ഓട്ടുപാറ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോണിപ്പടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്നുവീണപ്പോൾ.
വടക്കാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോണിപ്പടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്നുവീണു. രാത്രിയിലായതിനാൽ അപകടം ഒഴിവായി. നൂറുകണക്കിനു യാത്രികർ എത്തുന്ന സ്റ്റാൻഡിലാണ് അപകടമുണ്ടായത്. 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അടർന്നുവീഴുന്നുണ്ടെന്നു കെട്ടിടത്തിൽ കച്ചവടം നടത്തുന്ന വ്യാപാരികൾ പറയുന്നു.
1985 കാലഘട്ടത്തിലാണ് ഓട്ടുപാറ ബസ് സ്റ്റാൻഡിന്റെ നിർമാണം. കൃത്യമായ പരിപാലനമോ നവീകരണമോ ഇല്ലാത്തതാണു കെട്ടിടത്തിന്റെ ബലക്ഷയത്തിനു കാരണമെന്നാണു നാട്ടുകാർ പറയുന്നത്. കെട്ടിടത്തിന്റെ മുകൾനിലയിൽ വളരുന്ന വൃക്ഷങ്ങളുടെ വേരുകളും ബലക്ഷയം വർധിപ്പിക്കുന്നു.
മുകൾനിലകളിലെ ശൗചാലയങ്ങളിൽനിന്നു ചോർന്നൊലിക്കുന്ന വെള്ളം വിള്ളലുകളിലൂടെ ഇറങ്ങി കോണ്‍ക്രീറ്റിലെ കന്പികൾ തുരുന്പെടുത്തു നശിച്ച അവസ്ഥയിലാണ്. താഴെ റോഡരികിൽ വാഹനങ്ങൾ കാത്തുനിൽക്കുന്നവരുടെ ദേഹത്ത് ശുചിമുറിയിൽനിന്നുള്ള ഈ മലിനജലം വീഴുന്നതു പതിവാണ്. ഇക്കാര്യം നിരവധിതവണ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നു നാട്ടുകാരും പറയുന്നു.
നിലവിലെ കെട്ടിടം പൊളിച്ചുനീക്കി കെട്ടിടസമുച്ചയം നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്.