തദ്ദേശതെരഞ്ഞെടുപ്പിന്റെ ആവേശദിനങ്ങളിലേക്കു കടക്കുകയാണ് ഗ്രാമങ്ങളും നഗരങ്ങളും. തെരഞ്ഞെടുപ്പു പ്രഖ്യാപനമായി. പിറകേവരും സ്ഥാനാർഥിപ്പട, മോഹനവാഗ്ദാനങ്ങൾ, ആരോപണ - പ്രത്യാരോപണങ്ങൾ. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള അങ്കങ്ങളാണിനി. വാക്പോരിന്റെ തുടക്കം കടന്നുപോയ അഞ്ചുവർഷക്കാലത്തെക്കുറിച്ചാണ്. വികസനനേട്ടങ്ങൾ നിരത്താൻ ഭരണപക്ഷവും ഇല്ലായ്മകളും വാഗ്ദാനലംഘനങ്ങളും നിരത്താൻ മറുപക്ഷവും. രാഷ്ട്രീയമില്ലാത്ത വികസനസ്വപ്നങ്ങളുമായി മറ്റു ചിലരും. "നാട്ടിലോട്ട്' ഇന്നുമുതൽ വായിക്കുക.
1952ൽ രൂപീകരിച്ച കല്ലൂർ വടക്കുംമുറി പഞ്ചായത്ത് 1989ൽ കാടുകുറ്റിയെന്നു പുനർനാമകരണം ചെയ്തു. 16 വാർഡുകളിൽ 6410 കുടുംബങ്ങൾ. 2018ലെ പ്രളയത്തിൽ 80 ശതമാനം പ്രദേശവും വെള്ളത്തിൽ മുങ്ങി.
ആറങ്ങാലി മണപ്പുറം, ഓക്സ്ബോ തടാകം, ചാത്തൻചാൽ, തൈക്കൂട്ടം പാലം തുടങ്ങിയവയാണ് മുഖ്യ ആകർഷണകേന്ദ്രങ്ങൾ. സന്പാളൂരിലെ വിശുദ്ധ ഫ്രാൻസീസ് സേവ്യർ ദേവാലയം, പോർച്ചുഗീസ് പൈതൃകം അവകാശപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ സമുദായം നിവസിക്കുന്ന നാട്, പനന്പിള്ളി ഗോവിന്ദമേനോന്റെ ജന്മസ്ഥലം എന്നിങ്ങനെ പ്രസിദ്ധം.
കോണ്ഗ്രസിനോട് ആഭിമുഖ്യമുണ്ടെങ്കിലും ഇരുമുന്നണികൾക്കും മാറിമാറി അവസരം കൊടുക്കുന്ന പഞ്ചായത്ത്.
വികസന മുരടിപ്പിൽനിന്ന് കരകയറ്റി
പ്രിൻസി ഫ്രാൻസിസ് (പഞ്ചായത്ത് പ്രസിഡന്റ്, എൽഡിഎഫ്)
1. വികസന മുരടിപ്പിൽനിന്നു കരകയറ്റി.
2. പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാതെ പൊതുകളിസ്ഥലം യാഥാർഥ്യമാക്കി.
3. കാതിക്കുടം ചാത്തൻചാൽ കാർഷികവികസന പദ്ധതി ഒന്നാംഘട്ടം അവസാനഘട്ടത്തിൽ.
3. നിലാവ് പദ്ധതി നടപ്പാക്കി എല്ലായിടത്തും വെളിച്ചമെത്തിച്ചു.
4. ആവശ്യമില്ലാത്ത പൊതുടാപ്പുകൾ അടപ്പിച്ചു. വാട്ടർ അഥോറിറ്റി ചാർജ് 2.25 ലക്ഷത്തിൽനിന്ന് 43,000 ആക്കി കുറച്ചു.
5. ഞർളക്കടവ് പാലത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു.
6. ജനറേറ്റർ സ്ഥാപിച്ച് പഞ്ചായത്തിനും അനുബന്ധസ്ഥാപനങ്ങൾക്കും വൈദ്യുതി എത്തിക്കാൻ സാധിച്ചു.
7. എട്ട് അങ്കണവാടികൾ പുനർനിർമിച്ചു.
8. മാലിന്യനിർമാർജനം നടപ്പാക്കി കാടുകുറ്റിയെ സന്പൂർണ ശുചിത്വപഞ്ചായത്താക്കി.
9. കുടുംബാരോഗ്യ കേന്ദ്രം, ആയുർവേദ- ഹോമിയോ വിഭാഗങ്ങളിൽ സേവനം കാര്യക്ഷമമാക്കി.
നിഷ്ക്രിയ
കാലഘട്ടം
(മോളി തോമസ്- പ്രതിപക്ഷം, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ)
1. പഞ്ചായത്ത് ഭരണം നിഷ്ക്രിയമായി
2. വഴിയോരവിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക്) പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി.
2. വിസിറ്റ് ആറങ്ങാലി പദ്ധതി ജലരേഖയായി.
3. കുട്ടൻകുളം, മുട്ടാത്തിക്കുളമടക്കം ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള പദ്ധതികൾ മുടങ്ങി.
4. തൊഴിലുറപ്പുപ്രവർത്തനങ്ങളിൽ ഏറ്റവും പിന്നിലായി.
5. വികസനപദ്ധതികൾക്കായി ലഭിച്ച ഫണ്ടുകൾ ലാപ്സായി.
6. ഗ്രാമീണറോഡുകൾ ശോചനീയാവസ്ഥയിൽ.
7. കെഎസ്ഇബി സബ്സ്റ്റേഷൻ പ്രവർത്തനം കാടുകുറ്റിയിൽ നിലച്ചു.
8. യുവാക്കളുടെ കായികക്ഷമത വർധിപ്പിക്കാൻ ക്രിയാത്മക ഇടപെടലുകളില്ല.
9. കാർഷികമേഖലയിൽ നൂതനപദ്ധതികളില്ല.
വീഴ്ചകൾ അനവധി
വി.കെ. മോഹനൻ (മുൻ പഞ്ചായത്ത് പ്രസിഡന്റ്)
1. പുതിയ പദ്ധതികൾക്കു രൂപംനൽകാൻ കഴിഞ്ഞില്ല.
2. ഗ്രാമീണ റോഡുകൾ തകർന്നിട്ടും അനങ്ങാപ്പാറനയം
3. കാടുകുറ്റിക്കു പൊതുകളിസ്ഥലത്തിനായി പഞ്ചായത്തിന്റെ സംഭാവനയില്ല.
4. തനതുഫണ്ട് ഉപയോഗിച്ച് കാതലായ ഒരു വികസനവും നടന്നിട്ടില്ല.
5. ദേശീയപാത നിർമാണത്തെതുടർന്ന് വാഹനങ്ങൾ വഴിതിരിച്ചുവിട്ടു ഗ്രാമീണ റോഡുകൾ തകർന്നു. റോഡിന്റെ പുനുരുദ്ധാരണം നടത്താൻ ദേശീയപാത അഥോറിറ്റിയോട് ആവശ്യപ്പെടണം.