ഗെറ്റ് സെറ്റ് തൃശൂർ പദ്ധതിയുടെ ഭാഗമായി കായിക കിറ്റുകൾ വാങ്ങാനുള്ള തുകയുടെ ചെക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൈമാറുന്നു.
തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗെറ്റ് സെറ്റ് തൃശൂർ പദ്ധതിയുടെ ഭാഗമായി 15 സ്കൂളുകൾക്ക് ഏഴുലക്ഷം രൂപയുടെ കായികകിറ്റുകൾ കൈമാറി. കളക്ടറേറ്റ് ഐഎൽഡിഎം ഹാളിൽ നടന്ന ചടങ്ങിൽ നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കന്പനിയുടെ സിഎസ്ആർ ഫണ്ടിൽനിന്നു സ്പോണ്സർ ചെയ്ത ഏഴുലക്ഷം രൂപയുടെ ചെക്ക് കളക്ടർ അർജുൻ പാണ്ഡ്യൻ വിതരണംചെയ്തു.
മീറ്റ് ദി കളക്ടർ പരിപാടിയിൽ പങ്കെടുത്ത് കായിക കിറ്റുകൾ നൽകണമെന്ന് അഭ്യർഥിച്ച സ്കൂളുകൾക്കാണു സഹായം. വിവിധ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് 25 ലക്ഷം രൂപയുടെ സഹായങ്ങൾ നൽകി. മുന്‍പ് 11 സ്കൂളുകൾക്കു സൈക്കിളുകളും പോൾവാൾട്ടും ഉൾപ്പെടെ 11 ലക്ഷത്തിന്റെ കിറ്റുകൾ നൽകിയിരുന്നു. കെ എസ്എഫ്ഇയുടെ സഹായത്തിൽ സെന്റ് ആൻസ് സ്കൂളിന് 7.5 ലക്ഷത്തിന്റെ ബാസ്കറ്റ് ബോൾ കോർട്ടിനുള്ള സഹായവും നൽകി.
മാരത്തണ്‍, സൈക്ലിംഗ് എന്നിവയുടെ സംഘാടനത്തിനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ ഗ്രൗണ്ടുകൾ വികസിപ്പിക്കാനും പ്രോത്സാഹനം നൽകുന്നുമുണ്ട്. ഓഫീസ് സമയത്തിനുശേഷം ജീവനക്കാർക്കിടയിൽ കായികക്ഷമത പ്രോത്സാഹിപ്പിക്കാൻ ആയുഷ് വകുപ്പിന്റെ പിന്തുണയിൽ ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ പദ്ധതി, എല്ലാ മാസവും കളക്ടറോടൊപ്പം ഓടാം പരിപാടിയും നടത്തുന്നു.
ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഗീതാമണി, നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡിന്റെ ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ, സിഎസ്ആർ മാനേജർ എബി നെൽസണ്‍, അധ്യാപകർ, വിദ്യാർഥികൾ, പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : Sports kits handed over to 15 schools nattuvisesham local news