പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി ചെങ്ങന്നൂരിലും സ്പോട്ട് ബുക്കിംഗ് കൗണ്ടർ ആരംഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മണ്ഡല- മകരവിളക്ക് ഉത്സവത്തിനായി വെർച്വൽ ക്യൂവിലൂടെ ഇതേവരെ 18 ലക്ഷം ഭക്തർ രജിസ്ട്രേഷൻ നടത്തിയതായും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
വെർച്വൽ ക്യൂവിലൂടെ 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കും പ്രതിദിനം ദർശന സൗകര്യം നൽകാനാണ് തീരുമാനം.
മണ്ഡല, മകരവിളക്ക് തീർഥാടനത്തിനായി 16നു വൈകുന്നേരം അഞ്ചിനാണ് നട തുറക്കുന്നത്. അന്നു വൈകുന്നേരം പുതിയ മേൽശാന്തിമാരുടെ സ്ഥാനാഭിഷേകം നടക്കും. ഇത്തവണ മൊത്തം 85 ലക്ഷംപേർ ശബരിമലയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക ക്യൂവും സജ്ജീകരിക്കും. അപ്പം,അരവണ എന്നിവ യഥേഷ്ടം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്.
ശബരിമല ദർശനത്തിനായെത്തുന്ന ഭക്തർക്ക് സന്നിധാനത്ത് താമസിക്കുന്നതിനായി വിവിധ കെട്ടിടങ്ങളിലായി 546 മുറികൾ സജ്ജമാക്കിയിട്ടുണ്ട്. മുറികളുടെ അമ്പത് ശതമാനത്തിൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പമ്പ മണപ്പുറത്ത് തീർഥാടകർക്ക് വിശ്രമിക്കുന്നതിനായി ജർമൻ പന്തൽ ഒരുക്കി. ഇതിൽ 4000 പേരെ ഒരേ സമയം ഉൾക്കൊള്ളാം. പമ്പയിൽ ശീതീകരിച്ച വനിതാ ഫെസിലിറ്റേഷൻ സെന്റർ, പമ്പാ നദിയിൽ കുളിച്ച ശേഷം സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിന് പ്രത്യേക സൗകര്യം,
പമ്പ ഹിൽടോപ്പ്, ചക്കുപാലം രണ്ട് എന്നിവിടങ്ങളിൽ ചെറുവാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കും.
നിലയ്ക്കലിൽ പുതുതായി രണ്ടായിരത്തിനടുത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതോടെ പതിനായിരത്തിലേറെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ അതിവേഗം നടന്നുവരികയാണ്. അവലോകനയോഗങ്ങൾ നടന്നില്ലെന്ന ആക്ഷേപങ്ങൾ ശരിയല്ല. ഒരുക്കങ്ങൾ മുൻ വർഷത്തേക്കാൾ വേഗത്തിലാണ് പുരോഗമിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
അഞ്ചുലക്ഷം രൂപയുടെ അപകടമരണ ഇൻഷ്വറൻസ്
അപകടങ്ങളിൽ മരണപ്പെടുന്ന അയ്യപ്പ ഭക്തരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ ഇൻഷ്വറൻസ് തുകയായി ലഭിക്കും. ഇതുകൂടാതെ സംസ്ഥാനത്തിനു പുറത്ത് ഒരു ലക്ഷം രൂപ വരെയും സംസ്ഥാത്തിനുള്ളിൽ 30,000 രൂപവരെയും ആംബുലൻസ് ചെലവ് ദേവസ്വം ബോർഡ് വഹിക്കും. ദേവസ്വം ബോർഡ് സ്ഥിരം ജീവനക്കാർ, താത്കാലിക ജീവനക്കാർ, മറ്റ് സർക്കാർ വകുപ്പുകളിലെ ജീവനക്കാർ എന്നിവർക്കും അപകട ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. ഭക്തർക്കും ജീവനക്കാർക്കുമുള്ള അപകട ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം തുക മുഴുവനും ദേവസ്വം ബോർഡ് വഹിക്കും.
പമ്പ മുതൽ സന്നിധാനം വരെയും എരുമേലി കാനനപാതയിലും മലകയറ്റത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണപ്പെടുന്ന ഭക്തരുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ദേവസ്വം ബോർഡ് നൽകും. ആംബുലൻസ് ചെലവും ബോർഡ് വഹിക്കും. പ്രത്യേക നിധി രൂപീകരിച്ചാണ് ധനസഹായം നൽകുക. ഇതിനായി ഭക്തരിൽ നിന്ന് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന സമയത്ത് അഞ്ചുരൂപവീതം സംഭാവനയായി സ്വീകരിക്കും.