ഏറ്റുമാനൂർ: ദിവസം ഒരു ചിത്രം. ഇന്ന് 315-ാം ദിനം. ഒരു ദിവസം പോലും മുടങ്ങാതെ സതീഷ്കുമാർ ചിത്രം വരയ്ക്കുകയാണ്. വെള്ളക്കടലാസിൽ പേന കൊണ്ടു വരച്ചാണ് തുടക്കം. അങ്ങനെ 150 ദിവസം. പിന്നെ പെൻസിൽ ഉപയോഗിച്ചായി വര. അതും 150 ദിവസം പിന്നിട്ടപ്പോൾ കഴിഞ്ഞ 27 മുതൽ വാട്ടർ കളറിലായി രചന.
ചിത്രരചന അഭ്യസിച്ചിട്ടില്ല. ജന്മസിദ്ധമായ കഴിവിനെ ആത്മാർപ്പണം കൊണ്ട് തേച്ചുമിനുക്കി നലംതികഞ്ഞ ചിത്രകാരനായി മാറി നീണ്ടൂർ ചങ്ങനാടി പുത്തൻപുരയിൽ (സാരംഗി) സി.പി. സതീഷ്കുമാർ. ഒരു ചിത്രം പൂർത്തിയാക്കാൻ പരമാവധി അരമണിക്കൂർ മതി. വരയ്ക്കുന്ന ചിത്രങ്ങൾ എല്ലാ ദിവസവും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും വാട്സാപ് ഗ്രൂപ്പുകളിലും പ്രസിദ്ധീകരിക്കും.
ദിനവരയ്ക്ക് ഇപ്പോൾ ആരാധകരേറെയാണ്. എറണാകുളത്ത് ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ നടന്ന 46 ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിൽ സതീഷ്കുമാറിന്റെ രണ്ടു ചിത്രങ്ങളുമുണ്ടായിരുന്നു.
ആനുകാലികളിൽ കവിതകളും നുറുങ്ങു കഥകളും എഴുതാറുണ്ട്. കവിയരങ്ങുകളിലും സജീവം. സീബ്ര എന്ന പേരിൽ ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനകാലത്ത് നാടകരചന, അഭിനയം, സംവിധാനം, ക്ലേ മോഡലിംഗ് തുടങ്ങിയവയിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
ഗ്രന്ഥശാലാ പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായിരുന്നു. ദീർഘകാലം നീണ്ടൂർ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു. മാധ്യമ പ്രവർത്തകനായിരിക്കുമ്പോഴാണ് സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നത്. ലീഗൽ മെട്രോളജി വകുപ്പിൽ കാഞ്ഞിരപ്പള്ളിയിൽ ജോലി ചെയ്യുന്നു. ഭാര്യ രഖിത കെഎസ്ഇബി തലയാഴം സെക്ഷൻ ഓഫീസിൽ സീനിയർ അസിസ്റ്റന്റാണ്.
Tags : Local News Kottayam Nattuvishesham