നമ്മുടെ രാജ്യത്ത് നടക്കുന്ന പ്രഫഷണല്‍ പ്രോഗ്രാമുകളെ നിയന്ത്രിക്കുന്നതിനും ക്വാളിറ്റി നിലനിര്‍ത്തുന്നതിനും ഒക്കെയായി വിവിധ സ്റ്റാറ്റ്യൂട്ടറി പ്രഫഷണല്‍ കൗണ്‍സിലുകള്‍ ഉണ്ടല്ലോ. ഈ കൗണ്‍സിലുകള്‍ ഏതൊക്കെയെന്ന് വിവരിക്കാമോ?
അനന്തകൃഷ്ണന് അരുവിപ്പുറം.
നമ്മുടെ രാജ്യത്തെ ഉപരിപഠനത്തിലെ പ്രഫഷണല്‍ പ്രോഗ്രാമുകളെ നിയന്ത്രിക്കുന്ന പ്രധാനപ്പെട്ട പ്രഫഷണല്‍ കൗണ്‍സിലുകള്‍ 15 എണ്ണമാണ്.
1) ഓള് ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (AICTE) എന്‍ജിനിയറിംഗ് പഠനത്തിന്റെ നിലവാരം നിശ്ചയിക്കാനും പുതിയ പഠനക്രമങ്ങള്‍ നടപ്പിലാക്കുന്നതിനും അവശ്യം വേണ്ട നിര്‍ദേശങ്ങളും തീരുമാനങ്ങളും നല്‍കുക.
2) നാഷണല്‍ മെഡിക്കല്‍ കമ്മീഷന്(NMC) രാജ്യത്തെ ആധുനിക മെഡിക്കല്‍ വിദ്യാഭ്യാസത്തിനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധം നല്‍കുക.
3) ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ (ICAR) കാര്‍ഷിക മേഖലയിലെ ബിരുദങ്ങളുടെയും അനുബന്ധ കോഴ്സുകളുടെയും നിലവാരവും പ്രവേശന യോഗ്യതകളും പരീക്ഷകളും നിയന്ത്രിക്കുക.
4) നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ (NCTE) അധ്യാപക പരിശീലനങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ നിലവാരം നിശ്ചയിക്കുക.
5) ദന്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (DCI) ദന്തല്‍ കോളജുകളുടെയും സര്‍വകലാശാലകളുടെയും അംഗീകാരം, ഗുണനിലവാരപാലനം, പ്രവേശനരീതികള്‍, പരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോണിറ്ററിംഗ് നടത്തുക.
6) ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യ(PCI) ഫാര്‍മസി പഠനവുമായി ബന്ധപ്പെട്ട് എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക.
7) ഇന്ത്യന്‍ നഴ്സിംഗ്് കൗണ്‍സില്‍ (INC) നഴ്സിംഗ് പ്രോഗ്രാമുകള്‍ നടത്തുന്ന കോളജുകളുടെ അംഗീകാരം, കോഴ്സുകളുടെ പഠനരീതി, പരീക്ഷകള്‍ അടക്കം ഉള്ള കാര്യങ്ങള്‍.
8) ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(BCI) നിയമപഠനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുക.
9) സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതി (CCH) ഹോമിയോ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെയും നിയന്ത്രിക്കുക.
10) സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്( CCIM)
പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ അംഗീകാരം, പരിഷ്കാരങ്ങള്‍, ഗവേഷണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സ്റ്റാറ്റ്യൂട്ടറി ബോഡി.
11) കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍( COA) ആര്‍ക്കിടെക്ചര്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകള്‍ നടത്തുന്ന സര്‍വകലാശാലകളെയും കോളജുകളെയും നിയന്ത്രിക്കുക.
12) ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ ബ്യൂറോ (DEB) ഓപ്പണ്‍ യൂണിവേഴ്സിറ്റികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്ന സ്റ്റാറ്റ്യൂട്ടറി ബോഡി.
13) റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍(RC) റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളുമായ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെ മേല്‍നോട്ടവും നിയന്ത്രണവും.
14) നാഷണല്‍ കൗണ്‍സില്‍ ഫോര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (NCRI) വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ ഗാന്ധിയന്‍ ചിന്തയെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അധ്യാപകരെ പരിശീലിപ്പിക്കുന്നതിനും യുജിസി, എഐസിറ്റിഇ മുതലായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
15) സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (SCHE) ഓരോ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പൊതുവെയും ഉന്നതവിദ്യാഭ്യാസ പ്രവര്‍ത്തനത്തെ പ്രത്യേകിച്ചും നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ഥാപിതമായിട്ടുള്ള സ്റ്റാറ്റ്യൂട്ടറി കൗണ്‍സില്‍.