ഇടുക്കി: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് വിഭാഗം അധികൃതർ അറിയിച്ചു. രണ്ട് ഘട്ടമായി നടത്തുന്ന തെരഞ്ഞെടുപ്പിൽ ഡിസംബർ ഒൻപതിനാണ് ജില്ലയിൽ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 13 നാണ് വോട്ടെണ്ണൽ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തെരഞ്ഞെടുപ്പ് നോട്ടീസ് പരസ്യപ്പെടുത്തലും 14നാണ്. നാമനിർദേശ പത്രിക 14 മുതൽ 21 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 22ന് നടക്കും. സ്ഥാനാർഥിത്വം 24 വരെ പിൻവലിക്കാം.
ആകെ 1,192 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇതിൽ 1,119 പോളിംഗ് സ്റ്റേഷനുകൾ പഞ്ചായത്തുകളിലും 73 എണ്ണം മുനിസിപ്പാലിറ്റികളിലുമാണ്. പോളിംഗ്സ്റ്റേഷനുകളിലേക്കുള്ള സാധനസാമഗ്രികളുടെ വിതരണത്തിനും വോട്ടെടുപ്പിനുശേഷമുള്ള അവയുടെ ശേഖരണത്തിനും ആവശ്യമായ വിതരണ സ്വീകരണകേന്ദ്രങ്ങൾ കണ്ടെത്തി.
ജില്ലയിൽ ബ്ലോക്ക് തലത്തിൽ എട്ട് കേന്ദ്രങ്ങളും മുനിസിപ്പാലിറ്റി തലത്തിൽ രണ്ട് കേന്ദ്രങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സെക്ടറൽ ഓഫീസർമാരെയും നിയോഗിച്ചു. പഞ്ചായത്തിൽ നൂറും മുനിസിപ്പാലിറ്റിയിൽ ഏഴും സെക്ടറുകളാണുള്ളത്.
ജില്ലയിൽ 2,194 കണ്ട്രോൾ യൂണിറ്റ്, 6,467 ബാലറ്റ് യൂണിറ്റ് എന്നിവ തെരഞ്ഞെടുപ്പിനായി സജ്ജമാക്കി. വരണാധികാരി, ഉപവരണാധികാരി, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, ബ്ലോക്കുതല ട്രെയിനർമാർ എന്നിവർക്ക് പരിശീലനം നേരത്തേ സംഘടിപ്പിച്ചിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം
പഞ്ചായത്ത് -52
മുനിസിപ്പാലിറ്റി -2
ബ്ലോക്ക് പഞ്ചായത്ത് -8
ജില്ലാ പഞ്ചായത്ത് -1
വാർഡ് -ഡിവിഷനുകൾ
പഞ്ചായത്ത് -834
മുനിസിപ്പാലിറ്റി - 73
ബ്ലോക്ക് പഞ്ചായത്ത് -112
ജില്ലാപഞ്ചായത്ത് -17