തിരുവനന്തപുരം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എൽഡിഎഫിന്റെ സമഗ്ര ആധിപത്യമാണു കണ്ടത്. ജില്ലാ പഞ്ചായത്തും കോർപറേഷനും മുനിസിപ്പാലിറ്റികളും തൂത്തുവാരിയ ഇടതുപക്ഷം ഒന്നൊഴികെ ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് തൂത്തുവാരി. ഗ്രാമപഞ്ചായത്തിലും എൽഡിഎഫ് വ്യക്തമായ മേധാവിത്വം പുലർത്തി.
ആകെയുള്ള 73 പഞ്ചായത്തുകളിൽ 52 ഇടത്ത് നിലവിൽ ഭരിക്കുന്നത് എൽഡിഎഫ് ആണ്. യുഡിഎഫ് 20 പഞ്ചായത്തുകളിൽ ഭരിക്കുന്പോൾ ഒരിടത്ത് ബിജെപി ഭരണമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ എൽഡിഎഫിനായി. 2015-ൽ കേവല ഭൂരിപക്ഷം നേടാൻ എൽഡിഎഫിനു സാധിച്ചിരുന്നില്ല. അന്ന് 35 സീറ്റ് നേടി യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ ബിജെപി 2020-ൽ കോർപറേഷൻ ഭരണം നേടുമെന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 2015-ലേതിൽ നിന്ന് ഒരു സീറ്റ് കുറവു മാത്രം നേടാനേ അവർക്കു സാധിച്ചുള്ളു. യുഡിഎഫ് ഇരുപതിൽനിന്ന് പത്തിലേക്കു കൂപ്പുകുത്തി. അതിന്റെ നേട്ടം ലഭിച്ചത് ഇടതുപക്ഷത്തിനായിരുന്നു.
ഇത്തവണ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കെ. മുരളീധരന്റെ നേതൃത്വത്തിലാണ് പ്രചാരണപ്രവർത്തനങ്ങൾ നടക്കുന്നത്. ബിജെപിയും എൽഡിഎഫും അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നതോടെ ഇത്തവണ കോർപറേഷനിൽ മത്സരം കടുക്കും.
ജില്ലാ പഞ്ചായത്തിൽ 26 സീറ്റിൽ 21 സീറ്റിന്റെ തിളക്കമാർന്ന വിജയമായിരുന്നു എൽഡിഎഫ് നേടിയത്. വെള്ളനാട് ഒഴികെ പത്തു ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫ് നേടിയിരുന്നു. നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എന്നീ നാലു മുനിസിപ്പാലിറ്റികളും കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ മേൽക്കൈ നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുന്പോൾ പരമാവധി തദ്ദേശസ്ഥാപനങ്ങൾ കൈപ്പിടിയിലാക്കുക എന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും മുന്നണിക്കു നിർണായകമാകുമെന്ന് യുഡിഎഫിനറിയാം.
ഇത്തവണ ബിജെപിയുടെ ശക്തിയായിരിക്കും പരീക്ഷിക്കപ്പെടുക. ഓരോ തെരഞ്ഞെടുപ്പു കഴിയുന്പോഴും വോട്ട് വിഹിതം വർധിപ്പിച്ചു വരുന്ന ബിജെപി സാന്നിധ്യമറിയിക്കുന്നതോടെ നിരവധി പഞ്ചായത്തുകളിൽ തൂക്കു ഭരണവും വന്നേക്കും. എത്ര തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി ഭരണത്തിലെത്തും എന്നതും രാഷ്ട്രീയകേന്ദ്രങ്ങൾ ഉറ്റുനോക്കുന്ന വിഷയമാണ്. എല്ലാം കാത്തിരുന്നുകാണാം...
Tags : Local News Thiruvananthapuram Nattuvishesham