പടിയൂർ ബ്ലാത്തൂരിൽ നിന്നും മയക്കുവെടിവച്ചു പിടികൂടിയ കാട്ടുപോത്തിനെ വയനാട് മുത്തങ്ങയിലെ വന്യജീവി സങ്കേതത്തിലേക്ക് വിടാനായി ജെസിബി ഉപയോഗിച്ച് ലോറിയിൽ ക
പടിയൂർ: മലയോര മേഖലയിലെ ഇരിട്ടി നഗരസഭയിലെയും പായം, പടിയൂർ പഞ്ചായത്തുകളിലെയും ജനവാസ മേഖലയിൽ കഴിഞ്ഞ നാലുദിവസമായി ഭീതിപരത്തിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു പിടികൂടി. ബ്ലാത്തൂരിൽ വച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടിയത്. ഇന്നലെ വൈകുന്നേരം വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടിയ കാട്ടുപോത്തിനെ പിന്നീട് വയനാട് മുത്തങ്ങയിലെ വന്യജീവി സങ്കേതത്തിൽ വിടും.
ഇരിട്ടി മേഖലയിൽ കണ്ടെത്തിയ കാട്ടുപോത്ത് ഞായറാഴ്ച വൈകുന്നേരമാണ് പൂവ്വം റോഡിൽ കുറ്റിവയലിലൂടെ നടന്നുനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഇന്നലെ രാവിലെ ഊരത്തൂർ, പൂവം പടിയൂർ റോഡിലെത്തിയ കാട്ടുപോത്ത് ഉച്ചയോടെയാണ് ബ്ലാത്തൂരിലെത്തിയത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ,കൊട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻ രാജ്, ഫോറസ്റ്റ് വെറ്ററിനറി സർജൻ ഇല്യാസ് റാവുത്തർ, ഡോ. എ.കെ.റിഷികേഷ്, സീനിയർ ഫോറസ്റ്റ് ഓഫീസർ എ.കെ.ബാലൻ, തളിപ്പറമ്പ്,കൊട്ടിയൂർ റേഞ്ച് ഓഫീസ് ജീവനക്കാർ, ആർആർടി ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി ജെസിബി ഉപയോഗിച്ച് ലോറിയിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോയത്. ഇരിക്കൂർ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്ത് ക്യാന്പ് ചെയ്തിരുന്നു.
Tags : hunter; will be released in Muthangal nattuvisesham local news