കരുവാറ്റ ഊട്ടുപറമ്പ് ലെവൽ ക്രോസിനു സമീപത്തുനിന്നും നാലുകണ്ടത്തിലേക്കുള്ള റോഡ് തകർന്ന നിലയിൽ.
ജനകീയ
പ്രതിഷേധം
ശക്തം!
ഹരിപ്പാട്: കരുവാറ്റ വഴിയമ്പലം ഊട്ടുപറമ്പിനു സമീപം റെയില്‍വേ നിര്‍മിച്ച റോഡിന്റെ ശോച്യാവസ്ഥയില്‍ നാട്ടുകാരുടെ പ്രതിഷേധം കത്തുന്നു. 50 മീറ്ററോളം ദൂരത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്ന് കുഴികളായി മാറിയതോടെ അതുവഴിയുള്ള യാത്ര ദുരിതമായി. അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
റോഡ് എന്ന്
സഞ്ചാരയോഗ്യമാക്കും?
രണ്ടു ലെവല്‍ ക്രോസുകള്‍ ഒഴിവാക്കാനായി റെയില്‍വേ മുന്‍കൈയെടുത്ത് നിര്‍മിച്ച റോഡാണിത്. എന്നാല്‍, നിര്‍മാണം കഴിഞ്ഞ് അധികകാലം കഴിയും മുമ്പേ റോഡ് തകര്‍ന്നു. പോസ്റ്റ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കു പോകുന്ന ഈ പ്രധാന പാതയെ റെയില്‍വേ അധികൃതര്‍ പൂര്‍ണമായി അവഗണിച്ചമട്ടിലാണ്.
ഓടയില്ലാത്തതിനാല്‍ മഴവെള്ളം കെട്ടിക്കിടന്ന് റോഡ് തടാകമായി മാറി. സൈക്കിള്‍ ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനയാത്രക്കാര്‍ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. ചെളിവെള്ളം തെറിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ തമ്മില്‍ വഴക്കുകളും പതിവാകുകയാണ്.
റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ നാട്ടുകാര്‍ത്തന്നെ കുഴികള്‍ മണ്ണിട്ട് നികത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലമാണെന്ന കാരണം പറഞ്ഞ് റെയില്‍വേ അധികൃതര്‍ ഈ ശ്രമം തടയുകയായിരുന്നു. ഇതോടെ, സ്വന്തം നിലയില്‍ റോഡ് നന്നാക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍. യാത്രാതടസവും അപകടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍, റോഡ് അടിയന്തരമായി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Karuvatta Oottuparampil nattuvisesham local news