പേരൂര്‍ക്കട: തൈക്കാട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്ന ഗോള്‍ഡന്‍ വാലി നിധി ലിമിറ്റഡ് എന്ന പണമിടപാടുസ്ഥാപനത്തിന്റെ ഉടമയെ കൂടുതല്‍ പരാതികള്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് വീണ്ടുംഅറസ്റ്റ് രേഖപ്പെടുത്തി. നേമം സ്റ്റുഡിയോ റോഡ് നക്ഷത്രയില്‍ എം. താര കൃഷ്ണനെ (51) യെയാണ് വീണ്ടും പോലീസ് അറസ്റ്റുചെയ്തത്.
ഇടപാടുകാരില്‍നിന്ന് പണം നിക്ഷേപമായി സ്വീകരിക്കുകയും കാലാവധി പൂർത്തീകരിച്ചിട്ടും തിരികെ നല്‍കാതെ വരികയും ചെയ്തതോടെയാണു പോലീസില്‍ പരാതികള്‍ ലഭിക്കുന്നത്. ഇതിനിടെ സ്ഥാപനം പൂട്ടിപ്പോയതോടെ താര കാനഡയിലേക്ക് പറക്കുകയായിരുന്നു. ഇവിടെ ഒളിവില്‍ക്കഴിഞ്ഞുവന്ന ഇവര്‍ മടക്കയാത്രയ്ക്കിടെ ഒക്ടോബര്‍ 30ന് ബംഗളൂരുവിലെ കെമ്പഗൗഡ എയര്‍പോര്‍ട്ടില്‍നിന്നാണ് പിടിയിലായത്.
നിക്ഷേപകര്‍ക്ക് തുക മടക്കിനല്‍കാമെന്ന ഉപാധിയിലാണ് കോടതിയില്‍നിന്ന് താര ദിവസങ്ങള്‍ക്കുമുമ്പ് ജാമ്യം നേടിയത്. എന്നാല്‍ കൂടുതല്‍ പരാതികള്‍ ഇവര്‍ക്കെതിരേ ഉണ്ടായതോടുകൂടിയാണ് ഇവരെ വീണ്ടും അറസ്റ്റുചെയ്തതെന്നു തമ്പാനൂര്‍ പോലീസ് പറഞ്ഞു. കാട്ടാക്കട, ആര്യനാട്, പട്ടം, തിരുമല, ആലപ്പുഴയിലെ ഹരിപ്പാട് എന്നിവിടങ്ങളിലും ഗോള്‍ഡന്‍വാലിക്ക് ശാഖകളുണ്ട്. ശാര്‍ക്കര മുക്കോലവട്ടം ദേവീക്ഷേത്രത്തിനുസമീപം വൈഷ്ണവം വീട്ടില്‍ സാജന് (43) നല്കിയ പരാതിയിലുണ്ടായ അന്വേഷണത്തിലാണ് താര ആദ്യമായി അറസ്റ്റിലായത്. സാജനു നഷ്ടപ്പെട്ടത് ഏഴുലക്ഷം രൂപയാണ്.
തിരുവനന്തപുരം സ്വദേശിയായ ഒരു സ്ത്രീയുടെ സ്ഥിരനിക്ഷേപ തുകയായ 20 ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് താരയെ ഇപ്പോള്‍ അറസ്റ്റുചെയ്തിരിക്കുന്നത്. കാന്‍സര്‍ രോഗിയായ ഒരു സ്ത്രീ താന്‍ നിക്ഷേപിച്ച 70,000 രൂപ നഷ്ടപ്പെട്ടുവെന്നു കാണിച്ച് പോലീസില്‍ നല്കിയിരിക്കുന്നതാണ് മൂന്നാമത്തെ പരാതി. ഗോള്‍ഡന്‍ വാലിയുടെ മറ്റൊരു എംഡിയായ തോമസ് കുവൈറ്റില്‍ ഒളിവില്‍ക്കഴിഞ്ഞു വരികയാണ്. ഇയാളെ പിടികൂടുന്നതിനും കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനും തമ്പാനൂര്‍ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ താരയെ കോടതി റിമാന്‍ഡ് ചെയ്തു.