മരണമടഞ്ഞ തിരുഹൃദയ സന്യാസിനി സഭാംഗങ്ങളുടെ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് പേരാവൂർ തൊണ്ടിയിലെ സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഹൗസ് സെമിത്തേരിയിൽ നടത്തിയ അനുസ
പേരാവൂർ: തിരുഹൃദയ സന്യാസ സമൂഹത്തിന്റെ പേരാവൂർ തൊണ്ടിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ മരിക്കാത്ത ഓർമകളുടെ സുഗന്ധമായിരുന്നു. നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട 74 സന്യാസിനിമാരുടെ സ്മരണകൾക്ക് മുന്നിൽ അവർ സന്യാസത്തിന്റെ പാഠങ്ങൾ ചൊല്ലിപ്പഠിപ്പിച്ച പിന്മുറക്കാരും പ്രിയപ്പെട്ട വീട്ടുകാരും പ്രാർഥനാപൂക്കളുമായി നിന്നു.
മൺമറഞ്ഞുപോയ വഴികാട്ടികളായ സന്യാസിനികളെ അനുസ്മരിക്കാനും അവരുടെ കുടുംബങ്ങളെ ആദരിക്കാനും തിരുഹൃദയ സന്യാസിനി സമൂഹം ഒരുക്കിയ ചടങ്ങ് അവിസ്മരണീയമായി. സന്യാസിനികളുടെ കബറിടങ്ങൾ സ്ഥിതിചെയ്യുന്ന പ്രൊവിഷ്യൽ ഹൗസ് സെമിത്തേരിയിലെ ചാപ്പലിൽ ദിവ്യബലിയോടെയായിരുന്നു അനുസ്മരണത്തിന്റെ തുടക്കം. നിർമലഗിരി കോളജ് ബർസാർ റവ. ഡോ. തോമസ് കൊച്ചുകരോട്ട് വിശുദ്ധ കുർബാനയർപ്പിച്ച് വചനസന്ദേശം നൽകി.
പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന ദേവാലയ ആർച്ച്പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി ആശംസകൾ നേർന്നു. തിരുഹൃദയ സന്യാസിനി സമൂഹം തലശേരി സെന്റ് ജോസഫ് പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസാ പാലക്കൽ അനുസ്മരണത്തിന്റെ പ്രാധാന്യം വിശദീകരിച്ചു.കോ- ഓർഡിനേറ്റർ സിസ്റ്റർ ജൂലിയ ജയിംസ് നന്ദി പറഞ്ഞു. വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ എൽസി ജയിംസ്, പ്രൊക്കുറേറ്റർ സിസ്റ്റർആൻസി മാത്യു എന്നിവർ നേതൃത്വം നൽകി.
കുടിയേറ്റനാളുകളിൽ പല സന്യാസി സമൂഹങ്ങളും മലബാറിലേക്ക് വരാൻ മടിച്ചുനിന്നപ്പോഴാണ് തലശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ആവശ്യപ്രകാരം തിരുഹൃദയ സന്യാസിനി സമൂഹം 1955ൽ മലപ്പുറം ജില്ലയിലെ മരിയാപുരത്ത് എത്തുന്നത്. പാലായിൽ നിന്ന് ആറ് സന്യാസിനികളാണ് ആദ്യം മലബാറിൽ എത്തിയത്. വിശാലമായ തലശേരി രൂപത പിന്നീട് വിഭജിക്കപ്പെട്ടപ്പോൾ താമരശേരിയിലും മാനന്തവാടിയിലും പേരാവൂരിലും തിരുഹൃദയ സന്യാസിനിമാർ പ്രവർത്തനം വ്യാപിപ്പിച്ചു.
ഒരു ജന്മം മുഴുവൻ സന്യാസ സമൂഹത്തിനും വിവിധ ഇടവകകളിലെ അനേകർക്കായും ചെലവഴിച്ച ജീവിതങ്ങളാണ് ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയത്. അവർ പകർന്നുതന്ന വലിയ ആത്മബലവും സമർപ്പണത്തിന്റെ ശക്തിചൈതന്യവും പറഞ്ഞറിയിക്കാൻ കഴിയില്ല. സന്യാസിനിമാർ സഭയ്ക്കും നാടിനും വേണ്ടി ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. എന്നാൽ, വീട്ടുകാർക്ക് വേണ്ടി ഒന്നും ചെയ്യാറില്ല. ഒരുപാട് കുടുംബങ്ങൾക്ക് കൂട്ടിരിക്കുന്പോഴും സ്വന്തം വീട്ടുകാരുടെ സുഖദുഃഖങ്ങൾ പങ്കിടാൻ അവസരം കിട്ടാറില്ല. ഈ സാഹചര്യത്തിലാണ് മൺമറഞ്ഞുപോയ സന്യാസിനികളുടെ വീട്ടുകാരെ ‘അമ്മ വീട്ടിലേക്ക്’ എത്തിച്ച് ഒരു ദിവസം അവർക്കൊപ്പം ചെലവഴിക്കുകയെന്ന ആശയം രൂപപ്പെട്ടത്. രണ്ടുമാസത്തിലേറെയായി ഒറ്റക്കെട്ടായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് അനുസ്മരണ പരിപാടി.
-സിസ്റ്റർ ഡോ. ട്രീസ പാലയ്ക്കൽ എസ്എച്ച്
പ്രൊവിൻഷ്യൽ സുപ്പീരിയർ-
Tags : Thiruhrdaya Sanyasi Community nattuvisesham local news