കുട്ടിക്കർഷകൻ പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ റെജിൻറാം ഉദ്ഘാടനം ചെയ്യുന്നു.
വടക്കഞ്ചേരി: വണ്ടാഴി ന്യൂ ചലഞ്ചേഴ്സ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ് വിദ്യാർഥികൾക്കായുള്ള കുട്ടി കർഷകൻ പദ്ധതിക്ക് തുടക്കമായി. കൃഷിയെ പരിചയപ്പെടുത്തുന്നതിനൊപ്പം ശാസ്ത്രീയമായ കൃഷി അറിവുകൾ പകർന്നു നൽകി കാർഷികപെരുമയുടെ അറിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷി വിജ്ഞാന ക്ലാസുകളും സംഘടിപ്പിച്ചിരുന്നു.
വെണ്ട, പാവയ്ക്ക, ചീര, പയർ തുടങ്ങിയ വിത്തുകളടങ്ങുന്ന പാക്കറ്റുകൾ ഇക്കോ ക്ലബ് അംഗങ്ങൾക്ക് നൽകി വണ്ടാഴി കൃഷി ഓഫീസർ റെജിൻ റാം പദ്ധതി ഉദ്ഘാടനം ചെയ്തു. ശീതകാല പച്ചക്കറി ഇനങ്ങളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിതരണവുമുണ്ടായി. ഹെഡ്മിസ്ട്രസ് പി.അനുപമ, ഇക്കോക്ലബ് കോ-ഓർഡിനേറ്റർ വി.എം. ഐശ്വര്യ, ന്യൂ ചലഞ്ചേഴ്സ് ക്ലബ് പ്രസിഡന്റ് എൻ.എസ്. ഫാരിസ്, എസ്. അയ്യപ്പദാസ്, സി.കെ. ശ്രീജ, എം.എസ്. റംഷീന, കെ.വി. വിപൻദാസ് പ്രസംഗിച്ചു.