നഗരസഭയ്ക്ക് റോഡിനായി ഭൂമി നൽകിയ ഭൂഉടമസ്ഥർ ആധാരം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രന് കൈമാറുന്നു.
കുന്നംകുളം: കുന്നംകുളത്തെ പുതിയ ബസ്റ്റാൻഡിൽ നിന്നും ഭാവന റോഡിലേക്ക് പുതിയ റോഡ് യാഥാർത്ഥ്യമാകാൻ 9.85 സെന്റ് സ്ഥലം വിട്ടുനൽകി സ്ഥല ഉടമകൾ. പത്തുവര്ഷത്തെ നീണ്ട ശ്രമഫലത്തിനുശേഷമാണ് കുന്നംകുളം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്ഡില് നിന്നും വടക്കുഭാഗത്തേക്ക് പുതിയ റോഡ് വരുന്നത്.
ഭാവന തീയേറ്ററിനടുത്തെ സ്മിതാസ് ബേക്കറിക്ക് അപ്പുറത്തുള്ള ടി.കെ. രാധാകൃഷ്ണന് റോഡിലേയ്ക്കെത്തുന്ന രീതിയിലാണ് പുതിയ റോഡ് യാഥാർത്ഥ്യമാകുന്നത്. വീതിയുള്ള പുതിയ റോഡിനായി തങ്ങളുടെ സ്ഥലം വിട്ടുനൽകാൻ സമീപത്തെ സ്ഥലഉടമകൾ തയ്യാറാവുകയും നഗരസഭയുമായി ധാരണയിൽ എത്തുകയുമാണ് ഉണ്ടായത്.
കുന്നംകുളത്തെ പഴയ കച്ചവടക്കാരായ കുന്നത്തെ അങ്ങാടി ചെമ്മണ്ണൂര് വീട്ടില് സി.സി. ജോബ്, മാത്യു സക്കറിയ, വര്ഗീസ് സക്കറിയ എന്നീ സഹോദരങ്ങളാണ് നഗരസഭയുടെ പ്രധാന പദ്ധതിക്കായി സ്ഥലം നല്കിയത്. നഗരസഭയിലെത്തി സ്ഥലമുടമകള് ഭൂമിയുടെ ആധാരം നഗരസബാധികൃതർക്ക് കൈമാറി. ഇതോടെ റോഡുപണി എത്രയും വേഗത്തില് പൂര്ത്തിയാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് ചെയര്പേഴ്സണ് സീത രവീന്ദ്രന് പറഞ്ഞു.
വൈസ് ചെയര്പേഴ്സണ് സൌമ്യ അനിലന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്, പ്രിയ സജീഷ്, പി.കെ ഷെബീര്, വാര്ഡ് കൌണ്സിലര് മിനി മോണ്സി, മറ്റ് കൌണ്സിലര്മാര്, സെക്രട്ടറി കെ.കെ മനോജ്, എ.എക്സ.ഇ ബിനയ് ബോസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
സ്ഥലം ലഭിച്ചതോടെ പുതിയ ബസ് സ്റ്റാന്ഡില് നിന്ന് 77 മീറ്റര് നീളത്തിലുള്ള റോഡ് വേഗത്തില് പൂര്ത്തിയാക്കും. ഇതോടെ കോഴിക്കോട് പാലക്കാട് ഭാഗത്തുനിന്നും വരുന്ന ബസ്സുകൾക്ക് പഴയ ട്രഷറി ഓഫീസിനു മുന്നിലൂടെ പോകാതെ നേരെ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കും. തുടർന്ന് ചേരുന്ന ട്രാഫിക് അഡ്വൈസറി യോഗത്തിന് ശേഷം ആയിരിക്കും ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുക. ഈ ഭാഗത്തെ ഗതാഗതക്കുരുക്കിനു വലിയ ആശ്വാസമാകുന്ന കാര്യമാകും ഇത്. ഈ ഭരണസമിതിയുടെ വികസന പ്രവര്ത്തനങ്ങളുടെ തുടർച്ചയായാണ് ഭരണസമിതി പടിയിറങ്ങുമ്പോള് മറ്റൊരു പൊന്തൂവല് കൂടിയായി ബസ് സ്റ്റാന്ഡില് നിന്നുമുള്ള പുതിയ റോഡെന്ന സ്വപ്നം യാഥാർഥ്യമാകുന്നത്.
Tags : vacate land near Kunnamkulam nattuvisesham local news