മന്ത്രി കെ.ബി.ഗണേഷ് കുമാർ തലച്ചിറ അസീസിന്റെ വീട്ടിലെത്തിലെത്തി പാർട്ടി അംഗത്വം നല്കി കേരളകോൺഗ്രസ് ബിയിലേക്കു സ്വീകരിക്കുന്നു.
കൊല്ലം: വെട്ടിക്കവലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ പുകഴ്ത്തുകയും അദ്ദേഹത്തിനായി വോട്ട് അഭ്യർഥിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസിൽനിന്നും പുറത്തായ തലച്ചിറ അസീസിനെ കേരള കോൺഗ്രസ് ബിയിലേക്കു സ്വീകരിച്ചു മന്ത്രി കെ.ബി.ഗണേഷ്കുമാർ. അസീസിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് മന്ത്രി അദ്ദേഹത്തെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തത്. കഴിഞ്ഞ ദിവസമാണ് അസീസിനെ കോൺഗ്രസ് പുറത്താക്കിയത്. പിന്നാലെയായിരുന്നു കേരള കോൺഗ്രസ് ബിയിലേക്കു തലച്ചിറ അസീസ് കളം മാറ്റി ചവിട്ടിയത്. സംഭവത്തിനു പിന്നാലെ കോണ്‍ഗ്രസ് കൊല്ലം വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു തലച്ചിറ അസീസിനെ നീക്കുകയും പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തിരുന്നു.
സത്യം പറഞ്ഞതിനാണ് തലച്ചിറ അസീസിനെ കോണ്‍ഗ്രസ് പുറത്താക്കിയതെന്നു കൂടിക്കാഴ്ചയ്ക്കുശേഷം കെ.ബി.ഗണേഷ്കുമാര് പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ സത്യം പറയാൻ പാടില്ല.സത്യം പറയുന്നവരുടെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ് കോൺഗ്രസ് രീതി. സന്തോഷത്തോടെ അസീസിനെ കേരള കോൺഗ്രസ്-ബിയിലേക്കു സ്വാഗതം ചെയ്യുകയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.പാർട്ടി അംഗത്വം നല്കി ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. കേരള കോൺഗ്രസ് -ബി പാർട്ടി നേതാക്കളും നിരവധി പ്രവർത്തകരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം വെട്ടിക്കവലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ പുകഴ്ത്തികൊണ്ടുള്ള അസീസിന്റെ പ്രസംഗം. ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ കൂടി വേദി പങ്കിടുന്ന ചടങ്ങിൽ വച്ചായിരുന്നു തലച്ചിറ അസീസ് അദ്ദേഹത്തെ വാനോളം പുകഴ്ത്തുകയും നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും അദ്ദേഹത്തെ വിജയിപ്പിക്കണമെന്ന് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തതും.
നാടിനു ഗുണം ചെയ്യുന്ന, ജാതി നോക്കാതെ, മതം നോക്കാതെ, വർണം നോക്കാതെ, വർഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലമുള്ള മരമാണ് കെ.ബി. ഗണേഷ് കുമാർ. കായ്ക്കാത്ത മച്ചി മരങ്ങളും ഇവിടെ കടന്നുവരും, അവരെ തിരിച്ചറിയണം. അതു പൂക്കില്ലാ, കായ്ക്കില്ലാ എന്ന് തിരിച്ചറിഞ്ഞ് കൊണ്ടു നമ്മുടെ പ്രിയപ്പെട്ട നേതാവിനെ മഹാഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയായ്യാറാകണം -അസീസ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലില്‍ നില്‍ക്കെ എല്‍ഡിഎഫ് മന്ത്രിക്കു വോട്ട് അഭ്യർഥിച്ചു കോണ്‍ഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ പ്രസംഗം നാട്ടിലാകെ ചര്‍ച്ചയായിരുന്നു. ഇദ്ദേഹം പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയും ആരോപിച്ചത്. പിന്നാലെയായിരുന്നു ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പിന്നീട് വീട്ടിലെത്തി മന്ത്രി സ്വീകരിച്ചതും.
Tags : Local News Kollam Nattuvishesham