പറവക്കയം വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യം.
വെള്ളിയാമറ്റം: നയനമനോഹരമായ പറവക്കയം വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നു. മനോഹരമായ കുഞ്ഞൻ വെള്ളച്ചാട്ടമെന്നും ഇതറിയപ്പെടുന്നുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ പൂച്ചപ്ര-ദേവരുപാര കൂടി നാളിയാനിക്കു പോകുന്ന പാതയിൽ കിഴക്കൻ മലയിലേയ്ക്കുള്ള റോഡരികിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
വലിയ ഉയരത്തിലല്ലാത്ത പാറക്കെട്ടിൽനിന്ന് പറവക്കയം തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം താഴേയ്ക്കു തട്ടുതട്ടായി പതിക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നു. വെള്ളച്ചാട്ടത്തിന് ചുറ്റം നിറയെ കാട്ടുമരങ്ങളും ചേലകളുമാണ്. വെള്ളം താഴേക്കു പതിക്കുന്പോഴുള്ള മഞ്ഞും കാട്ടുചോലത്തണലും ഇതിനിടയിലൂടെ കടന്നു വരുന്ന സൂര്യരശ്മികൾ മഞ്ഞിൽ തട്ടി വിരിയുന്ന മഴവില്ലും കൂടിയാകുന്പോൾ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് കാണാകാഴ്ചകളുടെ വേറിട്ട അനുഭവമാണ് സൃഷ്ടിക്കുന്നത്.
സിനിമഷൂട്ടിംഗ്, ഫോട്ടോഷൂട്ട് എന്നിവയ്ക്കും ഏറെ അനുയോജ്യമാണ്. റോഡിനോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ ഇവിടെ എളുപ്പത്തിൽ എത്തിച്ചേരാനും കഴിയും. അപകടസാധ്യതയും കുറവാണ്. അതിനാൽ വെള്ളത്തിലിറങ്ങി നീന്താനും കഴിയും. തൊടുപുഴയിൽനിന്നു വെള്ളിയാമറ്റം പൂച്ചപ്ര വഴിയും ഇടുക്കി ഭാഗത്തുനിന്നു കുരുതിക്കുളത്തനിന്നു തിരിഞ്ഞ് പൂച്ചപ്ര വഴിയും ഇവിടെയെത്താനാകും.
Tags : Paravakkayam waterfall nattuvisesham local news