പാലാവയൽ സെന്റ് ജോൺസ് എൽപി സ്കൂൾ കെട്ടിടം.
പാലാവയൽ: കുടിയേറ്റ ജനതയുടെ പുതുതലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ പാലാവയൽ സെന്റ് ജോൺസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ആത്മവിശ്വാസമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ അറിവാണ് ഏറ്റവും അമൂല്യമെന്ന് തിരിച്ചറിഞ്ഞ കുടിയേറ്റ ജനത ഈ നാടിന് നല്കിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഈ വിദ്യാലയം.
കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ പാലാവയലിന് ആത്മീയ മാര്‍ഗദര്‍ശനം നല്കിയ മംഗലാപുരം രൂപതയിലെ മോൺ. ജെറോം ഡിസൂസയുടെ അക്ഷീണ പരിശ്രമങ്ങളുടെ ഫലമായി 1951 ജൂലൈ 17 നാണ് വിദ്യാലയം പിറവിയെടുത്തത്. കെ.എം. ജോസഫ് കദളിക്കാട്ടിലായിരുന്നു ആദ്യ മാനേജര്‍.
സ്കൂളിലെ ആദ്യ അധ്യാപകനായി മംഗലാപുരം സ്വദേശിയായ പീറ്റര്‍ പി. ഗോണ്‍സാല്‍വസിനെ കൊണ്ടുവന്നതും ജെറോമച്ചനായിരുന്നു. നീലേശ്വരത്തുനിന്ന് പാടിച്ചാലിലെത്തി അവിടെനിന്ന് രാത്രിയില്‍ കാട്ടിലൂടെ നടന്നും പാണ്ടിയില്‍ പുഴ കടന്നുമാണ് അദ്ദേഹം പാലാവയലിലെത്തിയത്. അന്നുതന്നെ രാജ്യത്തെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നായിരുന്ന മംഗലാപുരത്തുനിന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമായിട്ടില്ലാത്ത കൊടുംകാടിനു നടുവിലെത്തി സേവനമനുഷ്ഠിക്കുകയെന്നത് അദ്ദേഹത്തിന് ചെറുതല്ലാത്ത വെല്ലുവിളിയും സമർപ്പണവുമായിരുന്നു. ഓലമേഞ്ഞ സ്കൂള്‍ ഷെഡിനു സമീപത്തെ ചെറിയൊരു മുറിയായിരുന്നു അദ്ദേഹത്തിന്റെ താമസസ്ഥലം. ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം പാലാവയലുകാരുടെ പ്രിയപ്പെട്ട പീറ്റര്‍ മാസ്റ്ററായി.
22 കുട്ടികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. പീറ്റര്‍ മാസ്റ്ററും സഹായിയായ മാത്തശേരില്‍ തോമാച്ചേട്ടനും തയ്യേനി വരെ നടന്നെത്തി ആദിവാസി കുടുംബങ്ങളിലെ കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്നു. അവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും പഠനസാമഗ്രികളുമെല്ലാം പള്ളിയില്‍ നിന്ന് സൗജന്യമായി നല്കി.
ആദ്യകാലങ്ങളില്‍ ഇവിടെനിന്ന് എല്‍പി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയവർക്ക് തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് സ്കൂളിലാണ് ഉപരിപഠന സൗകര്യമൊരുക്കിയിരുന്നത്. 1957 ല്‍ ഫാ. മാത്യു മണ്ണൂരാംപറമ്പിലിന്റെ കാലത്ത് ഇവിടം യുപി സ്കൂളായി ഉയര്‍ത്തപ്പെട്ടു. പി.എസ്. മറിയക്കുട്ടിയായിരുന്നു ആദ്യത്തെ മുഖ്യാധ്യാപിക. 1966 ല്‍ ഫിലിപ്പ് മുറിഞ്ഞകല്ലേല്‍ അച്ചന്റെ കാലത്ത് ഹൈസ്കൂളായി. വി.ഒ. സ്കറിയ കട്ടയ്ക്കല്‍ ആയിരുന്നു ഹൈസ്കൂളിലെ ആദ്യ മുഖ്യാധ്യാപകന്‍.
1968 മുതല്‍ ഈ വിദ്യാലയം തലശേരി അതിരൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലായി. 1973 ജൂണ്‍ ഒന്നുമുതൽ പ്രൈമറി വിഭാഗം ഹൈസ്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് സ്വതന്ത്ര സ്ഥാപനമായി.
നിരവധി തവണ തലശേരി അതിരൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിക്കു കീഴിലെ മികച്ച സ്കൂളിനുള്ള അംഗീകാരം പാലാവയൽ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പഠനത്തിനൊപ്പം പാഠ്യേതര മേഖലകളിലും നാടിന്റെ ഖ്യാതി ഉയര്‍ത്താന്‍ സ്കൂളിന് കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് ഒട്ടനവധി നീന്തല്‍ താരങ്ങളെ വാര്‍ത്തെടുത്ത് ജില്ലയുടെ നീന്തല്‍ ഗ്രാമമെന്ന അംഗീകാരം നേടി.
ഇപ്പോള്‍ മികച്ച നിലവാരമുള്ള നീന്തല്‍ക്കുളവും സ്കൂളിന് സ്വന്തമായി. ഫാ. ജോസ് മാണിക്കത്താഴെയാണ് ഇപ്പോഴത്തെ മാനേജര്‍. എം.വി. ഗീതമ്മയാണ് മുഖ്യാധ്യാപിക. ഒമ്പത് അധ്യാപകരും നൂറ്റമ്പതോളം വിദ്യാർഥികളുമാണ് ഇപ്പോൾ ഇവിടെയുള്ളത്. 14 ന് രാവിലെ നടക്കുന്ന വിളംബരഘോഷയാത്രയോടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഒന്നാം ക്ലാസിലെ ആദ്യത്തെ കുട്ടി മുതൽ വിവിധ മേഖലകളിലുള്ള 75 പേർ തിരിതെളിച്ച് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
Tags : Palavayal are 75 years old. nattuvisesham local news