പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സംഘടിപ്പിച്ച പായസചലഞ്ച്.
കാഞ്ഞിരപ്പുഴ: കൂട്ടുകാർക്ക് കൂടൊരുക്കാൻ കുട്ടിക്കൂട്ടത്തിന്റെ പായസ ചലഞ്ച്. പൊറ്റശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി, എൻഎസ്എസ്, സ്കൗട്ട്സ് ആൻസ് ഗൈഡ്സ് യൂണിറ്റുകളുടെ കൂടൊരുക്കൽ പദ്ധതിയിൽ നിർമിക്കുന്ന ആറാമത്തെ സ്നേഹവീടിനായാണ് കുട്ടികൾ പായസചലഞ്ച് സംഘടിപ്പിച്ചത്.
സ്കൂളിൽ പഠിക്കുന്ന പിതാവ് മരണപ്പെട്ട ഏറ്റവും അർഹരായ രണ്ട് സഹപാഠികൾക്കായാണ് കുട്ടികൾ സ്നേഹവീടൊരുക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തിയ പാലടപായസം ചലഞ്ചിൽ 3250 ലിറ്റർ പായസമാണ് കുട്ടികൾ വിതരണം ചെയ്തത്. ഏകദേശം 3 ലക്ഷം രൂപ കുട്ടികൾ ഈ പരിപാടിയിലൂടെ സ്നേഹവീടിനായി സ്വരൂപിച്ചു.
കുട്ടികൾ ഒരാഴ്ചമുന്പ് വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഓർഡറുകൾ സ്വീകരിച്ച് അടുത്ത ദിവസങ്ങളിൽ പായസം എത്തിച്ചു നൽകി. കഴിഞ്ഞ മാസം കുട്ടികൾ നടത്തിയ സ്ക്രാപ്പ് ചലഞ്ചിൽ നിന്നും സ്വരൂപിച്ച ഒരു ലക്ഷത്തോളം രൂപ കൊണ്ടാണ് കുട്ടികൾ വീടിന്റെ തറപ്പണി പൂർത്തിയാക്കിയത്.
തുടർപ്രവർത്തനങ്ങൾക്കായാണ് കുട്ടികൾ പായസചലഞ്ച് സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ പി. സന്തോഷ് കുമാർ, പിടിഎ പ്രസിഡന്റ് ജയരാജ് മാസ്റ്റർ, പ്രധാനാധ്യാപിക സാജിത ബീഗം, കൂടൊരുക്കൽ കമ്മിറ്റി കണ്വീനർ മൈക്കിൾ ജോസഫ്, ഭാരവാഹികളായ ദിവ്യ അച്യുതൻ, എസ്. സനൽ കുമാർ, മഞ്ജു പി. ജോയ്, എച്ച്. അനീസ്, അധ്യാപകരായ കെ.സി. മുരുകൻ, ഒ.എസ്. അനീഷ , വി.എം. വിജയലക്ഷ്മി, ലീഡർമാരായ അയന ബാബു, ലക്ഷ്മിനന്ദ, എൻ. ശ്വേത, സൂരജ് കൃഷ്ണ, അനഘ കൃഷ്ണ, സ്നേഹ സുബിൻസ്, എം. സ്നിതിൻ എന്നിവർ നേതൃത്വം നൽകി.
Tags : Kuttikutta's nattuvisesham local news