തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ നിഷേധത്തെ തുടർന്നു മരിച്ച വേണുവിന്റെ വീട്ടിൽ ചാണ്ടി ഉമ്മൻ എംഎൽഎ സന്ദർശിച്ചപ്പോൾ.
ചവറ : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു മതിയായ ചികിത്സ ലഭിക്കാതെ മരിച്ച പന്മന മനയില്‍ പൂജാഭവനില്‍ വേണു (47) വിന്റെ മരണത്തിന് ഉത്തരവാദികളായ ഡോക്ടർമാർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നു ഭാര്യ സിന്ധു ആവശ്യപ്പെട്ടു.
ഡോക്ടർമാരുടെ അനാസ്ഥയാണ് വേണുവിന്റെ മരണത്തിനു കാരണമായത്. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നു വ്യക്തമായി ആരും ഉറപ്പു പറഞ്ഞിട്ടില്ലെന്നും സിന്ധു പറഞ്ഞു.
പല കാരണങ്ങൾ പറഞ്ഞു പരിശോധന നീട്ടിക്കൊണ്ടു പോവുകയായിരുന്നു. നഷ്ടം ഞങ്ങൾക്കു മാത്രമാണെന്നു നിറഞ്ഞ കണ്ണുകളോട് സിന്ധു പറഞ്ഞു.
വേണുവിന്റെ ചികിത്സയെ സംബന്ധിച്ചു വ്യക്തമായ മറുപടികൾ ഒന്നും ആശുപത്രി അധികൃതരിൽനിന്നും കിട്ടിയിട്ടില്ല. എന്റെ ഭർത്താവിനു വേണ്ടത്ര ചികിത്സ ലഭിക്കാതെ കൊന്നതു തന്നെയാണ്. ഇപ്പോൾ ആശുപത്രി അധികൃതർ അവരുടെ ഭാഗം ന്യായീകരിക്കാനുള്ള ശ്രമം നടത്തുകയാണ്. മക്കളുടെ പഠനം പ്രധാന ആവശ്യമാണ്.
എന്നാൽ മക്കൾക്കു വേണ്ട പഠനകാര്യങ്ങൾ ചെയ്യാമെന്ന് ആരും ഉറപ്പു നൽകിയിട്ടില്ല. എന്റെ കുടുംബത്തിന്റെ ആവശ്യം സർക്കാർ കണ്ടറിഞ്ഞു ചെയ്യണം. മക്കളുടെ പഠനമാണ് ഏറെ പ്രാധാന്യം . വേണുവിന്റെ ഏറ്റവും വലിയ ആഗ്രഹവും പ്രതീക്ഷയും മക്കളുടെ പഠനവും ഭാവിയും തന്നെയായിരുന്നുവെന്നും സിന്ധു പറഞ്ഞു. ഓട്ടോ ഡ്രൈവറായ വേണുവിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലായെന്നു ബന്ധുക്കളും ആരോപിക്കുന്നു.
വേണുവിന്റെ ഭവനം ചാണ്ടി ഉമ്മൻ സന്ദർശിച്ചു
ചവറ : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശു പത്രിയിൽ മതിയായ ചികിത്സ നിഷേധിച്ചതിനെ തുടർന്നു മരണപ്പെട്ട ചവറ പന്മന സ്വദേശി കെ.വേണുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു ചാണ്ടി ഉമ്മൻ എംഎൽഎ ആശ്വസിപ്പിച്ചു.
ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലം മരണം സംഭവിച്ച വേണുവിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ജീവിത പ്രാരാബ്ദത്തിൽ നിൽക്കുന്ന ഭാര്യ സിന്ധുവിനു സർക്കാർ സർവീസിൽ സ്ഥിരം ജോലി കൊടുത്തു കുടുംബത്തെ സംരക്ഷിക്കണമെന്നും മതിയായ നഷ്ടപരിഹാരം കുറ്റക്കാരുടെ കൈയിൽനിന്നും ഈടാക്കി കുടുംബത്തിന് നൽകണമെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.
അഡ്വ.എം.ജി.ജയകൃഷ്ണൻ, പാലയ്ക്കൽ ഗോപൻ, വലിയത്ത് ഇബ്രാഹിംകുട്ടി, സുഹൈൽ നെറ്റിയാട്ട്. രാമു, സുമേഷ് കോയിവിള, തുടങ്ങിയവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു.
Tags : Local News Kollam Nattuvishesham