കൊല്ലം: ദേശീയപാത വികസനം നടത്തുന്ന സ്വകാര്യ കരാർ കമ്പനി ചവറ ഗ്രാമപഞ്ചായത്തിലെ പൈപ്പ് ലൈൻ നശിപ്പിച്ചതിനെ തുടർന്നു മൂന്നു വർഷമായി മുടങ്ങി കിടക്കുന്ന കുടിവെള്ള വിതരണം പുന:സ്ഥാപിക്കാൻ ജില്ലാ കളക്ടർ നേരിട്ട് ഇടപെട്ടു രണ്ടാഴ്ചക്കകം പരിഹാരം കാണണമെന്നു മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു.
സ്വീകരിച്ച നടപടികൾ ജില്ലാ കളക്ടർ 30 നകം കമ്മീഷനെ അറിയിക്കണം. കുടിവെള്ളം നിഷേധിക്കുന്നതിനെതിരെ ചവറ സമ്പൂർണ കുടിവെള്ള പദ്ധതി സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് നടപടി.
വിതരണമേഖലയിൽ സ്ഥാപിച്ചിട്ടുള്ള ഏഴു വാൽവുകൾ കമ്പനി ഇളക്കി മാറ്റിയെങ്കിലും പുന:സ്ഥാപിച്ചിട്ടില്ലെന്നു ജലനിധി സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ചവറമുതൽ ശങ്കരമംഗലംവരെ നാൽപതോളം ഗാർഹിക കണക്ഷനുകൾ കമ്പനി വിച്ഛേദിച്ചു.ഇവ പുന:സ്ഥാപിച്ചിട്ടില്ല.
പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാമെന്നു കമ്പനി ഉറപ്പു നൽകിയെങ്കിലും സ്ഥാപിച്ചില്ല.നിർമാണപ്രവർത്തനത്തിന്റെ ഭാഗമായി മലിന ജലം ഒഴുകിയെത്തുന്നതു മനുഷ്യാവകാശ ലംഘനമാണെന്ന് അംഗം വി.ഗീത പറഞ്ഞു. ചവറ പഞ്ചായത് സെക്രട്ടറിയും സമാനമായ രീതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
Tags : Local News Kollam Nattuvishesham