തൃപ്പൂണിത്തുറ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കാഹളമുയർന്നതോടെ രാജനഗരിയിൽ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് മൂന്നു മുന്നണികളും. വാർഡുകളുടെ എണ്ണം 49ൽ നിന്ന് 53 ആയി ഉയർന്നപ്പോൾ വാർഡുകളുടെ അതിരുകൾ മാറിയതു മൂലം ചില വാർഡുകളിൽ വിധി നിർണയം മാറിമറിയുമെന്നാണ് വിലയിരുത്തൽ.
നിലവിലെ കൗൺസിലിൽ എൽഡിഎഫ് 23, ബിജെപി 17, യുഡിഎഫ് 8, സ്വതന്ത്രൻ 1 എന്നതാണ് കക്ഷിനില. ഈ തെരഞ്ഞെടുപ്പിലും ഒരു കക്ഷിക്കും തനിച്ച് ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെങ്കിലും തനിച്ച് ഭരിക്കാൻ കഴിയുമെന്ന അമിത ആത്മവിശ്വാസത്തിലാണ് ബിജെപി തന്ത്രങ്ങൾ മെനയുന്നത്.
ടൗൺ വാർഡുകളിൽ കൂടുതലും ഇക്കുറി വനിതാ സംവരണമാണ്. ഈ വാർഡുകളിൽ
ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. എൽഡിഎഫും ഒറ്റയ്ക്ക് ഭരിക്കാൻ കഴിയുമെന്ന പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. എരൂരിലും തിരുവാങ്കുളം ഭാഗത്തും അടക്കം സീറ്റുകളുടെ എണ്ണം വർധിപ്പിച്ച് നില മെച്ചപ്പെടുത്താമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. സ്ഥാനാർഥികളുടെ പേരിനുള്ള സ്ഥലം ഒഴിവാക്കിക്കൊണ്ട് ചുമരെഴുത്ത് നടത്തി പ്രചരണത്തിൽ യുഡിഎഫ് മുന്നേറ്റം നടത്തി. കാര്യമായ പ്രശ്നങ്ങളില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനും ഇത്തവണ കോൺഗ്രസിനു കഴിഞ്ഞു.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് പൊതുവിൽ മൂന്നു മുന്നണികളിലും ധാരണയായി കഴിഞ്ഞു. വാശിയേറിയ മത്സരത്തിന് മുന്നണികൾ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെങ്കിലും പുതിയതായി വാർഡുകളിലുണ്ടായിട്ടുള്ള പാർപ്പിട സമുച്ചയങ്ങളിലെ വോട്ടുകളായിരിക്കും പകുതിയിലധികം വാർഡുകളിലും വിധിനിർണയത്തിൽ നിർണയകമാകുക. ആ വാർഡുകളായിരിക്കും രാജനഗരി ഇത്തവണ ആരു ഭരിക്കുമെന്ന കാര്യത്തിലും തീരുമാനമെടുക്കുക.
Tags : Local News Ernakulam Nattuvishesham