നെടുമങ്ങാട്: പൊതുമരാമത്ത് വകുപ്പിന്റെ ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വാമനപുരം മണ്ഡലത്തിലെ റോഡ് പ്രവൃത്തികൾക്ക് 11 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എംഎൽഎ അറിയിച്ചു.
പാങ്ങോട് പഞ്ചായത്തിലെ പൂലോട്, വട്ടക്കരിക്കകം - എക്സ് കോളനി റോഡ് നവീകരണത്തിന് ഒന്പതു കോടി രൂപയും പനവൂർ പഞ്ചായത്തിലെ തോട്ടുമുക്ക് പാലം പുനർനിർമാണത്തിനു രണ്ടു കോടി രൂപയുമാണ് അനുവദിച്ചത്. തെങ്കാശി സ്റ്റേറ്റ് ഹൈവേയിൽ എക്സ് കോളനിയിൽ നിന്നാരംഭിച്ച് വട്ടക്കരിക്കകം - ശിവക്ഷേത്രം വഴി മണ്ഡലത്തിലെ പാങ്ങോട് - ചിതറ റോഡിൽ പൂലോട് അവസാനിക്കുന്ന റോഡാണ് ആധുനിക രീതിയിൽ ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നത്. കൾവർട്ട്, റീട്ടയിനിംഗ് വാൾ, ഡ്രയിനേജ്, റോഡ് മാർക്കിംഗ്, റോഡ് സുരക്ഷാ സംവിധാന ങ്ങൾ എന്നിവയെല്ലാം പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പനവൂർ പഞ്ചായത്തിലെ പനവൂർ - കൊങ്ങണംകോട് -തേക്കുംമൂട് - പനയമുട്ടം പൊതുമരാമത്ത് റോഡിലെ തോട്ടുമുക്ക് പാലം കഴിഞ്ഞ മഴക്കെടുതിയിൽ അപകടാവസ്ഥയിലാവുകയും ഇതുവഴിയുള്ള വാഹന ഗതാഗതം നിർത്തിവച്ചിരിക്കുകയുമായിരുന്നു. പ്രസ്തുത സ്ഥലത്ത് പുതിയ പാലമാണ് ഇതിനോടൊപ്പം നിർമിക്കുന്നത്.
ശബരിമല പാക്കേജിൽ അനുവദിച്ച പ്രവൃത്തികൾ ശബരിമല തീർഥാടകകർക്ക് മാത്രമല്ല മണ്ഡലത്തിലെ കാർഷിക-വാണിജ്യ- ടൂറിസം മേഖലയ്ക്ക് വലിയ മുതൽകൂട്ടായിരിക്കുമെന്ന് ഡി.കെ. മുരളി എംഎൽഎ പറഞ്ഞു.