ദേ, ഇതുംകൂടി... കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ ഉണ്ടായ പ്രതിഷേധത്തിനിടെ പ്രതിപക്ഷം മേയറുടെ സീറ്റിന്റെ കവർ വലിച്ചെറിഞ്ഞപ്പോൾ, പ്രതിഷേധത്തെതുടർന്ന് ഇറങ്ങി
തൃശൂർ: പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് എന്നും വേദിയാകുന്ന കോർപറേഷൻ കൗൺസിൽ ഹാളിൽ ഇന്നലെ ചേർന്ന അവസാന കൗൺസിൽ യോഗവും അലങ്കോലമായി. ഇതോടെ കൗൺസിൽ തുടങ്ങുംമുന്പേ അവസാനിപ്പിച്ച് മേയർ ഇറങ്ങിപ്പോയി. അനുശോചനപ്രമേയത്തിനു പിറകെയാണ് നാടകീയനിമിഷങ്ങൾ അരങ്ങേറിയത്.
കൗൺസിൽ യോഗം നടന്ന് 48 മണിക്കൂറിനകം മിനിറ്റ്സ് നൽകണമെന്ന നിയമം നിലനിൽക്കെ, അതു പാലിക്കാത്തതിനെതിരേ യോഗത്തിന്റെ തുടക്കത്തിൽതന്നെ പ്രതിപക്ഷം കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. മിനിറ്റ്സ് ലഭിക്കാതെയും കൗൺസിൽ തീരുമാനം രേഖപ്പെടുത്താതെയും നിരവധി അജൻഡകൾ പാസാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു.
യോഗം ചേരാൻ മേയർ അറിയിച്ചതോടെ പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ഡയസിനുമുന്നിൽ എത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ മേയർ ഇറങ്ങിപ്പോകുകയായിരുന്നു. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. നേരത്തേ മേയറുടെ കൈവശം ഉണ്ടായിരുന്ന അജൻഡകൾ കീറിയെറിഞ്ഞ പ്രതിപക്ഷം മേയറുടെ ചെയറിന്റെ വിരിയും വലിച്ചെറിഞ്ഞു. മേയർ ഹാൾ വിട്ടതോടെ ഡെപ്യൂട്ടി മേയർക്ക് എതിരേ തിരിഞ്ഞ യുഡിഎഫ്, ബിജെപി കൗൺസിലർമാർ അഴിമതിക്കു ഡെപ്യൂട്ടി മേയർ കൂട്ടുനിൽക്കുമെന്നു കരുതിയില്ലെന്നും മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഇതോടെ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയും ഹാളിൽനിന്ന് ഇറങ്ങിപ്പോയി.
കഴിഞ്ഞ 12 കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് കിട്ടിയിട്ടില്ലെന്നും മൂന്നുതവണ കത്തു നൽകിയിട്ടും ഇക്കാര്യത്തിൽ മറുപടിയില്ലെന്നും മേയർ ഒളിച്ചോടുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വിരലിലെണ്ണാവുന്ന അജൻഡകൾമാത്രം ചർച്ചയ്ക്കു വയ്ക്കുകയും പിന്നീട് കൗൺസിൽ തീരുമാനം ഇല്ലാതെ മിനിറ്റ്സിൽ പലതരം അജൻഡകളിലും തീരുമാനമെടുത്തതായി രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. എൽഡിഎഫ് ഭരണസമിതി ഒന്നടങ്കം അഴിമതിക്കു കൂട്ടുനിൽക്കുകയാണെന്നും യുഡിഎഫ്, ബിജെപി കൗൺസിലർമാർ ആരോപിച്ചു.