അടൂർ: വേദരത്നം കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മാരകമായുള്ള 12 - ാമത് വേദരത്ന പുരസ്കാരം ചലച്ചിത്ര പിന്നണി ഗായകൻ കെ.ജി. മർക്കോസിന് സമ്മാനിക്കും. 25001 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. നൂറോളം സിനിമകളിലും നാലായിരത്തോളം സിഡികളിലുമായി 15000 ഗാനങ്ങളാണ് മർക്കോസ് ആലപിച്ചിട്ടുള്ളത്.
കായംകുളം ഫിലിപ്പോസ് റമ്പാൻ കബറടങ്ങിയിട്ടുള്ള അടൂർ കണ്ണങ്കോട് സെന്റ് തോമസ് കത്തീഡ്രൽ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം റമ്പാന്റെ 213 -ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് 12ന് അടൂർ കത്തീഡ്രലിൽ നടക്കുന്ന സമ്മേളനത്തിൽ ഡോ.സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സമ്മാനിക്കുമെന്ന് ഇടവക വികാരി ഫാ. ഫിലിപ്പോസ് ദാനിയേൽ, സഹവികാരി ഫാ. ജുബിൻ രാജ്, പുരസ്കാരം കമ്മിറ്റി കൺവീനർ പ്രഫ. ഡി.കെ. ജോൺ എന്നിവർ അറിയിച്ചു.