ശാപമോക്ഷമായി... മംഗലംഡാം 35 പ്രദേശത്തേക്കുള്ള റോഡിന്റെ ടാറിംഗ് പ്രവൃത്തികൾ.
മംഗലംഡാം: വഴിനടക്കാനാകാത്തവിധം തകർന്നുകിടന്നിരുന്ന മംഗലംഡാം ടൗണിലെ 35 എന്ന പ്രദേശത്തെ റോഡ് റീടാറിംഗ് നടത്തി. കാലങ്ങളായുള്ള പ്രദേശവാസികളുടെ മുറവിളിക്ക് തെരഞ്ഞെടുപ്പു വരേണ്ടിവന്നു എന്ന് മാത്രം. മംഗലംഡാം ഉദ്യാനത്തിലേക്കുള്ള പ്രവേശ കവാടത്തിനോട് ചേർന്നുള്ള ഇടുങ്ങിയ വഴിയിലൂടെ തുടങ്ങുന്നതാണ് 35 ലേക്കുള്ള റോഡ്. പ്രവേശന ഭാഗത്തും 450 മീറ്റർ പിന്നിട്ട് റോഡ് അവസാനിക്കുന്ന ഡാം തോണികടവ് ഭാഗത്തും ടാറിംഗ് നടത്തിയില്ല.
എസ്റ്റിമേറ്റ് ദൂരം വിട്ടുള്ളതാണ് രണ്ടറ്റങ്ങളെന്നാണ് പറയുന്നത്. എഴുപതോളം വീടുകളുണ്ട് ഈ പ്രദേശത്ത്. ഇറിഗേഷൻ വകുപ്പിനു കീഴിലുള്ളതാണ് ഈ റോഡ്. വർഷങ്ങൾക്കു മുമ്പ് ഇത് ടാർ റോഡായിരുന്നു. എന്നാൽ ടാറിംഗിന്റെ ശേഷിപ്പുകൾ മാത്രമെ അവസാനഘട്ടത്തിൽ റോഡിൽ പലയിടത്തുമുണ്ടായിരുന്നുള്ളു.
മംഗലംഡാം കമ്മീഷൻ ചെയ്തത് മുതൽ 70 വർഷത്തോളമായി പ്രദേശത്തേക്കുള്ള വഴിയും ഇതാണ്. സിസ്റ്റേഴ്സിന്റെ കോൺവന്റ് ഉൾപ്പെടെ തിങ്ങിനിറഞ്ഞ് വീടുകളുണ്ട് 35 പ്രദേശത്ത്. വീടുകൾക്ക് മുന്നിലുള്ള ഇറിഗേഷൻ ഭൂപ്രദേശങ്ങൾ പൊന്തക്കാടായി കിടക്കുന്നതിനാൽ പ്രദേശം മുഴുവൻ പന്നിക്കൂട്ടങ്ങൾ കൈയടക്കിയതും പ്രദേശവാസികൾക്ക് ദുരിതമായിട്ടുണ്ട്. ആളുകൾ മാലിന്യം തള്ളുന്നതും പഴയകാലത്ത് പൂന്തോട്ടങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലാണ്.
വഴിവക്കിൽ അപകടഭീഷണിയായി നിൽക്കുന്ന വൻമരങ്ങൾ മുറിച്ചുമാറ്റി ഭീതിയില്ലാതെ നടന്നു പോകാൻ കൂടി സൗകര്യമുണ്ടാക്കണമെന്നും 35 ലെ വീട്ടുകാരായ കൊട്ടാരത്തിൽ ജെയിംസ്, ദേവമാതാ കുഞ്ഞുമോൻ എന്നിവർ ആവശ്യപ്പെട്ടു.
Tags : Road resurfacing nattuvisesham local news