മണ്ണാറശാല ആയില്യ മഹോത്സവത്തിനായി ഒരുക്കിയിരിക്കുന്ന അലങ്കാര ഗോപുരം.
ഹരിപ്പാട്: മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന് മഹാദീപക്കാഴ്ചയോടെ തുടങ്ങും. ചൊവ്വാഴ്ചയാണ് പൂയം തൊഴൽ. ബുധനാഴ്ച ആയില്യം എഴുന്നള്ളത്തും പൂജയും നടക്കും.
ഇന്ന് വൈകിട്ട് 3.30ന് നാഗരാജപുരസ്കാര സമർപ്പണം. കവിയും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുതിർന്ന കുടുംബാംഗം എം.ജി. ജയകുമാർ അധ്യക്ഷത വഹിക്കും.
ഹരിപ്പാട് നഗരസഭാ ചെയർമാൻ കെ.കെ. രാമകൃഷ്ണൻ സമാദരണവും കേരള കലാമണ്ഡലം കൂടിയാട്ട അധ്യാപകൻ ജിഷ്ണു പ്രതാപ് പുരസ്കാരദാന ആമുഖപ്രസംഗവും നടത്തും. കുടുംബ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി, ഇളയ കാരണവർ എം.കെ. കേശവൻ നമ്പൂതിരി എന്നിവർ പുരസ്കാരദാനം നിർവഹിക്കും. എം.എസ്. വാസൻ പ്രശംസാപത്ര സമർപ്പണം നടത്തും. ചെങ്ങന്നൂർ കഥകളി ആസ്വാദന സമിതി സെക്രട്ടറി കെ. ഹരിശങ്കർ, ബാസ് മണ്ണാറശാല, എൻ. ജയദേവൻ എന്നിവർ പ്രസംഗിക്കും.
ക്ഷേത്രകലകളിലെ പ്രഗത്ഭരായ കലാനിലയം രാഘവൻ(നാട്യം), കലാമണ്ഡലം ചന്ദ്രികാ മേനോൻ (നൃത്തം), വി.വി. സുബ്രഹ്മണ്യം (ഗീതം), കുറൂർ വാസുദേവൻ നമ്പൂതിരി (വാദ്യം) എന്നിവർക്കർക്കാണ് നാഗരാജ പുരസ്കാരം നൽകി ആദരിക്കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
ആയില്യത്തിനു മുന്നോടിയായി നടത്തുന്ന കാവിൽപ്പൂജയും നാഗരാജാവിനും സർപ്പയക്ഷിക്കും മുഴുക്കാപ്പുചാർത്തലും പുണർതം നാളിൽ പൂർത്തിയാകും. വൈകിട്ട് അഞ്ചിനു നടതുറക്കും. പിന്നാലെ മഹാദീപക്കാഴ്ച തുടങ്ങും. പൂയം നാളായ നാളെ ആയില്യത്തിനു മുന്നോടിയായി മണ്ണാറശാല വലിയമ്മ സാവിത്രി അന്തർജനം നടത്തിവന്ന വിശേഷാൽ പൂജകൾ പൂർണമാകും. അനന്തന്റെ ഭാവത്തിലുള്ള തിരുവാഭരണങ്ങളാണ് അന്ന് നാഗരാജാവിനു ചാർത്തുന്നത്.
ആയില്യം നാളായ 11ന് പുലർച്ചെ നാലിന് നടതുറക്കും. 8 മുതൽ വലിയമ്മ ഇല്ലത്തെ നിലവറയ്ക്കു സമീപം ഭക്തർക്കു ദർശനം നൽകും. ഉച്ചപൂജയ്ക്കുശേഷം ഇല്ലത്തെ കാരണവരുടെ മേൽനോട്ടത്തിൽ നിലവറയ്ക്കു സമീപത്തെ തളത്തിൽ നാഗപദ്മക്കളം വരയ്ക്കും.
ശംഖ് വാദ്യത്തിന്റെയും കുരവയുടെയും അകമ്പടിയിലാണിത്. കളം പൂർത്തിയാകുമ്പോൾ വലിയമ്മ ശ്രീകോവിലിലെത്തും. പൂജകൾക്കുശേഷം നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി കിഴക്കേനടയിലേക്ക് എഴുന്നള്ളും.
ഇളയമ്മ സർപ്പയക്ഷിയുടെയും കാരണവന്മാർ നാഗചാമുണ്ഡി, നാഗയക്ഷി തിടമ്പുകളുമായി അനുഗമിക്കും. എഴുന്നള്ളത്ത് ഇല്ലത്തെ നിലവറയ്ക്കു സമീപത്തെ തളത്തിൽ എത്തിച്ചേരുമ്പോൾ നാഗക്കളങ്ങളിൽ തിടമ്പുകൾ സമർപ്പിച്ച് വലിയമ്മ ആയില്യം പൂജ തുടങ്ങും. ഒൻപതു മണിക്കൂറോളം നീളുന്ന പൂജകൾ പുലർച്ചെയാണ് പൂർണമാകുന്നത്.