ഹൈദരലി
നിലന്പൂർ: പതിനാറ് വയസുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനരയാക്കിയ പ്രതിക്ക് 30 വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുളായി താഴെ പിലാക്കോട്ടുപാടം കൊളങ്ങര ഹൈദരലി (48) യെയാണ് ശിക്ഷിച്ചത്. 2021 മാർച്ച് മാസത്തിലും 2022 ജൂണ്‍ മാസത്തിലും പരാതിക്കാരനെ പണം നൽകി വശീകരിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പൂക്കോട്ടുംപാടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിലന്പൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് കെ.പി. ജോയ് ആണ് ശിക്ഷ വിധിച്ചത്. പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന സി.എൻ. സുകുമാരൻ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉമ്മുൽ സമീമ കേസന്വേഷണത്തിൽ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി. പ്രോസിക്യൂഷൻ ലൈസണ്‍ വിംഗിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി തവനൂർ ജയിലിലേക്ക് അയച്ചു.
Tags : Local News Malappuram Nattuvishesham