ശാസ്താംകോട്ട : യുവാക്കളെ സംഘം ചേർന്നു ക്രൂരമായി മർദിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ നാഗാലാൻഡിലെ ദിമാപൂരിൽനിന്നു ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട്,ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയായ മൈനാഗപ്പള്ളി വേങ്ങ റെയിൽവേ സ്റ്റേഷനുസമീപം ഗായത്രി ഭവനത്തിൽ ടാറ്റു അപ്പു എന്നു വിളിക്കുന്ന ധനുഷ് (30) ആണ് പോലീസിന്റെ പിടിയിലായത് .
കഴിഞ്ഞ മേയ് 28നു രാത്രി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചക്കുവള്ളിയിലെ ക്ലബിനുസമീപം ചക്കുവള്ളി സ്വദേശികളായ യുവാക്കളെ കാറിലും മറ്റു വാഹനങ്ങളുമായി എത്തിയ പ്രതികൾ മുളക് സ്പ്രേ മുഖത്ത് അടിച്ചശേഷം കമ്പി വടികൊണ്ടും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ചും പരിക്കേൽപ്പിച്ചു.
രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ചുടുകട്ട എറിഞ്ഞു വീഴ്ത്തിയ ശേഷം വീണ്ടും മാരകമായി മർദിച്ചു. പ്രതികൾ പെട്രോൾ പമ്പിനു സമീപത്ത് വച്ചു മറ്റൊരു യുവാവിനെയും ക്രൂരമായി മർദിച്ചു പരിക്കേൽപ്പിച്ചു .തുടർന്നു സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ പ്രതികളിൽ ഇയാൾ ഒഴികെയുള്ളവരെ പോലീസ് അന്വേഷിച്ചു കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് സംഘം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു പ്രതിയുടെ ജോലിയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ നാഗാലാൻഡിലെ ദീമപൂരിൽ കഴിഞ്ഞു വരുന്നതായി സൂചനകൾ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിൽപ്പെട്ട എസ്ഐ സതീശൻ, സിപിഒ മാരായ അരുൺ ബാബു, മുഹമ്മദ് അനസ് എന്നിവരെ ദിമാപൂരിലേക്ക് നിയോഗിച്ചു.
ഇവർ അവിടെ ക്യാമ്പ് ചെയ്തു നടത്തിയ തിരച്ചിലിൽ ദിമാപൂരിലെ ബാങ്ക് കോളനി എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നു പ്രതിയെ ദിമാപൂർ കോടതിയിൽ ഹാജരാക്കിയ ശേഷം ശൂരനാട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പിന്നീട് ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു.
Tags : Local News Kollam Nattuvishesham