കാട്ടാക്കട: ചുമരെഴുത്തിനു പ്രിയമേറിയതോടെ ആർട്ടിസ്റ്റുകൾക്ക് ഇനി ചാകര. മിക്ക കക്ഷികളും പാരിസ്ഥിതിക സൗഹൃദത്തിലേക്കു വഴിമാറിയതോടെയാണു ചുമരെഴുത്തിനു പ്രധാന്യം കൂടുകയും ഈ തെരഞ്ഞെടുപ്പിൽ ആർട്ടിസ്റ്റുകൾക്ക് പിടിവലിയായതും.
ആർട്ടിസ്റ്റുകളെ കിട്ടാനില്ലാത്ത സാഹചര്യത്തിൽ കക്ഷികൾ പലരേയും തപ്പിപിടിക്കാനുള്ള നെട്ടോട്ടത്തിലാണ്. ഒരു കാലത്ത് തെരഞ്ഞെടുപ്പിനു ചുമരെഴുത്താണ് ശക്തിനൽകിയിരുന്നത്. ചുമരെഴുത്തുകളുടെ എണ്ണം നോക്കി വിജയ, തോൽവി നിർണയിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. അന്നെഴുതിയ ചുമരെഴുത്തുകൾ അടുത്ത ഇലക്ഷൻ കാലംവരെ നിലനിൽക്കുമായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ചുമരെഴുത്ത് "വെറും' ഒരു ഘടകമായി മാറുകയാ യിരുന്നു. ബോർഡ് വരയ്ക്കാൻ ഉൾപ്പടെ ആർട്ടിസ്റ്റുകളെ ആരും വിളിക്കാതെ ആയതോടെ ആ കുലം തന്നെ അന്യം നിന്നു. നിരവധി പേർ ഈ രംഗം തന്നെ വിട്ടു.
പിന്നീട് ആർട്ടിസ്റ്റുകളെ കിട്ടാനില്ലാത്ത സ്ഥിതിയും. അങ്ങിനെ വംശനാശം വന്ന ആർട്ടിസ്റ്റുകൾക്കാണിപ്പോൾ ചാകര വന്നിരിക്കുന്നത്. രാഷ്ട്രീയ പാർട്ടിക്കാർ വിവിധ രംഗത്തു നിൽക്കുന്ന ആർട്ടിസ്റ്റുകളെ തേടി പിടിച്ച് കളത്തിലിറക്കിയിരിക്കുകയാണ്. അതേ സമയം ആർട്ടിസ്റ്റുകൾക്ക് പൊന്നിന്റെ വിലയാണ്. ചോദിക്കുന്ന കൂലി നൽകും. യാത്രാസൗകര്യവും ഒരുക്കുന്നുണ്ട്.