പത്തനംതിട്ട: സിഗരറ്റ് വാങ്ങാനെന്ന പേരിലെത്തി വ്യാപാരിയുടെ സ്വർണമാല പൊട്ടിച്ചെടുത്തു കടന്ന സംഘത്തെ പോലീസ് പിടികൂടി. വെള്ളപ്പാറ ചരിവുകാലായിൽ അനീഷ് കുമാർ (43), ഓമല്ലൂർ മടുക്കവേലിൽ ജിജോമോൻ ജോയ് (25) എന്നിവരാണ് പിടിയിലായത്.
കരിന്പനാക്കുഴിയിൽ ചെറുകിട സ്റ്റേഷനറി വ്യാപാരം നടത്തുന്ന മണ്ണാറമല കാലായിൽ കെ.വി. ജോസഫിനെയാണ് (79) ഇരുവരും ആക്രമിച്ച് മാല കവർന്നത്. പരിക്കേറ്റ ജോസഫ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകുന്നേരം അനീഷും ജിജോയും സ്കൂട്ടറിൽ കടയ്ക്കു മുന്നിലെത്തുകയും ജിജോ സ്കൂട്ടറിൽ നിന്നിറങ്ങി സിഗരറ്റ് ചോദിക്കുകയുമായിരുന്നു. ഇത് എടുക്കുന്നതിനിടയിൽ ജോസഫിന്റെ മുഖത്തേക്ക് ഇയാളുടെ കൈവശമുണ്ടായിരുന്ന മദ്യം ഒഴിച്ചശേഷം കഴുത്തിൽ കിടന്ന മാല അപഹരിക്കാൻ ശ്രമിച്ചു. തടുക്കാൻ ശ്രമിച്ചപ്പോൾ തള്ളിയിട്ടശേഷം മാലയുമായി സംഘം കടന്നു കളഞ്ഞു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. തുടർന്നു പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ അഴൂരിലെ ആയുർവേദാശുപത്രിക്കു സമീപത്തു നിന്ന് ഇരുവരും പിടിയിലായി.
കഴിഞ്ഞദിവസങ്ങളിൽ ജോസഫിന്റെ കടയ്ക്കു സമീപം എത്തിയ ഇവർ കഴുത്തിൽ കിടക്കുന്ന മാല ശ്രദ്ധിച്ചിരുന്നു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് അപഹരണ ശ്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Tags : Local News Pathanamthitta Nattuvishesham