വിഷ്ണു രഘുനാഥ്
ചമ്പക്കുളം: നാവികസേന ഉദ്യോഗസ്ഥനും കൈനകരി തോട്ടുവാത്തല പഴയാറ്റിൽ രഘുനാഥ് - ജിജാമോൾ ദമ്പതികളുടെ മകനുമായ വിഷ്ണു രഘുനാഥി (ഉണ്ണി-26)ന് ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. ദേശീയ കാനോയിംഗ് കയാക്കിംഗ് താരമായ വിഷ്ണുരാജും സഹപ്രവർത്തകനായ ആലപ്പുഴ നെഹ്റു ട്രോഫി വാർഡ് ഇത്തിപ്പറമ്പ് വീട്ടിൽ ഐ.എ. അനന്തകൃഷ്ണനും ഞായറാഴ്ച പുലർച്ചെയാണ് ഭോപ്പാലിൽ ബൈക്ക് അപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം കൊച്ചി നാവിക ആസ്ഥാനത്ത് അന്തിമോപചാരം അർപ്പിച്ചശേഷം ഉച്ചയോടെ കൈനകരി തോട്ടുവാത്തലയിലെ വീട്ടിൽ എത്തിച്ചു.
മുൻ കയാക്കിംഗ് താരമായ ജീജമോളുടെ മകനാണ് മരണപ്പെട്ട വിഷ്ണു. അമ്മയുടെ പാത പിൻതുടർന്ന് കയാക്കിംഗ് തെരഞ്ഞെടുത്ത വിഷ്ണു കുറഞ്ഞ നാളുകൾകൊണ്ട് നിരവധി മെഡലുകൾ കരസ്ഥമാക്കിയിരുന്നു. 2017 ൽ കൊച്ചിയിൽ നേവൽ ബേസിൽ ജോലിയിൽ പ്രവേശിച്ചു. പോലീസിൽ സബ് ഇൻസ്പെക്ടർ ജോലി ലഭിച്ചെങ്കിലും നാവികസേനയിൽ കായിക താരത്തിനുള്ള സാധ്യതകൾ മുന്നിൽക്കണ്ട് അതിൽത്തന്നെ തുടരുകയായിരുന്നു. സർവീസസ് താരമായ വിഷ്ണു കയാക്കിംഗ് 200 മീറ്ററിലെ ഒന്നാം സ്ഥാനക്കാരനാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുത്തുവരവെയാണ് ഭോപ്പാലിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണം സംഭവിക്കുന്നത്.
വള്ളത്തെയും വെള്ളത്തെയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന വിഷ്ണു 2019 ൽ നെഹ്റു ട്രോഫി നേടിയ നടുഭാഗം ചുണ്ടനിലെ തുഴച്ചിൽതാരവുമായിരുന്നു. 2013 മുതൽ കയാക്കിംഗ് ഇനത്തിൽ മത്സരങ്ങളിൽ പങ്കെടുത്തുവന്ന വിഷ്ണു 2015 ൽ ആലപ്പുഴയിൽ നടന്ന ദേശീയ ഗെയിംസിൽ വെള്ളി നേടിയിരുന്നു.
പിന്നീട് ഒരു തിരിഞ്ഞുനോട്ടത്തിന് ഇട നല്കാത്തവിധം ഒരു കുതിപ്പിലായിരുന്നു. ദേശീയ മീറ്റിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള വിഷ്ണു രാജ്യത്തെ പ്രതിനിധീകരിച്ച് ജർമനിയിൽ നടന്ന വേൾഡ് ചാമ്പ്യൻ ഷിപ്പിലും പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം ഭോപ്പാലിൽ നടന്ന ദേശീയ ജൂണിയർ കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ വിഷ്ണു നാവികസേനയിൽ ചീഫ് പെറ്റി ഓഫീസർ ആയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് നാവികസേനയുടെ പ്രത്യേക ഫ്യൂണറൽ സെറിമണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഏക സഹോദരി രശ്മി.
Tags : a local rower who died in the accident nattuvisesham local news