ബിജെപിയുടെ ചുവരെഴുത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. മുന്നണികൾ ഭൂരിപക്ഷം വാർഡുകളിലും സ്ഥാനാർഥികളെ തീരുമാനിച്ചു. ഇനി ഡിസംബർ ഒൻപതിനായുള്ള കാത്തിരിപ്പാണ്. 13-നു ഫലപ്രഖ്യാപനവും. വാർഡുകളിലെ എല്ലാ ഭാഗത്തും പ്രമുഖരെ കണ്ടു അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു കഴിഞ്ഞ രണ്ടുനാൾ സ്ഥാനാർഥികൾ. പ്രമുഖർ മത്സരിക്കുന്ന വാർഡുകളിൽ സ്ഥനാർഥികൾക്കു സ്വാഗതവും അഭിവാദ്യവുമർപ്പിച്ചുള്ള ഫ്ളക്സ് ബോർഡുകളും പോസ്റ്റുകളും നിരന്നു. ഇന്നലെ ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനവുംകൂടി വന്നതോടെ തെരഞ്ഞെടുപ്പിനുള്ള ഏതാണ്ടു ചിത്രമായി. നേട്ടങ്ങളും വിമർശനങ്ങളുമായി തെരഞ്ഞെടുപ്പു പ്രചരണം ഇനി സജീവമാകും.
സ്ഥാനാർഥികളെ വളരെ നേരത്തേ പ്രഖ്യാപിച്ചു പ്രചാരണം തുടങ്ങിയ യുഡിഎഫ് ഒട്ടും ആവേശംചോരാതെ മുന്നോട്ടു പോകുകയാണ്. പ്രമുഖരായ നേതാക്കളെല്ലാം സജീവമായി സ്ഥാനാർഥികൾക്കായി രംഗത്തുണ്ട്. സ്ഥാനാർഥികളെച്ചൊല്ലി ചില വാർഡുകളിൽ ഉയർന്നുവന്ന മറുസ്വരം ഇല്ലാതാക്കാൻ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇക്കുറി സാധിച്ചിട്ടുണ്ട് എന്നുള്ളതു ശ്രദ്ധേയമാണ്. കോർപറേഷന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള കെ. മുരളീധരൻ നേരിട്ടാണു സ്ഥാനാർഥി നിർണയവും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള മറ്റു ഒരുക്കങ്ങളും നടത്തുന്നത്. നേതാക്കളായ മുൻ മന്ത്രി വി.എസ്. ശിവകുമാർ, എം. വിൻസന്റ് എംഎൽഎ എന്നിവരും തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. ഇന്നു തന്നെ ശേഷിക്കുന്ന വാർഡുകളിൽകൂടി യുഡിഎഫിന്റെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
93 വാർഡുകളിൽ ഇടതുമുന്നണി സ്ഥാനാർഥികളെ ഇന്നലെ പ്രഖ്യാപിച്ചു. ഇതോടെയാണു തലസ്ഥാനത്തു തെരഞ്ഞെടുപ്പു പോരാട്ടം അതിന്റെ ആവേശത്തിലെത്തിയത്. മൂന്ന് ഏരിയാ സെക്രട്ടറിമാർ, രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരും പട്ടികയിലുണ്ട്. നേരത്തേ കൗണ്‍സിൽ അംഗങ്ങളായിരുന്നവരും മത്സരരംഗത്തുണ്ട്.
സിപിഐ കൂടുതൽ സീറ്റു ചോദിച്ചെങ്കിലും സിപിഎം നൽകിയില്ല. നേരത്തേ 17 വാർഡുകളിലാണു സിപിഐ മത്സരിച്ചത്. ആ എണ്ണം സീറ്റുകൾ തന്നെയാണു ഇത്തവണയും നൽകിയിട്ടുള്ളത്. ഇന്നലെ പ്രഖ്യാപനം വന്നതോടെ ഇടതുസ്ഥാനാർഥികൾ പ്രചാരണത്തിനിറങ്ങി. ബിജെപി സ്ഥാനാർഥികളും ഇന്നലെ ആവേശത്തോടെ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇന്നുതന്നെ ബാക്കി സ്ഥാനാർഥികളെയും കൂടി ബിജെപി പ്രഖ്യാപിക്കും. കവടിയാറിൽ കോണ്‍ഗ്രസിന്റെ മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥൻ മത്സരിക്കുന്നതാണു ബിജെപിയെ വെട്ടിലാക്കിയിരിക്കുന്നത്. വാർഡിൽ വലിയ വിജയസാധ്യതയുണ്ടെന്ന നിഗമനത്തിലാണു ബിജെപി. അതുകൊണ്ടുതന്നെ മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണവർ.