ല​ൻ (സി​പി​എം അ​ന്പ​ല​പ്പു​ഴ 1967, ആ​ല​പ്പു​ഴ 1980, ചി​റ​യി​ൻ​കീ​ഴ് 1991)
ഭാ​ർ​ഗ​വി ത​ങ്ക​പ്പ​ൻ
(സി​പി​ഐ, അ​ടൂ​ർ 1971)
പ്ര​ഫ.​സാ​വി​ത്രി ല​ക്ഷ്മ​ണ​ൻ (കോ​ൺ. മു​കു​ന്ദ​പു​രം 1989,91)
പ്ര​ഫ.​എ.​കെ.​ പ്രേ​മ​ജം
(സി​പി​എം, വ​ട​ക​ര 1998, 99)
പി.​സ​തീ​ദേ​വി
(സി​പി​എം, വ​ട​ക​ര 2004 )
സി.​എ​സ്.​ സു​ജാ​ത
(സി​പി​എം, മാ​വേ​ലി​ക്ക​ര 2004)
പി.​കെ. ​ശ്രീ​മ​തി
(സി​പി​എം, ക​ണ്ണൂ​ർ 2014)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.