ഏറ്റവും കൂടതല്‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്. 80 ശതമാനം കടന്ന് എട്ടു മണ്ഡലങ്ങള്‍. പുരുഷന്മാരെക്കാളും കൂടുതല്‍ വോട്ട് ചെയ്തത് സ്ത്രീകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് റിക്കാര്‍ഡ് പോളിംഗ്. 77.68 ശതമാനമാണ് പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്. 83.05. കുറവ് തിരുവനന്തപുരം മണ്ഡലത്തിലാണ് 73.45 ശതമാനം.
സംസ്ഥാനത്ത് എട്ടു ലോക്സഭാ മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം 80 കടന്നു. കാസര്‍ഗോഡ്, കണ്ണൂര്‍,വടകര,വയനാട്,കോഴിക്കോട്,ആലത്തൂര്‍, ചാലക്കൂടി, ആലപ്പുഴ മണ്ഡലങ്ങളിലാണ് 80 ശതമാനത്തിനു മുകളില്‍ പോളിംഗ് നടന്നത്. ഏറ്റവും ശക്തമായ മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച പോളിംഗ് ശതമാനം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനം ഏറെ ഉറ്റു നോക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട തൃശൂര്‍ മണ്ഡലങ്ങളില്‍ ശക്തമായ മത്സരം തന്നെയാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. ചില മണ്ഡലങ്ങളിലെ പോളിംഗ് രാത്രി 10.30 കഴിഞ്ഞു തുടര്‍ന്നിരുന്നു. വടകര,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം മണ്ഡലങ്ങളിലാണ് പോളിംഗ് രാത്രി വൈകി അവസാനിച്ചത്. കാര്യമായ അക്രമ സംഭവങ്ങള്‍ പോളിംഗ് കഴിയുന്നതുവരെ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോളിഗ് മെഷീനുകളുടെ തകരാര്‍ സംഭവിച്ച സ്ഥലങ്ങളിലാണ് പോളിംഗ് അവസാനിക്കാന്‍ വൈകിയത്. 2014-ല്‍ 74.02 ശതമാനവും 2009-ല്‍ 73.37 ശതമാനവുമായിരുന്നു പോളിംഗ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോളിംഗ് ശതമാനമാണ് ഇത്തവണത്തേത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പോളിംഗ് ശതമാനം 70 ശതമാനത്തിനു മുകളില്‍ പോയിട്ടുണ്ട്. പോളിംഗ് ശതമാനം കൂടിയത് മൂന്നു മുന്നണികളുടേയും നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. തീരദേശ മേഖലകളിലടക്കം വലിയ ജനപങ്കാളിത്തമാണ് വോട്ടു ചെയ്യാനുണ്ടായിരുന്നത്. സംസ്ഥാനത്ത് ആര്‍ക്ക് അനുകൂലമായ തരംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ ഒരു മുന്നണിയ്ക്കും കഴിയുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. കാര്യമായ അവകാശ വാദവുമായി ആരും തന്നെ ഇതുവരെ രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളായ തൃശൂര്‍,പത്തനംതിട്ട,തിരുവനന്തപുരം മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് അവരുടെ പ്രതീക്ഷ കൂട്ടിയിട്ടുണ്ട്. തങ്ങള്‍ക്കും കാര്യമായ മേല്ക്കൈയ് ലഭിക്കുമെന്ന് തന്നെയാണ് എല്‍ഡി.എഫിന്റേയും യുഡി.എഫിന്റേയും അവകാശവാദം. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ 80.31 ശതമാനമാണ് പോളിംഗ്. രാഹുല്‍ മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്കു പ്രകാരം 2,0313833 പേര് കേരളത്തില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ട്. 13 മണ്ഡലങ്ങളില്‍ പത്തു ലക്ഷത്തിലധികം പേര് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് കാസര്‍ഗോഡ് മണ്ഡലത്തിലാണ്1096470.
പുരുഷന്മാരേക്കാള് സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 10612049 സത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 9701721 പുരുഷമാര്‍ മാത്രമെ വോട്ട് രേഖപ്പെടുത്തയിട്ടുള്ളു. 15 ട്രാന്‍സ്ജന്‍ഡര്‍മാര്‍ വോട്ട് ചെയ്ത തിരുവനന്തപുരമാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൊത്തം 63 ട്രാന്‍സ്ജന്‍ഡര്‍മാരാണ് ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിച്ചത്. അടുത്ത മാസം 23നാണ് വോട്ടെണ്ണല്‍. അതുവരെ കൂട്ടലും കിഴിക്കലുമായി മുന്നണികളും സ്ഥാനാര്‍ഥികളും കളംനിറഞ്ഞു തന്നെ കാണുമെന്ന് ഉറപ്പ്.
മണ്ഡലം തിരിച്ചുള്ള വോട്ടിംഗ് ശതമാനം:
ബ്രാക്കറ്റില്‍ 2104 ലെ വോട്ടിംഗ് ശതമാനം
കാസര്‍ഗോഡ്- 80.57 (78.49), കണ്ണൂര്‍- 83.05 (81.33), വടകര- 82.48 (81.24), വയനാട്- 80.31 (73.29), കോഴിക്കോട്- 81.47 (79.81), മലപ്പുറം- 75.43 (71.21), പൊന്നാനി- 74.96 (73.84), പാലക്കാട്- 77.67(75.42), ആലത്തൂര്‍- 80.33 (76.41), തൃശൂര്‍- 77.86 (72.17), ചാലക്കുടി- 80.44 (76.92) , എറണാകുളം- 77.54 (73.58), ഇടുക്കി-76.26 (70.76), കോട്ടയം- 75.29 (71.7), ആലപ്പുഴ- 80.09 (78.86), മാവേലിക്കര- 74.09 (71.36), പത്തനംതിട്ട- 74.19(66.02), കൊല്ലം- 74.36 (72.09), ആറ്റിങ്ങല്‍- 74.23 (68.71)), തിരുവനന്തപുരം- 73.45 (68.69).
എം.ജെ ശ്രീജിത്ത്