തൊടുപുഴ: അറക്കുളം പഞ്ചായത്തിൽ എകെജി ജംഗ്ഷനിൽ തൊടുപുഴയാറിനു കുറുകെ നിർമിക്കുന്ന കോണ്ക്രീറ്റ് പാലത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. ഇതിനായി ആറു കോടി രൂപ അനുവദിച്ചുകൊണ്ടുള്ള ഫയലിൽ സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.
ടൂറിസം വികസനത്തിന് കുതിപ്പേകുന്ന കോണ്ക്രീറ്റ് പാലം നിർമിക്കണമെന്നത് നാട്ടുകാരുടെ ഏറെക്കാലമായ ആവശ്യമായിരുന്നു. ഇതിനായി പ്രാഥമിക സർവേ, സോയിൽ ടെസ്റ്റ്, എസ്റ്റിമേറ്റ് എന്നിവ തയാറാക്കി ബജറ്റിൽ പ്രഖ്യാപനം നടത്തിയിരുന്നു.
നിലവിലുള്ള തൂക്കുപാലത്തിന് സമീപമാണ് 11 മീറ്റർ വീതിയുള്ള പുതിയ കോണ്ക്രീറ്റ് പാലം നിർമിക്കുന്നത്. ഇതിനായി ആരംഭഭാഗത്ത് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിയും പൂർത്തീകരിച്ചിരുന്നു. പാലം യാഥാർഥ്യമാകുന്നതോടെ മൂലമറ്റം, അറക്കുളം ഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ മൂന്നു കിലോമീറ്ററോളം ദൂരം കുറയും.
നിലവിലുള്ള റോഡ് വീതി കൂട്ടി മുന്നുങ്കവയൽ, കൂവപ്പള്ളി, ഇലവീഴാപ്പൂഞ്ചിറവഴി ഈരാറ്റുപേട്ടയ്ക്ക് ഗതാഗതസൗകര്യം ഒരുക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതുവഴി ഇരാറ്റുപേട്ടയിലേക്ക് 18 കിലോമീറ്ററോളം ദൂരം ലാഭിക്കാനും കഴിയും. ഇതിനു സമീപത്തായി വിനോദസഞ്ചാരികൾക്കായി മൂലമറ്റം പവർ ഹൗസിന്റെ മിനിയേച്ചർ മോഡൽ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.