ആലുവ: ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിനു സമീപത്തെ വീട്ടിൽ നിന്ന് ഏഴു പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് കുടിക്കൽ ഷാജഹാൻ (59 ), കുട്ടമശേരി കുമ്പശേരി ആസാദ് (39) എന്നിവരെയാണ് ആണ് ആലുവ പോലീസ് പിടികൂടിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഓൾഡ് ദേശം റോഡിൽ സുജിത്തിന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭര ണമാണ് പ്രതികൾ കവർന്നത്. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തിയ പ്രത്യേക സംഘം എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.
മോഷണക്കേസുകളിൽ പ്രതികളായ ഷാജഹാനും, രാസലഹരി കേസിൽ പ്രതിയായ ആസാദും തൊടുപുഴ മുട്ടം ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരിചയപ്പെട്ടത്. കഴിഞ്ഞ 17ന് ജയിലിൽ നിന്നിറങ്ങിയ ഷാജഹാൻ തുടർന്ന് കൂത്താട്ടുകുളം, തൃശൂർ എന്നിവിടങ്ങളിൽ നിരവധി മോഷണം നടത്തി.
ഡിവൈഎസ്പി ടി.ആർ. രാജേഷ്, സിഐ ജി.പി. മനുരാജ്, എസ്ഐമാരായ എൽദോസ്, കെ. നന്ദകുമാർ ചിത്തുജി, എഎസ്ഐ വിനിൽ കുമാർ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, മുഹമ്മദ് ഷാഹിർ, ജാബിർ, മേരിദാസ്, ബിബിൻ ജോയ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Tags : Local News Ernakulam Nattuvishesham