സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചലച്ചിത്ര നടൻ സത്യന്റെ 113-ാമത് ജയന്തി ആഘോഷം എ.കെ.ജി സെന്ററിൽ ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകു
തിരുവനന്തപുരം: അഭിനയ രംഗത്തെ അപൂർവ്വ വിസ്മയമാണ് സത്യൻ എന്നും സത്യൻ മാഷിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നുവെന്നും ചലച്ചിത്ര നടനും കേരള ചലച്ചിത്ര അക്കാഡമി മുൻ ചെയർമാനുമായ പ്രേംകുമാർ. സത്യൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചലച്ചിത്ര നടൻ സത്യന്റെ 113-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജി സെന്ററിൽ ആയിരുന്നു പരിപാടി.
അതുല്യ അഭിനയ സിദ്ധിയുള്ള നടന്മാർ പരകായ പ്രവേശം നടത്തി എന്ന് പറയാറുണ്ട്.എന്നാൽ സത്യൻ മാഷ് കഥാപാത്രത്തിന്റെ ശരീരത്തിലേക്ക് അല്ല മനസിലേക്ക് നേരിട്ട് പ്രവേശിക്കുകയായിരുന്നു. ആ അർഥത്തിൽ പരചിത്തപ്രവേശം നടത്തി എന്നു പറയേണ്ടിവരും - പ്രേം കുമാർ പറഞ്ഞു. മനുഷ്യ മനസിന്റെ സങ്കീർണ്ണതകൾ സൂക്ഷ്മഭാവങ്ങളിലൂടെ, നോട്ടത്തിലൂടെ, എന്തിന് ഒരു മൂളലിലൂടെ പോലും അദ്ദേഹം പ്രേക്ഷകരെ അനുഭവിപ്പിച്ചു.
നിശബ്ദതയുടെ അർഥ തലങ്ങൾ പകർന്നു നൽകിയ നടനാണ് സത്യൻ. പ്രേംകുമാർ വ്യക്തമാക്കി. ഇന്നു സിനിമാ മേഖലയിൽ ഉയർന്നു വരുന്ന ഒന്നാണ് സ്ത്രീ സുരക്ഷ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ. താൻ അഭിനയിക്കുന്ന സിനിമയുടെ സെറ്റുകളിൽ സ്ത്രീകളായ സഹപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തിൽ സത്യൻ മാഷ് വളരെ ശ്രദ്ധിച്ചിരുന്നു എന്നും പ്രേംകുമാർ ചൂണ്ടികാട്ടി.
ചടങ്ങിൽ നിർമാതാവും നടനുമായ ദിനേശ് പണിക്കർ അധ്യക്ഷത വഹിച്ചു. റിഗാറ്റ് നാട്യ സംഗീത
കേന്ദ്രം ഡയറക്ടർ ഗിരിജാചന്ദ്രൻ, സംഗീതസംവിധായകൻ കെ. രാഘവൻ മാസ്റ്ററുടെ മകൻ ആർ. കനകാംബരൻ, ഗായകൻ മണക്കാട് ഗോപൻ എന്നിവർ ആശംസ നേർന്നു പ്രസംഗിച്ചു.
സത്യന്റെ മകൻ സതീഷ് സത്യൻ സ്വാഗതവും സത്യന്റെ ചെറുമകളും ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനുമായ ഡോ. ആശ ജീവൻ സത്യൻ നന്ദിയും പറഞ്ഞു. തുടർന്ന് സത്യൻ അഭിനയിച്ച സിനിമകളിലെ ഗാനങ്ങൾ പിന്നണി ഗായകൻ ജി. ശ്രീറാം, മണക്കാട് ഗോപൻ, സരിതാ രാജീവ് തുടങ്ങിയവർ ആലപിച്ചു.
ഡോ. വിനീത അഭിലാഷ്, ആദിത്യ, സഞ്ജന, സത്യന്റെ മകൻ ജീവൻ സത്യൻ, മകൾ ആശ ജീവൻ സത്യൻ, ചെറുമകൾ നവോമി സത്യൻ എന്നിവരും ഗാനസന്ധ്യയിൽ പങ്കെടുത്തു.