മുപ്ലിയത്ത് ഫയർഫോഴ്സ് സിലിണ്ടറിൽനിന്നു ഗ്യാസ് ചോർത്തിക്കളയുന്നു.
മുപ്ലിയം: വീട്ടിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. മുപ്ലിയം കുഞ്ഞക്കര സ്വദേശി വട്ടോലിപ്പറന്പിൽ ജലജയുടെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെയാണു സംഭവം.
അടുക്കളയിൽ ഉപയോഗിക്കാതെ വച്ചിരുന്ന സിലിണ്ടറിന്റെ അടിഭാഗത്തുനിന്നാണു ഗ്യാസ് ചോർന്നത്. എഴുപത്തഞ്ചുകാരിയായ ജലജ ഇത് അറിഞ്ഞിരുന്നില്ല. മകളുടെ മകൻ അച്യുതാനന്ദൻ വീട്ടിലെത്തിയപ്പോഴാണ് ഗ്യാസിന്റെ മണം അറിഞ്ഞത്. ഉടൻ സിലിണ്ടർ പുറത്തേക്ക് എടുത്തുമാറ്റി. ഗ്യാസ് ഏജൻസിയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പോലീസ് കണ്ട്രോൾ റൂമിൽ അറിയിച്ചതിനെത്തുടർന്ന് വരന്തരപ്പിള്ളി പോലീസും പുതുക്കാടുനിന്നു ഫയർഫോഴ്സും എത്തി സിലിണ്ടറിൽനിന്നു ഗ്യാസ് മുഴുവൻ ചോർത്തിക്കളഞ്ഞു.
എച്ച്പിയുടെ പുതുക്കാട് ഏജൻസിയിൽനിന്ന് ഒരുമാസം മുൻപാണു സിലിണ്ടർ എത്തിച്ചതെന്നു വീട്ടുകാർ പറഞ്ഞു. ഗ്യാസ് ചോർച്ച അറിയാതെ ജലജ പാചകംചെയ്യാനോ മറ്റോ ശ്രമിച്ചിരുന്നെങ്കിൽ വൻ ദുരന്തമുണ്ടായേനെ. ഗാരന്റിയുള്ള സിലിണ്ടറിൽനിന്ന് ഗ്യാസ് ചോർന്നതുമായി ബന്ധപ്പെട്ട് ഗ്യാസ് ഏജൻസിക്കെതിരേ നിയമനടപടിക്കൊരുങ്ങുകയാണു വീട്ടുകാർ.
Tags : Mupliyat; disaster averted nattuvisesham local news