കടയ്ക്കലിൽ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നവർക്ക് ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പതാക കൈമാറുന്നു.
അജി വള്ളിക്കീഴ്
കൊല്ലം: ജില്ലാ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ സിപിഐ വിട്ടവരെ തൂത്തുവാരിയെടുത്ത് സിപി എം. പുഴുക്കുത്തുകൾക്കെതിരെ സിപിഐ, സിപിഎം പാർട്ടികൾ ഒരു മികച്ചു നിന്ന് നിലപാടെടുക്കേണ്ട സമയമാണെന്ന സിപി ഐയുടെ മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി കൊണ്ടാണ് കടയ്ക്കലിൽ സിപിഐ വിട്ടവർക്ക് സിപിഎം സ്വീകരണം ഒരുക്കിയിരിക്കുന്നത്.
സിപിഐ ജില്ലാ കൗൺസിൽ അംഗം ജെ.സി. അനിലി െ ന്റ നേതൃത്വത്തിൽ പാർട്ടി വിട്ടവർക്ക് സിപിഎം വമ്പൻ സ്വീകരണമാണ് കടയ്ക്കലിൽ ഒരുക്കിയത്. കടയ്ക്കൽ പഞ്ചായത്ത് ടൗൺഹാളിൽ ചേർന്ന യോഗത്തിൽ സിപിഎം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്. ജയമോഹൻ പാർട്ടി പതാക സിപിഐ വിട്ടെത്തിയവർക്ക് കൈമാറുകയായിരുന്നു. യോഗത്തിൽ വച്ച് സിപിഐ വിട്ടെത്തിയവർ സിപിഎമ്മിൽ ചേർന്നതായി ഔദ്യോഗിക പ്രഖ്യാപനവും നടത്തി.
എസ്. ജയമോഹനാണ് പാർട്ടി പതാക കൈമാറിയത്. സിപിഐ ജില്ലാ കൗൺസിൽ അംഗം ജെ.സി. അനിലാണ് ചടങ്ങിൽ അധ്യക്ഷനായത്. സംസ്ഥാന കമ്മിറ്റി അംഗം എസ്. രാജേന്ദ്രൻ, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം.നസീർ, വി. സുബ്ബലാൽ, എം.എസ്. മുരളി, ടി.എസ്. പ്രഫുല്ലഘോഷ്, ടി.ആർ. തങ്കരാജ്, ലതികാ വിദ്യാധരൻ തുടങ്ങിയവർ സിപി ഐക്കാരെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്ന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി.സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി. പ്രതാപൻ, അഖിലേന്ത്യ കിസാൻസഭ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന കണ്ണങ്കോട് സുധാകരൻ,
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും മണ്ഡലം കമ്മിറ്റി അംഗവുമായിരുന്ന ജി.എസ്. പ്രിജിലാൽ, മണ്ഡലം കമ്മിറ്റി അംഗവും കടയ്ക്കൽ പഞ്ചായത്ത് അംഗവുമായ വി. ബാബു, ബ്ലോക്ക് അംഗവും കടയ്ക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സുധിൻ കടയ്ക്കൽ, കെ. ഓമനക്കുട്ടൻ, സി.പി. ജസിൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായിരുന്ന ഇ.വി. ജയപാലൻ, ആർ. രമേശ്, പി.ജി. ഹരിലാൽ, ജി. രാമാനുജൻപിള്ള, വി.എൻ. അലക്സാണ്ടർ, ഇട്ടിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഗിരിജമ്മ, പഞ്ചായത്ത് മുൻ പ്രസിഡന്റ് സി. ബിന്ദു എന്നിവരാണ് ജെ.സി. അനിലിനൊപ്പം സിപിഎമ്മിൽ ചേർന്നതായി പ്രഖ്യാപിക്കുന്നത്.
കുമ്മിൾ, ഇട്ടിവ, കടയ്ക്കൽ, ചിതറ പഞ്ചായത്തുകൾ ഉൾപ്പെടുന്ന കടയ്ക്കൽ മണ്ഡലത്തിൽ നിന്ന് 600-ൽപ്പരം പ്രവർത്തകർ സിപിഎമ്മിൽ ചേർന്നതായാണ് പുറത്ത് വന്നിട്ടുള്ള വിവരം.അതേസമയം,നടപടിക്ക് വിധേയരായി സിപിഐ പുറത്താക്കിയവരെ അംഗത്വം നൽകി സ്വീകരിക്കുന്നത് ഇടത് പാർട്ടികൾക്ക് ഭൂഷണമല്ലെന്നു സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു പ്രസ്താവന നടത്തിയ പിറകെയാണ് സിപിഎമ്മി െ ന്റ രാഷ്ട്രീയ ചരടുവലി നടന്നിരിക്കുന്നത്.
തെറ്റുപറ്റിയാൽ തിരുത്തുന്നതിന് വേണ്ടിയാണ് അച്ചടക്ക നടപടിയെന്നും ഇവരെ മറ്റൊരു പാർട്ടി സ്വീകരിക്കുന്നെങ്കിൽ അത് ഒരിക്കലും ശരിയിലേക്ക് വരുന്നില്ലെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.
പുറത്താക്കിയവരെ സി പി എം സ്വീകരിച്ചാൽ 'വെടക്കാക്കി തനിക്കാക്കുക' എന്ന സമീപനമാണതെന്നു ജനം വ്യാഖ്യാനിക്കുമെന്നും, കടക്കലിൽ സിപി ഐ യുടെ നടപടിക്ക് ആധാരമായ കത്ത് സിപി ഐക്ക് നൽകിയത് സിപിഎം ജില്ലാ സെക്രട്ടറിയാണെന്നും സിപി ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം വെളിപ്പെടുത്തിയിരുന്നു. ജില്ലയിൽ കുണ്ടറ, കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്ന് സി പി ഐ വിട്ടവരാണ് കൂട്ടത്തോടെ സിപിഎമ്മിൽ ചേർന്നിരിക്കു ന്നത്.
Tags : Local News Kollam Nattuvishesham